കാലിഫോർണിയ: ഉറങ്ങാൻ കിടന്നുകഴിഞ്ഞാൽ നേരം പുലരുവോളം യൂട്യൂബിൽ കുത്തിക്കൊണ്ടിരിക്കുന്നത് പതിവാക്കിയവരും ഏറെനേരം യൂട്യൂബ് നോക്കി അതിനിടയിൽ ഉറക്കത്തിലേക്ക് വഴുതി വീഴുന്നവരുമാണ് നമ്മളിൽ പലരും. ഇങ്ങനെ ഉറക്കത്തിന്റെ ക്രമം നമ്മിൽ പലർക്കും കുഴഞ്ഞുമറിഞ്ഞ് നാളുകളായിട്ടുണ്ടാകും. ഇനിയിതാ അങ്ങനെ ക്രമം തെറ്രിയ ഉറക്കം വേണ്ട. ഉപഭോക്താക്കൾക്ക് ഉറങ്ങാനുള്ള മുന്നറിയിപ്പ് നൽകാനൊരുങ്ങുകയാണ് ഗൂഗിൾ ഉടമസ്ഥതയിലുള്ള യൂട്യൂബ്.
'ബെഡ്ടൈം റിമൈന്റേഴ്സ്' എന്ന പുതിയ തരം അറിയിപ്പ് നൽകി അർത്ഥരാത്രിയും സർഫ് ചെയ്യുന്നവരെ ഉറക്കാൻ സഹായിക്കുന്നതാണിത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ളാറ്റ്ഫോമുകളിൽ ഈ സംവിധാനം വൈകാതെ ലഭ്യമാകും. മൊബൈൽ ഉപയോഗിക്കുന്നവർക്ക് മാത്രമാകും ഇങ്ങനെ ബെഡ്റ്റൈം റിമൈന്റേഴ്സ് നൽകുക എന്ന് കമ്പനി അറിയിച്ചു.
മുൻപ് ഏറെ നേരം വീഡിയോകൾ തിരയുന്നവർക്ക് 'ടേക് എ ബ്രേക്ക്' എന്ന സംവിധാനം കൊണ്ടുവന്നിരുന്നു. ഇതിൽ സമയക്രമം തീരുമാനിക്കാൻ ഉപഭോക്താവിന് അവസരം നൽകിയിരുന്നു. അതുപോലെ തന്നെ 'ബെഡ്ടൈം റിമൈന്റേഴ്സ്' നും സമയക്രമം സ്വയം തീരുമാനിക്കാം. വീഡിയോയ്ക്കിടയിലോ വീഡിയോയുടെ അവസാനമോ എപ്പോഴാണ് ഓർമ്മിപ്പിക്കേണ്ടത് എന്നും ഉപഭോക്താവിന് തീരുമാനിക്കാം. കൊവിഡ് രോഗബാധയെ തുടർന്ന് വീടുകളിൽ തന്നെയായ ജനങ്ങൾ പകുതി സമയവും ചിലവഴിക്കുക ഇന്റർനെറ്റ് മുഖേനയാണ്. അതിൽ നല്ലൊരു പങ്ക് യുട്യൂബ് കാണാൻ തിരഞ്ഞെടുക്കുന്നു. ഇവരുടെ ഉറക്കക്രമം തെറ്രുന്നു എന്ന പരാതി സ്ഥിരമായതോടെയാണ് യുട്യൂബ് ഇത്തരമൊരു പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |