SignIn
Kerala Kaumudi Online
Thursday, 31 July 2025 5.28 PM IST

കേശവചന്ദ്രോദയം: നാളെ സി.കേശവന്റെ 130-ാമത് ജന്മദിനം

Increase Font Size Decrease Font Size Print Page

c-kesavan

അവശ പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുണർത്തിയ വീരേതിഹാസമാണ് സി.കേശവന്റെ ജീവിതം.അധ:സ്ഥിതനെ അധികാരത്തിന്റെ ഏഴയലത്തുപോലും അടുപ്പിക്കാതിരുന്ന സാമൂഹ്യവ്യവസ്ഥിതികളോട് അനുസ്യൂതം പോരാടി തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്റിപദംവരെ അലങ്കരിച്ച സി.കേശവന്റെ ജീവിതം കേരളനവോത്ഥാനചരിത്രത്തിലെ സുവർണ അദ്ധ്യായമാണ്.
ശ്രീനാരായണഗുരുവിനോടുള്ള കറകളഞ്ഞഭക്തിയും ഗുരുദേവ ദർശനം മുറുകെപ്പിടിച്ച ജീവിതവുമായിരുന്നു അദ്ദേഹത്തിന്റെ വിജയമന്ത്റം.1891 മേയ് 23 ന് കൊല്ലം ജില്ലയിലെ മയ്യനാട് തട്ടാന്റെകിഴക്കേതിൽ കുഞ്ചേൻ -ചക്കി ദമ്പതികളുടെ മകനായാണ് കേശവൻ ജനിച്ചത്.സാമ്പത്തികമായി ഏറെ പരിമിതികളുള്ള കുടുംബത്തിലാണ് തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസതുല്യനായ സിംഹപരാക്രമി പിറവിയെടുത്തത്.അനീതിക്കും അസമത്വത്തിനും എതിരെ തുറന്നുപിടിച്ച കണ്ണുംകാതുമാണ് ജനിച്ചുവളർന്ന സമുദായത്തിന്റെ ദുഃഖഭാരം ചുമലിലേ​റ്റാൻ അദ്ദേഹത്തെ നിർബ്ബന്ധിതനാക്കിയത്.1930 കളുടെ അവസാനം മുതൽ തിരുവിതാംകൂറിലെയും പിന്നീട് ഐക്യകേരളത്തിലേയും ലക്ഷക്കണക്കിന് അധഃസ്ഥിതപിന്നാക്ക സമുദായങ്ങൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്വാതന്ത്റ്യം ആ മഹാത്മാവിന്റെ നിർവിഘ്നപോരാട്ടഫലമാണ്.
പീഡിതരും മർദ്ദിതരുമായ ജനങ്ങളുടെയും നീഗ്രോകളുടെയും നേതാവായിരുന്ന ബുക്കർ ടി.വാഷിംഗ്ടൻ ആയിരുന്നു സി.കേശവന്റെ മാതൃകാപുരുഷൻ.സ്ഥിരോത്സാഹം,സത്യനിഷ്ഠ,ജാത്യാഭിമാനം,നിസ്വാർത്ഥത എന്നിവയുടെ വിളനിലമായ അടിമനേതാവിന്റെ സവിശേഷതകൾ മനസിൽ പ്രതിഷ്ഠിച്ച് ഉന്നതവിദ്യാഭ്യാസത്തിന്റെ പടവുകൾ താണ്ടിയ കേശവൻ 1925ൽ നിയമബിരുദം പൂർത്തിയാക്കി കൊല്ലത്ത് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.1929-30 കാലഘട്ടത്തിൽ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ സിവിൽ ആജ്ഞാലംഘനസമരം കൊടുമ്പിരികൊള്ളുന്നവേളയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മദ്യവർജ്ജന പ്രക്ഷോഭത്തിലൂടെയാണ് സി.കേശവൻ പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
സമൂഹ്യപ്രശ്നങ്ങളിൽ ഇടപെട്ട് ഒരുതികഞ്ഞ ദേശീയവാദിയായി അറിയപ്പെട്ട സി.കേശവൻ പെട്ടെന്ന് സമുദായവാദിയായി മാറുന്ന കാഴ്ചയാണ് പിന്നീട് തിരുവിതാംകൂർ കണ്ടത്.അതുപക്ഷേ സ്ഥായിയായ സ്വഭാവമാ​റ്റമായിരുന്നില്ല.അദ്ദേഹത്തെ അതിന് നിർബന്ധിതമാക്കിയതാണ്.രാജവാഴ്ചയുടെ തണലിൽ അർഹമായതിലും അധികം ആനുകൂല്യങ്ങൾ കരസ്ഥമാക്കിയ സവർണസമുദായങ്ങൾ കാലാകാലങ്ങളിലുണ്ടാകുന്ന ഭരണപരിഷ്‌കാരങ്ങളിലൂടെ കൂടുതൽ അവസരങ്ങൾ കൈക്കലാക്കുകയും താൻ ജനിച്ചുവളർന്നതുൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങൾ അധികാരസ്ഥാനങ്ങളിൽ നിന്ന് ആട്ടിയക​റ്റപ്പെടുകയും ചെയ്യുന്നതുകണ്ടുനിൽക്കാനാവാതെയാണ് കേശവനിലെ ദേശിയവാദി കുറഞ്ഞൊരുകാലത്തേക്കെങ്കിലും സമുദായവാദിയായി പരിണമിച്ചത്.1932ൽ ഉദ്യോഗനിയമനം,ജനപ്രതിനിധിസഭ പ്രാതിനിധ്യം എന്നിവയിൽ നീതിനിഷേധിക്കപ്പെട്ട തുല്യദുഖിതരായ ക്രിസ്ത്യൻ, ഈഴവ ,മുസ്ലീം സമുദായങ്ങൾ ചേർന്ന് സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിക്കുകയും അതിന്റെ നേതൃത്വത്തിലേക്ക് സി.കേശവനെ അവരോധിക്കുകയും ചെയ്തതോടെ തിരുവിതാംകൂറിന്റെ രാഷ്ട്രീയരംഗം പ്രക്ഷുബ്ദമായി.1933 ജനുവരി 25ന് തിരുവിതാംകൂർ സംയുക്തരാഷ്ട്രീയസമിതി സർക്കാരിനെതിരെ നിവർത്തനപ്രക്ഷോഭം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണമായിരുന്നു ആദ്യസമരമുറ.ഇതിന്റെ പ്രഖ്യാപനവുമായി തിരുവിതാംകൂറിനെ ഇളക്കിമറിച്ച സി.കേശവന്റെ പ്രസംഗങ്ങളും പ്രവർത്തനവും ഭരണാധികാരികളുടെ സ്വസ്ഥതനശിപ്പിച്ചു.1934ൽ പബ്ലിക് സർവീസ് കമ്മീഷനെ നിയമിച്ചും,1935 ൽ സായുധസേനയിലെ നായർവിഭാഗത്തിന്റെ കുത്തക അവസാനിപ്പിച്ചുകൊണ്ടും സർക്കാർ നയങ്ങളിൽ മാ​റ്റംവരുത്തി.1935 മേയ് 13ന് കോഴഞ്ചേരിയിൽ സി.കേശവൻ നടത്തിയ പ്രസംഗം നിവർത്തനപ്രക്ഷോഭത്തിന്റെ വിജയം മാത്രമല്ല,തിരുവിതാംകൂർ രാഷ്ട്രീയത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുകയും ചെയ്തു.ഒരു ഉദ്യോഗസ്ഥൻ എന്നതിനപ്പുറം രാജകുടുംബത്തിൽ സർ.സി.പി ചെലുത്തുന്ന ദുസ്വാധീനത്തെക്കുറിച്ചും കേശവൻ തുറന്നടിച്ചു.അതിന്റെപേരിൽ രണ്ടുവർഷത്തെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നെങ്കിലും 1936 ആഗസ്​റ്റ് 16ന് തിരുവിതാംകൂറിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പുതിയ ഭരണപരിഷ്‌കാരം നിലവിൽവന്നു.തൊട്ടടുത്തവർഷം നടത്തിയ തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം മത്സരിപ്പിച്ച 10 സ്ഥാനാർത്ഥികൾ ഉൾപ്പെടെ സംയുക്തരാഷ്ട്രീയസഭ നിറുത്തിയ മുഴുവൻ ആളുകളും വിജയിച്ച് ജനപ്രതിനിധിസഭയിൽ അംഗങ്ങളായി.1937 ൽ രാഷ്ട്രീയതടവുകാർക്കുള്ള പൊതുമാപ്പ് ആനുകൂല്യം നൽകി സി.കേശവനെ ജയിൽ മോചിതനാക്കി.എസ്.എൻ.ഡി.പി യോഗം കേവലമൊരു ഭജനസമിതിയല്ലെന്നും അത്യാവശ്യഘട്ടങ്ങളിൽ സടകുടഞ്ഞുണരുന്ന സിംഹക്കുട്ടികളുടെ രാഷ്ട്രീയവേദിയാണെന്നും സി.കേശവൻ തെളിയിച്ചു.
ജയിൽ മോചിതനായ ശേഷം 1937 ഒക്ടോബർ 3(1112 കന്നി 17) ന് ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനിയിൽ നടന്ന സ്വീകരണസമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്ന മലയാളമനോരമ പത്രാധിപർ കെ.സി.മാമ്മൻ മാപ്പിള സി.കേശവനെ 'കിരീടം വെയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിക്കുകയും സ്വീകരണപരിപാടിയെക്കുറിച്ച് 'കേശവചന്ദ്രോദയം ദർശിച്ച ആലപ്പുഴ സമ്മേളനം' എന്ന് സ്വന്തംപത്രത്തിൽ റിപ്പോർട്ട് നൽകുകയും ചെയ്തു.ടി.എം.വർഗീസായിരുന്നു ചടങ്ങിൽ സ്വാഗതം പറഞ്ഞത്.ഇതേത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് തിരുവിതാംകൂർ സ്‌​റ്റേ​റ്റ് കോൺഗ്രസ് രൂപീകരണത്തിനും ഉത്തരവാദഭരണപ്രക്ഷോഭണത്തിനും തുടക്കമായത്.പട്ടം താണുപിള്ള, സി.കേശവൻ, ടി.എം.വർഗീസ് എന്നീ ത്രിമൂർത്തികളായിരുന്നു സ്​റ്റേ​റ്റ് കോൺഗ്രസ് നേതാക്കൾ.1947 ആഗസ്​റ്റ് 19ന് സർ.സി.പി ദിവാൻപദവി രാജിവച്ചു.അതോടെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ തിരുവിതാംകൂറിൽ ജനാഭിലാഷം സാദ്ധ്യമാക്കിക്കൊണ്ട് 1948 മാർച്ച് 24ന് പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ സി.കേശവൻ,ടി.എം.വർഗീസ് എന്നിവരടങ്ങുന്ന മൂന്നംഗ മന്ത്റിസഭ അധികാരമേ​റ്റു.ഏഴുമാസക്കാലം മാത്രമായിരുന്നു ഈ മന്ത്റിസഭയുടെ ആയുസ്.തുടർന്ന് 1951 സെപ്തംബർ 6ന് സി.കേശവൻ തിരുകൊച്ചിയുടേയും മുഖ്യമന്ത്റിയായി.ആറുമാസം മാത്രമായിരുന്നു മന്ത്റിസഭയുടെ കാലാവധിയെങ്കിലും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന കടുത്തശത്രുക്കളെപ്പോലും നിരാശരാക്കി, വിമർശനത്തിനോ അഴിമതി ആരോപണത്തിനോ അവസരം നൽകാതെയാണ് സർക്കാർ അധികാരം നടപ്പിലാക്കിയത്.
ശ്രീനാരായണഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠാപരിപാടിതൊട്ട് കേരളത്തിൽ നടന്നുവന്ന സാമൂഹ്യനവോത്ഥാനത്തിന്റെ രാഷ്ട്രീയവിജയംകൂടിയായിരുന്നു സി.കേശവന്റെ പോരാട്ടചരിത്രം.പ്രത്യയശാസ്ത്രങ്ങളുടെ പേരിൽ കുടുംബകാരണവർ കൂടിയായ സി.വി കുഞ്ഞുരാമനോടുപോലും എതിരിടേണ്ടിവന്ന സന്ദർഭവും മുഖ്യമന്ത്റിയായിരിക്കെ രാജ്യതാത്പര്യത്തിന്റെപേരിൽ രണ്ടുതവണ സ്വന്തം മകനെ (കെ.ബാലകൃഷ്ണൻ) അറസ്​റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ ഉത്തരവിടുകയും ചെയ്ത വേറിട്ടനേതാവുമാണ് അദ്ദേഹം.നിയമം നിയമത്തിന്റെവഴിയെപോകുമെന്ന് പൊതുവേദിയിൽ പറയുകയും മക്കളുടെ കാര്യംവരുമ്പോൾ നിയമത്തിന്റെ വഴിമുടക്കുകയും ചെയ്യുന്ന രാഷ്ട്രീയഭരണ നേതാക്കളെയാണ് ഇക്കാലത്ത് മലയാളിക്ക് സുപരിചിതം.അവിടെയാണ് രാഷ്ട്രീയസമരത്തിന്റെ പേരിൽ സ്വന്തംമകനെ അറസ്​റ്റുചെയ്ത് സാധാരണക്കാരനെപ്പോലെ മൂന്നാംക്ലാസ് ജയിലിൽ പാർപ്പിച്ച് മാതൃകകാട്ടിയത്.പിന്നീട് തന്റെ ആത്മകഥയ്ക്ക് അതേ മകനെക്കൊണ്ടുതന്നെ അവതാരിക എഴുതിച്ചതും മലയാളസാഹിത്യചരിത്രത്തിലെ അത്യപൂർവ സംഭവമായിരുന്നു.മാതുലനും എസ്.എൻ.ഡി.പി യോഗം സ്ഥാപകനേതാക്കളിൽ പ്രമുഖനും കേരളകൗമുദി സ്ഥാപകനുമായ സി.വി.കുഞ്ഞുരാമന്റെ മകൾ വാസന്തിയെയാണ് സി.കേശവൻ വിവാഹം കഴിച്ചത്.രവീന്ദ്രനാഥൻ, കൗമുദിവാരികയുടെ മുൻ പത്രാധിപർ കെ.ബാലകൃഷ്ണൻ,ഭദ്റൻ,ഇന്ദിരക്കുട്ടി,ഐഷ എന്നിവരാണ് മക്കൾ.1969 ജൂലായ് 7ന് 78ാമത്തെ വയസിൽ ആ മഹാത്മാവ് അന്ത്യനിദ്റ പ്രാപിച്ചു.
രാജഭരണം കഴിഞ്ഞു,ജനാധിപത്യം പുലർന്നു. ഐക്യകേരളവും പ്രായപൂർത്തിവോട്ടവകാശവും,വിദ്യാഭ്യാസ ഉദ്യോഗ സംവരണങ്ങളുമെല്ലാം നടപ്പിലായി.എന്നാൽ ജനാധിപത്യഭരണം പുലർന്ന് ഒരുനൂ​റ്റാണ്ട് പൂർത്തിയാകുംമുമ്പേ അധ:കൃത ജനലക്ഷങ്ങളെ പിന്നോട്ടടിക്കുന്ന പ്രവണതയാണ് കാണുന്നത്.ജീവൻകൊടുത്ത് പോരാടിനേടിയ സാമൂഹ്യനീതിയും അവസരസമത്വവും എങ്ങനെ ഇല്ലായ്മചെയ്യാമെന്ന കാര്യത്തിലാണ് മതേതരഗവേഷകർ എത്തിനിൽക്കുന്നത്. ഒരുവശത്ത് വോട്ട് ബാങ്ക് രാഷ്ട്രീയവും ന്യൂനപക്ഷപ്രീണനവും മറുവശത്ത് ഭൂരിപക്ഷസമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ അടവുനയങ്ങളുമാണ് കേരളത്തിൽ നടമാടുന്നത്. ജനസംഖ്യാനുപാതികമായി വിഭവങ്ങൾ പങ്കുവയ്ക്കപ്പെടുമ്പോഴല്ലാതെ സാമൂഹ്യനീതി നടപ്പിലായെന്ന് അവകാശപ്പെടാനാവില്ല.അതുകൊണ്ടുതന്നെ സി.കേശവൻ ഉയർത്തിയ മുദ്റാവാക്യങ്ങൾ കേരളത്തിൽ ഇന്നും പ്രസക്തമാണെന്നതാണ് അദ്ദേഹത്തിന്റെ ദീപ്തസ്മരണകൾ ഉദ്‌ബോധിപ്പിക്കുന്നത്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.