SignIn
Kerala Kaumudi Online
Wednesday, 09 July 2025 1.06 PM IST

റംസാനിലെ ചന്ദ്രിക

Increase Font Size Decrease Font Size Print Page

ramzan

വിശ്വാസികളുടെ കാരുണ്യബോധവും സഹനശീലവും ഊട്ടിയുറപ്പിക്കുന്ന വിശുദ്ധ റംസാന് പരിസമാപ്തി കുറിക്കുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. കൊവിഡ് 19 ന്റെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വീടിനകത്ത് കുടുംബാംഗങ്ങളോടൊപ്പം ഈദ് നമസ്‌കാരം നിർവഹിച്ച് സംതൃപ്തരാവുക. ഈദുൽ ഫിത്തർ ദിനത്തിൽ ദൈവത്തിന്റെ മാലാഖമാർ വിശ്വാസി സമൂഹത്തോട് വിളിച്ച് പറയും 'നിങ്ങളെ ആദരിക്കുകയും നിങ്ങൾക്ക് എണ്ണമറ്റ പ്രതിഫലം ചൊരിഞ്ഞ് തരികയും ചെയ്യുന്ന ഉദാരനായ ദൈവത്തിൽ പ്രതീക്ഷയർപ്പിച്ച് കൊള്ളുക, അവൻ നിങ്ങളോട് വ്രതമെടുക്കാൻ കൽപിച്ചപ്പോൾ നിങ്ങൾ വ്രതമെടുത്തു. രാത്രി നമസ്‌കരിക്കാൻ പറഞ്ഞപ്പോൾ അതും നിർവ്വഹിച്ചു. നിങ്ങൾ ദൈവത്തോടുള്ള അനുസരണം പൂർത്തിയാക്കിയതിനാൽ അവനിൽ നിന്നുള്ള പുരസ്‌കാരം സ്വീകരിച്ച് കൊള്ളുക'.

ഈദ് ദിനത്തിൽ ഒരാൾപോലും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. അതിനാണ് ഈദ് നമസ്‌കാരത്തിന് മുന്നോടിയായി സക്കാത്ത് കൊടുക്കണമെന്ന് പറഞ്ഞത്. റംസാൻ നോമ്പിലെ വീഴ്ചകൾ പരിഹരിക്കുന്നതും സക്കാത്തിലൂടെയാണ് 'നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും' (പ്രവാചക വചനം). ഓരോ വിശ്വാസിയും തനിക്കും താൻ ചിലവ് കൊടുക്കാൻ ബാധ്യസ്ഥരായ മുഴുവൻ ആളുകൾക്കും സക്കാത്ത് കൊടുക്കണം.

സമാധാനത്തിന്റെ ശാന്തി മന്ത്രങ്ങളാണ് പെരുന്നാളിൽ മുഴങ്ങുന്ന തക്ബീർ ധ്വനികൾ. ലോകമെമ്പാടും കൊവിഡ് വിതച്ച സങ്കടങ്ങൾ നിറയുമ്പോൾ ദൈവ സൂക്തങ്ങൾ കൊണ്ട് മാനവരെ സന്തോഷിപ്പിക്കുവാൻ വിശ്വാസിക്ക് സാധ്യമാവണം. 'അറിയുക, ദൈവസ്മരണയിലൂടെ മാത്രമാണ് ഹൃദയങ്ങൾക്ക് സമാധാനമുണ്ടാവുക'(ഖുർആൻ 13:28).

ആത്മീയതയുടെ തപസ് നിർവഹിച്ചവർക്കുള്ള ആഘോഷമാണ് ഈദ്. ഒരു പെരുന്നാൾ ദിനത്തിൽ പ്രവാചക ഗൃഹത്തിൽ വെച്ച് പെൺകുട്ടികൾ പാട്ട് പാടിയപ്പോൾ പ്രവാചകന്റെ അരുമ ശിഷ്യൻ അബൂബക്കർ നീരസം പ്രകടിപ്പിച്ചു. അദ്ദേഹം പറഞ്ഞു : 'പ്രവാചക ഭവനത്തിലാണോ നിങ്ങളുടെ പാട്ടും ബഹളവും'. വിനിയാന്വിതനായ പ്രവാചകൻ പറഞ്ഞു:'അബൂബക്കർ, അവരെ ഉല്ലസിക്കാൻ അനുവദിക്കുക. എല്ലാ സമൂഹങ്ങൾക്കും ആഘോഷങ്ങളുണ്ട്. ഇത് നമ്മുടെ ആഘോഷദിനമാണ്'.

വിശ്വസാഹോദര്യത്തിന്റെ വക്താക്കളെന്ന നിലയിൽ ഇതര മതസ്ഥരോടും സമുദായങ്ങളോടും സ്‌നേഹവും സഹകരണവും ഊട്ടിയുറപ്പിക്കാനും സാദ്ധ്യമാവണം.

കൊവിഡ് സമൂഹത്തെ പിരിമുറുക്കമുള്ളതാക്കിയിരിക്കുന്നു. പുഞ്ചിരിയും നർമ്മബോധവും കൈമാറി ഈ മാനസിക സംഘർഷങ്ങളെ മറികടക്കാൻ നമുക്ക് സാദ്ധ്യമാവണം. ഈദ് ദിനത്തെ അതിന് വേണ്ടി പ്രയോജനപ്പെടുത്തുക. പ്രവാചകൻ (സ) ധാരാളം തമാശ പറയാറുണ്ടായിരുന്നു. ഒരിക്കൽ വൃദ്ധയായ ഒരു സഹോദരിയോട് പറഞ്ഞു:'വൃദ്ധകളൊന്നും സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല'. വൃദ്ധ ഏറെ ദുഃഖിതയായി. പ്രവാചകൻ പറഞ്ഞു : 'വൃദ്ധകളായി ആരും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. യുവതികളായിട്ടായിരിക്കും എല്ലാവരേയും സ്വർഗ്ഗത്തിലേക്ക് കടത്തി വിടുക എന്നതാണ് ഞാനുദ്ദേശിച്ചത്'. പ്രവാചകൻ നർമ്മരൂപത്തിൽ ഒരു വസ്തുത പറയുകയായിരുന്നു. നർമ്മഭാഷണം കൊണ്ടും തമാശ പറഞ്ഞും നമ്മുടെ വീടുകളിൽ സന്തോഷം തിരിച്ച് പിടിക്കാൻ ശ്രമിക്കുക.

ഈദ് ആഘോഷങ്ങൾക്കിടയിലും പ്രാർത്ഥനാ നിർഭരമാവണം നമ്മുടെ മനസ്സ്. നിരവധി ലക്ഷ്യങ്ങളെ മുൻനിർത്തി നമുക്ക് പ്രാർത്ഥിക്കാനുണ്ട്. കൊവിഡിൽ മരണപ്പെട്ട സഹോദരങ്ങൾക്ക്, അവരുടെ കുടുംബാംഗങ്ങൾക്ക് ക്ഷമയും ധൈര്യവും സ്ഥൈര്യവും ലഭിക്കുന്നതിന് വേണ്ടി, പ്രവാസികളുടെ കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിന് വേണ്ടിഅല്ലാഹു അക്ബർ - 'അല്ലാഹു വലിയവനാണ്' അവനിൽ പ്രതീക്ഷയർപ്പിക്കാം. അവൻ വൈറസ് മുക്തമായ ലോകക്രമം നമുക്കായി സമ്മാനിക്കും. 'നിങ്ങൾ ദൈവ കാരുണ്യത്തിൽ നിന്ന് നിരാശപ്പെടരുത്' (ഖുർആൻ 12:87)

(ലേഖകൻ പാളയം ഇമാം, തിരുവനന്തപുരം)

ലീഡ്

പ്രവാചകൻ പറഞ്ഞു:'അവരെ ഉല്ലസിക്കാൻ അനുവദിക്കുക. എല്ലാ സമൂഹങ്ങൾക്കും ആഘോഷങ്ങളുണ്ട്. ഇത് നമ്മുടെ ആഘോഷദിനമാണ്'.

TAGS: RAMZAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.