നമ്മുടെ ഓർമ്മകൾ ഒരു തലമുറയ്ക്കപ്പുറം പിന്നാക്കം പോകാൻ മടിയ്ക്കുന്നവയാണ്. ഒരു പക്ഷേ സാഹിത്യം നമ്മെ ചരിത്രത്തോട് ചേർത്തു നിർത്തിയേക്കാം.ഫ്രഞ്ച് നോവലിസ്റ്റ് ആൽബർട്ട് കമ്യൂവിന്റെ 'പ്ലേഗ്' എന്ന നോവൽ ഇക്കാലത്ത് വീണ്ടും വായിക്കപ്പെട്ടാൽ അദ്ഭുതപ്പെടാനൊന്നുമില്ല.
ഫ്രഞ്ച് അൾജീരിയൻ നഗരമായ ഒറാനിൽ പ്ലേഗ് പടരുന്ന കഥയാണു നോവൽ പറയുന്നത്. അധികൃതരെ കാര്യങ്ങൾ അറിയിക്കുന്നവരെ ആദ്യം പുച്ഛിച്ചു തള്ളുന്നു. സത്യം ആദ്യം മറച്ചു വയ്ക്കപ്പെടുന്നു. എന്നാൽ മരണം താണ്ഡവമാടാൻ തുടങ്ങുമ്പോൾ നഗരം അടയ്ക്കുന്നു. റെയിൽ ഗതാഗതം നിറുത്തുന്നു. ക്വാറന്റൈൻ നിലവിൽ വരുന്നു. നഗരം വിടാൻ അനുമതി തേടുന്ന റെയ്ഷൺ റംബർട്ടീന് അനുമതി നിഷേധിക്കപ്പെടുന്നു. അയാൾ അധോ ലോകത്തിന്റെ സഹായത്തോടെ രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നു. എന്നാൽ പിന്നീട് വോളന്റിയറായി പ്ലേഗ് ബാധിച്ചവരെ സഹായിക്കുന്നു. ഉറ്റവരെ നഷ്ടപ്പെടുമ്പോൾ ഒരു ശരിയായ സംസ്‌കാരം പോലും നടത്താനാവാത്ത അവസ്ഥ. വാക്സീൻ നിർമ്മാണ ശ്രമങ്ങൾ... ചില കള്ളക്കടത്തുകാർ കൂടുതൽ ധനികരാകുന്നു... എങ്കിലും ആകെത്തുകയെടുക്കുമ്പോൾ മനുഷ്യന്റെ ആത്യന്തികമായ നന്മയ്ക്ക് തിന്മയെക്കാൾ പ്രാധാന്യം.
എന്തേ ഇത് 1940 കളാണോ അതോ 2020 ആണോ എന്നു സംശയം തോന്നുന്നോ?
99 ലെ വെള്ളപ്പൊക്കവും 2018 ൽ പ്രളയം വരുന്നതുവരെ നാം മറന്നു പോയിരുന്നല്ലോ. 'വെള്ളപ്പൊക്കത്തിൽ' എന്ന തകഴിയുടെ കഥ 2018 ൽ വീണ്ടും വായിയ്ക്കപ്പെട്ടതും ഓർക്കുമല്ലോ.
സ്പാനിഷ് ഫ്ളൂ
1918-19 കാലഘട്ടത്തിലെ സ്പാനിഷ് ഫ്ളൂവിന് എങ്ങിനെ ആ പേരു വന്നു ? ഒന്നാം ലോക മഹായുദ്ധകാലത്താണ് ഫ്ളൂ പൊട്ടിപ്പുറപ്പെട്ടത്. ബ്രിട്ടീഷ് പട്ടാളക്കാരുടെ ഇടയിലും രോഗം പടർന്നു പിടിച്ചു. എന്നാൽ യുദ്ധസമയത്ത് ജനങ്ങളുടെ ആത്മവീര്യം ചോർന്നു പോകാതിരിക്കാൻ ഇക്കാര്യം സഖ്യ ശക്തികൾ മറച്ചു വച്ചു. ഫാക്ടറികളിൽ പനിമൂലം ഹാജർ കുറഞ്ഞ് അത് സമ്പദ് വ്യവസ്ഥ യെ ബാധിച്ചു തുടങ്ങി. എങ്കിലും ഇതൊന്നും കാര്യമായി പത്രങ്ങൾ റിപ്പോർട്ടു ചെയ്തില്ല. സ്‌പെയിൻ അന്ന് യുദ്ധത്തിൽ പക്ഷം പിടിക്കാത്ത രാജ്യമായിരുന്നു. അതു കൊണ്ടു തന്നെ ഫ്ളൂവിന്റെ യഥാർത്ഥ കണക്കും ചരിത്രവും സ്‌പെയിൻ കൃത്യമായി റിപ്പോർട്ടു ചെയ്തു കൊണ്ടിരുന്നു. അതു കൊണ്ട് ഫ്ളൂവിന് സ്പാനിഷ് ഫ്ളൂ എന്ന പേരു വീണു!
അഞ്ചു കോടി ആളുകൾ മരിച്ചു വീണു. മരിച്ചവരിൽ ഒരു കോടി ജനങ്ങൾ ഇന്ത്യാക്കാരായിരുന്നു. ലോകമാകെ താണ്ഡവമായിയ ഫ്ളൂ ലോക സമ്പദ് വ്യവസ്ഥയെ വല്ലാതെ ബാധിച്ചു. ബോംബെയും മദ്രാസും ഫ്ളൂ വല്ലാതെ ബാധിച്ച നഗരങ്ങളായിരുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന ജനങ്ങളെ അറസ്റ്റു ചെയ്യുന്നതും ക്വാറന്റൈൻ ലംഘിക്കുന്നവരെ പിടികൂടുന്നതുമൊക്കെയായ ചിത്രങ്ങൾ നാം പാടേ മറന്നു പോയി. അന്നത്തെ പല ചിത്രങ്ങളും പത്ര വാർത്തകളും ഇന്ന് നമ്മിൽ കൗതുകമുണർത്തുന്നു...
1919 ലെ പത്രപ്പരസ്യം
1919 ലെ ഒരു പത്രപ്പരസ്യം വളരെ കൗതുകകരമായി തോന്നി. 'കടയിൽ പോകാതിരിയ്ക്കൂ ഫോണിലൂടെ ഓർഡർ ചെയ്യൂ' എന്ന പരസ്യം! ഇന്നു നാം ഓൺ ലൈൻ ഓർഡറും ടെലി മെഡിസിനുമൊക്കെ ഉപയോഗപ്പെടുത്തുന്നു. സാങ്കേതിക വിദ്യയിൽ മാറ്റമുണ്ടെങ്കിലും നൂറു കൊല്ലം മുൻപും ഇതൊക്കെത്തന്നെ നടന്നിരുന്നു എന്നത് അദ്ഭുതമുണർത്തുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിൽ റാണി ഗൗരി പാർവ്വതീ ബായി കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ വാക്സീൻ കൊണ്ടുവന്നതും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഡോക്ടർമാരെ കനത്ത ശമ്പളം കൊടുത്തു നിയമിച്ചതും ചരിത്രം. നാട്ടു വൈദ്യന്മാരെ വാക്സിൻ പ്രചാരണത്തിന് ഉപയോഗിച്ചത് ഭരണാധികാരികളുടെ പ്രത്യുല്പന്നമതിത്വത്തിന് ഉദാഹരണം. ധർമ്മാശുപത്രികൾ സ്ഥാപിച്ചതും അവിടെ ജനങ്ങൾക്കു സൗജന്യ ചികിത്സ ഉറപ്പാക്കിയതും കേരളത്തിന്റെ ആരോഗ്യ രംഗത്തിന് അടിത്തറ പാകി. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ
ശ്രീനാരായണഗുരു
ശ്രീനാരായണഗുരു വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സാമാന്യ ജനങ്ങളുടെ ഇടയിലുണ്ടാക്കിയ അവബോധം പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിന് ഏറെ സഹായകരമായി.
സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചു ചാട്ടം കാര്യങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്നത് എളുപ്പമാക്കിയിട്ടുണ്ട്. വിവരങ്ങൾക്കു വൻ വിലയുള്ള കാലമായി ഇക്കാലം രൂപാന്തരപ്പെട്ടിരിയ്ക്കുന്നു. ഇത്തരം വലിയ മാറ്റങ്ങൾ ചരിത്രത്തെ വളച്ചൊടിയ്ക്കുമോ നേർരേഖയിലാക്കുമോ എന്നൊന്നും ഇപ്പോൾ പറയാൻ കഴിയുകയില്ല.
നാളെ കോവിഡ് 19 ഏതു വിധത്തിൽ ചരിത്രം രേഖപ്പെടുത്തും? . സാമാന്യം സത്യസന്ധമായി ചരിത്രം രേഖപ്പെടുത്തി വയ്ക്കാൻ ജനം മറന്നു പോകാതിരിയ്ക്കട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |