തിരുവനന്തപുരം: ആപ്പ് വന്നോ മക്കളേ... സോഷ്യൽ മീഡിയയിൽ ഒരാഴ്ചയായി പ്രചരിക്കുന്ന ട്രോളുകളിലെ ചോദ്യമാണ്.
മദ്യം ഓൺലൈനായി വിൽക്കാനുള്ള ബെവ്ക്യൂ ആപ്പാണ് വിഷയം.ആപ്പ് തയാറായാലേ സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിക്കൂ. അതിനാൽ മദ്യപന്മാരായ അപ്പാപ്പൻമാർ ആപ്പ് റെഡിയാകുന്നതും കാത്തിരിക്കുന്നതാണ് ട്രോളിന്റെ പ്രമേയം. ഛോട്ടാ മുംബൈ എന്ന സിനിമയിൽ നടൻ മുൻഷി വേണു അവതരിപ്പിച്ച വൃദ്ധനായ കഥാപാത്രം ‘മോനെ ഷക്കീല വന്നോ’ എന്ന് ചോദിക്കുന്ന രംഗമുണ്ട്. ആ ചിത്രം കൂടി ചേർത്ത് വച്ച് അവതരിപ്പിക്കുന്ന ട്രോളുകൾ നമ്മെ പൊട്ടിച്ചിരിപ്പിക്കും.
വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ ഇപ്പം ശര്യാക്കിത്തരാം എന്ന് കുതിരവട്ടം പപ്പു പറയുന്ന ഡയലോഗ് വച്ചും ട്രോളുകൾ ഇറങ്ങുന്നുണ്ട്. ആപ്പ് എപ്പോൾ ശരിയാക്കുമെന്ന് സർക്കാർ ചോദിക്കുമ്പോൾ സ്റ്റാർട്ടപ്പ് കമ്പനി അധികൃതർ പപ്പുവിനെപ്പോലെ ഡയലോഗ് പറയുകയണ്. ‘ഇത് ചെറുത്... ഇപ്പം ശര്യാക്കിത്തരാം....
ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏറ്റവുമധികം തെരയുന്ന ആപ്പുകളിൽ ഒന്നാണ് ബെവ്ക്യൂ ആപ്പ്. മദ്യപന്മാരുടെ തെരച്ചിൽ കാരണം പ്ലേ സ്റ്റോർ പൊറുതിമുട്ടി എന്നാണ് ട്രോളന്മാർ പറയുന്നത്. മൊബൈലിൽ കളിച്ചിരിക്കുന്നതിന് മക്കളെ ചീത്ത പറഞ്ഞിരുന്ന അച്ഛൻ ആപ്പ് വന്നോ എന്നു നോക്കാൻ പറയുന്നതു വരെയെത്തി കാര്യങ്ങളെന്ന് മറ്റൊരു ട്രോൾ. എന്തായാലും ആപ്പ് ഉടൻ ശരിയായില്ലെങ്കിൽ ട്രോളന്മാരുടെ ആക്രമണത്തിന് ബെവ്കോ ഇരയാകുമെന്ന് ഉറപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |