SignIn
Kerala Kaumudi Online
Sunday, 06 July 2025 2.40 AM IST

''ചേരിയിലാണ് ജനിച്ചത്,​ അച്ഛനും രണ്ട് സഹോദരന്മാരും മരിച്ചു, സിനിമാ നടിയായത് അമ്മയ്‌ക്ക് വേണ്ടി''

Increase Font Size Decrease Font Size Print Page
aiswarya-rajesh

കഴിവ് കൊണ്ട് പ്രേക്ഷകരുടെ ഹൃദയംകീഴടക്കിയ നടിയാണ് ഐശ്വര്യ രാജേഷ്. കാക്കമുട്ടൈ എന്ന ചിത്രത്തിലെ അമ്മ വേഷമായിരുന്നു ഐശ്വര്യയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. 2018 ലെ സ്‌പോർട്സ് ഡ്രാമ ചിത്രമായ കന, 2019 നമ്മ വീട്ടുപിള്ളെ ,​ മലയാളത്തിൽ ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ സിനിമകളും ഐശ്വര്യയ്ക്ക് വിജയങ്ങൾ നേടി കൊടുത്തു. എന്നാൽ ചേരിയിൽ ജനിച്ച് വളർന്ന താൻ ഇവിടം വരെ എത്തിയത് വലിയ കഷ്ടപാടുകളിലൂടെയാണെന്ന് പറയുകയാണ് നടിയിപ്പോൾ. ഒരു വേദിയിലാണ് തന്റെ ജീവിത വിജയങ്ങളെ കുറിച്ച് നടി പറയുന്നത്. ഇത് സോഷ്യൽ മീഡിയയിലൂടെ തരംഗമായി കൊണ്ടിരിക്കുകയാണ്.

ഐശ്വര്യയുടെ വാക്കുകൾ
വേദനയും വിജയവും സന്തോഷവും സ്‌നേഹവും നിറഞ്ഞതായിരുന്നു എന്റെ യാത്ര. ചേരിയിലാണ് ഞാൻ ജനിച്ച് വളർന്നത്. മൂന്ന് മുതിർന്ന സഹോദരങ്ങൾക്ക് ഏക അനിയത്തിയായിരുന്നു. അച്ഛനും അമ്മയുമടക്കം ഞങ്ങൾ ആറ് പേരാണ് ഒരു ചെറിയ വീട്ടിൽ താമസിച്ചിരുന്നത്. എനിക്ക് എട്ട് വയസുള്ളപ്പോഴായിരുന്നു അച്ഛൻ മരിക്കുന്നത്.

അച്ഛനില്ലെന്ന തോന്നലുണ്ടാക്കാതെയാണ് അമ്മ ഞങ്ങളെ വളർത്തിയത്. ഒരു പോരാളിയായിരുന്നു അമ്മ. താനിന്ന് നാല് പേർ അറിയുന്ന വ്യക്തിത്വമായി തീർന്നതിന് പിന്നിൽ എന്റെ അമ്മയുടെ കഠിനാധ്വാനമാണ്. എന്റെ മാതൃഭാഷ തെലുങ്കാണ്. അമ്മയ്ക്ക് തെലുങ്ക് മാത്രമാണ് അറിയുന്നത്. ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ല. വളരെയധികം കഷ്ടപ്പെട്ടാണ് ഞങ്ങൾ നാല് പേരെ വളർത്തിയത്.

അമ്മ ബോംബെയിൽ പോയി വില കൂടിയതും അല്ലാത്തതുമായ സാരികൾ വാങ്ങി ചെന്നൈയിൽ കൊണ്ട് വന്ന് വില്‍ക്കുമായിരുന്നു. എൽഐസി ഏജന്റായും റിയൽ എസ്‌റ്റേറ്റ് മേഖലയിലും അമ്മ ജോലി ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് ഉയർന്ന വിദ്യാഭ്യാസം തന്നു.

എനിക്ക് 12-13 വയസുള്ളപ്പോൾ മുതിർന്ന സഹോദരൻ രാഘവേന്ദ്ര മരിച്ചു.ചേട്ടൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. വർഷങ്ങൾ കടന്ന് പോയി. രണ്ടാമത്തെ സഹോദരൻ ചെന്നൈ എസ്ആർഎം കോളേജിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കി. പഠിച്ചിറങ്ങിയ ഉടനെ ഉയർന്ന ശമ്പളമുള്ള ജോലി കിട്ടി. അന്ന് അമ്മ ഒരുപാട് സന്തോഷിച്ചു. എന്നാൽ ഒരു വാഹനാപകടത്തിൽ ചേട്ടനും മരിച്ചു. ചേട്ടന്റെ മരണം അമ്മയെ തളർത്തി.

പ്രതീക്ഷകളെല്ലാം നശിച്ചു. ഞാനും എന്റെ സഹോദരനും അമ്മയും മാത്രമായി. ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്ന് പോയപ്പോൾ മകളെന്ന നിലയിൽ കുടുംബത്തെ സംരക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. അന്ന് ഞാൻ പതിനൊന്നാം ക്ലാസിൽ പഠിക്കുകയാണ്. ചെന്നൈ ബസന്ത് നഗറിൽ ഒരു സൂപ്പർ മാർക്കറ്റിന് മുന്നിൽ നിന്ന് കൊണ്ട് കാഡ്ബറീസ് ചോക്ലേറ്റ് സോസിന്റെ പ്രൊമോഷൻ ചെയ്തിട്ടുണ്ട്. അന്നെനിക്ക് 225 രൂപ ശമ്പളം കിട്ടി. ബർത്ത് ഡേ പാർട്ടികളിൽ ആങ്കറായി ചെന്നും പണമുണ്ടാക്കി. അഞ്ഞൂറും ആയിരവും സമ്പാദിച്ച് കൊണ്ടിരുന്നു. അങ്ങനെ അയ്യായിരം രൂപ വരെ ഒരു മാസം ഞാൻ സമ്പാദിക്കാൻ തുടങ്ങി. എന്നാൽ ഒരു കുടുംബം പോറ്റാൻ അത് മതിയാകില്ലല്ലോ. അങ്ങനെ അഭിനയത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു.

ടിവി സീരിയലുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ ദിവസം 1500 രൂപയാണ് പ്രതിഫലമായി ലഭിക്കുകയെന്ന് അറിഞ്ഞു. രാവിലെ മുതൽ രാത്രി വരെയുള്ള അധ്വാനത്തിന് ഇത് ചെറിയ തുകയാണെന്നും 25000-50000 ഒക്കെ പ്രതിഫലം കൈപറ്റുന്ന നടി നടന്മാരുണ്ടല്ലോ എന്നമ്പരന്ന എന്നോട് അമ്മ പറഞ്ഞു. സിനിമകളിൽ അങ്ങനെയാണ്. ആദ്യം ചെറിയ പ്രതിഫലം കിട്ടും. പിന്നീട് പ്രശസ്തി നേടിയാൽ വീണ്ടും കിട്ടും. ആയിടക്കാണ് ഒരു നൃത്ത റിയാലിറ്റി ഷോ യിൽ പങ്കെടുത്തത്. അതിലൂടെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അത് വച്ച് സിനിമകളിൽ പരിശ്രമിക്കാൻ തുടങ്ങി.'അവർ ഇവർകളും' ആയിരുന്നു ആദ്യ ചിത്രം. അത് സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നെയും പരിശ്രമിച്ചു.

തമിഴ് സംസാരിക്കുന്ന പെൺകുട്ടിയെന്ന നിലയിലും എന്റെ ഇരുണ്ടനിറം കാരണവും പലയിടത്തും പല അവസരങ്ങളും നഷ്ടപ്പെട്ടു. ഒരു സംവിധായകൻ ഒരിക്കൽ എന്നോട് നേരിട്ട് പറഞ്ഞു. നിങ്ങളെ പോലെയുള്ളവരെ നായികയാക്കാൻ പറ്റില്ല. നായികയുടെ സുഹൃത്ത് അങ്ങനെയുള്ള ചെറിയ റോളുകൾ നിങ്ങൾക്ക് പറ്റും. ഒരിക്കൽ വളരെ പ്രശസ്തനായ ഒരു സംവിധായകൻ എന്നോട് പറഞ്ഞു. കോമഡി കൈകാര്യം ചെയ്യുന്ന നടനൊപ്പം ഒരു റോൾ തരാം. എനിക്കതിൽ താല്‍പര്യമില്ലെന്ന് അറിയിച്ചു.രണ്ട് മൂന്ന് വർഷം അവസരമൊന്നും ലഭിച്ചില്ല.

പിന്നീട് അഭിനയിച്ച അട്ടക്കതിയിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് പനിയേറും പദ്മിനിയും, റമ്മി, തിരുടൻ, പൊലീസ് അങ്ങനെ ലീഡ് റോളുകൾ ചെയ്യാൻ തുടങ്ങിയത്. രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ച കാക്കമുട്ടൈയും ശ്രദ്ധിക്കപ്പെട്ടു. അമ്മ റോൾ ചെയ്യാൻ ആരും അന്ന് തയ്യാറല്ലായിരുന്നു. എനിക്കതിൽ ബുദ്ധിമുട്ട് തോന്നിയില്ല. കാക്കമുട്ടൈയിലൂടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. നാടറിയുന്ന നടിയായി. ആറേഴ് സിനിമകളിൽ നായികയായി. ആരും പിന്തുണച്ചില്ല. ലൈംഗികമായി ചൂഷണം വരെ നേരിട്ടിട്ടുണ്ട്. ഒരാൾ എന്നോട് മോശമായി പെരുമാറിയാൽ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയാം എന്നും ഐശ്വര്യ പറയുന്നു.

TAGS: AISWARYA RAJESH, MISERABLE LIFE, SUPPORTING, MOTHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.