തിരുവനന്തപുരം : ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയെ കാർഷികോല്പാദന കമ്മിഷണറായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽസെക്രട്ടറിയുടെ ചുമതലയുമുണ്ടാകും.
കൊച്ചി മെട്രോ റെയിൽ എം.ഡി അൽക്കേഷ് കുമാർ ശർമ്മ സ്പെഷ്യൽ പ്രോജക്ട്സ്, കൊച്ചി- ബംഗളുരു വ്യവസായ ഇടനാഴി വകുപ്പുകളുടെ അഡിഷണൽ ചീഫ്സെക്രട്ടറി, കൊച്ചി സ്മാർട്ട്സിറ്റി എക്സിക്യൂട്ടീവ് ഓഫീസർ എന്നീ ചുമതലകളും വഹിക്കും.ഊർജ സെക്രട്ടറി ഡോ.ബി. അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയാക്കി.
പട്ടികജാതി-വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ തദ്ദേശഭരണ (അർബൻ) വകുപ്പ് പ്രിൻസിപ്പൽസെക്രട്ടറിയാക്കും. അവധി കഴിഞ്ഞെത്തിയ പുനീത് കുമാറിനെ പട്ടികജാതി-വർഗ വികസനവകുപ്പ് പ്രിൻസിപ്പൽസെക്രട്ടറിയാക്കും. പിന്നാക്ക സമുദായക്ഷേമ വകുപ്പിന്റെയും കെ.എൻ. സതീഷ് ഈ മാസം 31ന് വിരമിക്കുന്ന മുറയ്ക്ക് പാർലമെന്ററികാര്യ വകുപ്പിന്റെയും ചുമതല ഇദ്ദേഹത്തിനുണ്ടാകും.
മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ ഫിഷറീസ്, മൃഗശാല, കായിക, യുവജന കാര്യ വകുപ്പുകളുടെ ചുമതലകൾ കൂടി വഹിക്കും. . ഡി.എഫ്.എഫ്.ടി പരിശീലനം കഴിഞ്ഞ് തിരിച്ചെത്തുന്ന മുറയ്ക്ക് ഡോ. ദിനേശ് അറോറയെ പൊതുമരാമത്ത് സെക്രട്ടറിയാക്കും. ഊർജ സെക്രട്ടറിയുടെ ചുമതലയുമുണ്ടാകും.
അവധി കഴിഞ്ഞെത്തുന്ന കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ എം.ജി. രാജമാണിക്യത്തെ ഫിഷറീസ് ഡയറക്ടറാക്കും. ഫിഷറീസ് ഡയറക്ടർ എസ്. വെങ്കടേശപതിയെ ജല അതോറിറ്റി എം.ഡിയാക്കും.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.പി. സുരേഷ്ബാബു 31ന് വിരമിക്കുന്ന മുറയ്ക്ക് അതിന്റെ അധിക ചുമതല ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് വഹിക്കും. ഭക്ഷ്യ സുരക്ഷാ കമ്മിഷണർ എ.ആർ. അജയകുമാറിന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ അധികചുമതല നൽകും.
ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ ജോഷി മൃൺമയി ശശാങ്കിനെ ചീഫ്സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കും. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ, ജലവിഭവ (നാഷണൽ ഹൈഡ്രോളജി, ഡ്രിപ്പ് പ്രോജക്ട്സ്, വാട്ടർ റിസോഴ്സസ് പ്രോജക്ട്സ് അണ്ടർ റീബിൽഡ് കേരള ഇനിഷ്യേറ്റീവ്) ഡെപ്യൂട്ടി സെക്രട്ടറി ചുമതലകളും തുടരും.
സിവിൽ സപ്ലൈസ് ഡയറക്ടർ നരസിംഹുഗാരി ടി.എൽ.റെഡ്ഡിയെ സഹകരണ സൊസൈറ്റീസ് രജിസ്ട്രാറാക്കും. പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഹരിത വി.കുമാറിന് സിവിൽ സപ്ലൈസ് ഡയറക്ടറുടെ അധികചുമതല നൽകും. പൊതുഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ്സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ.രേണുരാജിനെ നഗരകാര്യ വകുപ്പ് ഡയറക്ടറാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |