തിരുവനന്തപുരം: ഇന്ന് ജൂൺ ഒന്ന്. കൂടുതൽ ഇളവുകളോടെ അഞ്ചാംഘട്ട ലോക്ക് ഡൗണും കാലവർഷവും ട്രെയിൻ സർവ്വീസുകളും ചരിത്രത്തിലാദ്യമായി ഒാൺലൈൻ അദ്ധ്യയനവർഷവും തുടങ്ങുന്നു. കൊവിഡ് ഭീതി തുടരുമ്പോഴും ജനജീവിതം ഉഷാറാവും,ജാഗ്രതയോടെ
രണ്ടര മാസത്തെ ലോക്ക് ഡൗൺ തകർത്ത ജീവിത പരിസ്ഥിതിയിൽ നിന്ന് ജനങ്ങൾ പതുക്കെ പുറത്തേക്ക് . അപ്രതീക്ഷിതമായി കിട്ടിയ അവധിക്കാലം വിട്ട് വിദ്യാർത്ഥികളും സജീവമാകും. ലോക്ക് ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവ്വീസുകളും ഭാഗികമായി ആരംഭിക്കും. കേരളത്തിൽ ആറ് ട്രെയിൻ സർവ്വീസുകളാണിത് തുടങ്ങുന്നത്. ഒാഫീസുകളിൽ കൂടുതൽ ജീവനക്കാരെത്തും.
സ്കൂൾ തുറക്കുന്നത് ഒാൺലൈനായാണെങ്കിലും കാലവർഷത്തിന് ശക്തിക്കുറവുണ്ടാവില്ല.
കഴിഞ്ഞ രണ്ടുവർഷത്തെ പ്രളയഭീതിയിൽ ആശങ്കയോടെയാണ് കാലവർഷത്തെ കേരളീയർ എതിരേൽക്കുന്നത്. വർഷകാലത്തെ പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളും വർണങ്ങളുമില്ലാതെയാണ് പുതിയ അദ്ധ്യയന വർഷാരംഭം. സ്കൂളികളിലെത്തുന്നില്ലെങ്കിലും ഓൺലൈനായി വിദ്യാർത്ഥികൾ പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടക്കും. വിക്ടേഴ്സ് ചാനൽ വഴിയാണ് ഫസ്റ്റ്ബെൽ എന്ന പേരിൽ പ്ലസ് വൺ ഒഴികെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസുകൾ . കോളേജുകളിലും ഇന്ന്മുതൽ ഓൺലൈൻ അദ്ധ്യയനം തുടങ്ങും.സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ ഓൺലൈൻ ക്ലാസ്സുകൾക്കും തുടക്കം..
.*ഒാൺലൈൻ ക്ളാസുകൾ
രാവിലെ 8.30 മുതൽ 5.30 വരെ
ഒരു സമയം ഒരു ക്ലാസ് മാത്രം സംപ്രേക്ഷണം ചെയ്യും
ഓൺലൈൻ സൗകര്യമില്ലാത്ത 2.61 ലക്ഷം വിദ്യാർത്ഥികൾക്ക് ബദൽസംവിധാനം
സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുന്നതു വരെ അദ്ധ്യാപകർ സ്കൂളുകളിൽ എത്തേണ്ട,
പാഠപുസ്തക വിതരണത്തിനും മറ്റും അദ്ധ്യാപകരെ പങ്കാളികളാക്കാം
.*ട്രെയിനുകൾ
തിരുവനന്തപുരത്തുനിന്ന് കണ്ണൂർ,കോഴിക്കോട് ജനശതാബ്ദികളും നേത്രാവതിയും
എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്ക് തുരന്തയും മംഗളയും
തിരുവനന്തപുരം - എറണാകുളം സ്പെഷ്യൽ ട്രെയിൻ
കൺഫേംഡ് ടിക്കറ്റുള്ളവർക്ക് മാത്രം യാത്ര
രോഗലക്ഷണങ്ങൾ ഉള്ളവരെ യാത്രയ്ക്ക് അനുവദിക്കില്ല
ട്രെയിൻ പുറപ്പെടുന്നതിന് 90 മിനിട്ട് മുമ്പ് സ്റ്റേഷനിലെത്തണം
ആരോഗ്യ സേതു ആപ്പ് മൊബൈലിൽ വേണം
സ്റ്റേഷനിൽ റിസർവ്ഡ്, പ്ലാറ്റഫോം ടിക്കറ്റ് എന്നിവ നൽകില്ല
* കാലവർഷം
മൺസൂൺ മഴ ഇന്ന് ഉച്ചയ്ക്ക് ശേഷം
എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
നിസർഗ ചുഴലിക്കാറ്റിൽ കേരള തീരത്ത് കടലാക്രമണ സാധ്യത
അണക്കെട്ടുകളിൽ ജലനിരപ്പ് കുറച്ചു
* ലോക്ക് ഡൗൺ
അഞ്ചാം ലോക്ക് ഡൗൺ ഇന്നാരംഭിക്കും
ജൂൺ എട്ട് മുതൽ കൂടുതൽ ഇളവുകൾ
ഒാട്ടോ,ടാക്സി സർവ്വീസുകൾക്ക് അനുമതി
പൊതുഗതാഗതവും നിയന്ത്രണങ്ങളോടെ
മാളുകളും ഹോട്ടലുകളും ആരാധാനാലയങ്ങളും തുറക്കാൻ കേന്ദ്രാനുമതി
സംസ്ഥാനത്തെ ഇളവുകൾ ഇന്നു തീരുമാനിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |