കൊവിഡ് ലോക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസ രംഗം. പരമ്പരാഗതരീതിയിൽ ക്ളാസ് പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ അദ്ധ്യയന രീതിയിലേക്ക് മാറാൻ നിർബന്ധിതമായിരിക്കുകയാണ്. ഇതുവരെ ഒരു പരീക്ഷണമെന്ന രീതിയിലായിരുന്നു ഇൗ സ്ഥാപനങ്ങൾക്ക് ഒാൺ ലൈൻ പഠനരീതികൾ . പരമ്പരാഗത രീതിയിൽ ക്ളാസിലാണ് പ്രധാന അദ്ധ്യയനം നടക്കുന്നത്. അദ്ധ്യാപകൻ വിഷയം അവതരിപ്പിക്കുന്നു. തിയറി ഭാഗം വിശദമായി പ്രതിപാദിക്കുന്നു. ഇതിന് പിറകെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോദിച്ച് സംശയങ്ങൾ തീർക്കാം. ഇൗ രീതിയാണ് ഇപ്പോൾ മൊത്തമായും ഒാൺ ലൈനായി മാറുന്നത്.
താരതമൃം
പരമ്പരാഗത രീതിയിലുള്ള അദ്ധ്യയന സമ്പ്രദായത്തിൽ അച്ചടക്കം ഒരു പ്രധാന ഘടകമാണ്. വിദ്യാർത്ഥി അച്ചടക്കത്തോടെ ക്ളാസിലിരിക്കാൻ ശീലിക്കണം. ഇത് അച്ചടക്ക ബോധം കൂട്ടും. മുഖാമുഖം അദ്ധ്യാപകനെ കണ്ട് പഠിക്കുന്നത് അച്ചടക്കത്തിന് പുറമേ സാമൂഹ്യ വൈദഗ്ദ്ധ്യവും പ്രദാനം ചെയ്യും. എന്നാൽ എവിടെയിരുന്നും പഠിക്കാമെന്നതിനാൽ ഒാൺലൈൻ പഠനത്തിൽ കൂടുതൽ സ്വാതന്ത്ര്യം കൈവരും. ക്ളാസിൽ അദ്ധ്യാപകന് വിദ്യാർത്ഥിയുടെ മാർഗദർശിയാകാൻ കഴിയും. എന്നാൽ ഒാൺ ലൈൻ രീതിയിൽ സാമൂഹ്യ ഇടപഴകൽ വീഡിയോ ചാറ്റിലൂടെ മാത്രമായിരിക്കും. ഒാൺ ലൈൻ കോഴ്സുകളുടെ ചെലവ് പരമ്പരാഗത രീതിയെ അപേക്ഷിച്ച് കുറവായിരിക്കും. വിദ്യാർത്ഥിക്ക് യാത്ര ചെലവ്, പുറത്തെ ഭക്ഷണ ചെലവ്, ട്രാഫിക് തടസം മൂലമുണ്ടാകുന്ന സമയനഷ്ടം തുടങ്ങിയവ ഒഴിവാക്കാം. തൊഴിൽ ചെയ്യുന്നവർക്കും പ്രൊഫഷനിൽ കൂടുതൽ വൈദഗ്ദ്ധ്യം നേടുന്നതിനായി ഒാൺ ലൈൻ കോഴ്സുകളിൽ ചേരാൻ കഴിയും. എന്നാൽ പരമ്പരാഗത രീതിയിലുള്ള പഠനവും തൊഴിലും ഒരേസമയം നടത്തുക പ്രായോഗികമാവില്ല. സമയം, ധനം, ഉൗർജ്ജം എന്നിവ ലാഭിക്കാൻ സഹായിക്കുന്നതാണ് ഒാൺ ലൈൻ പഠന രീതി. കുറച്ച് ക്ളാസ് റൂം പഠനവും കൂടുതൽ ഒാൺ ലൈൻ പഠനവും എന്ന മട്ടിൽ ഇവ തമ്മിൽ സംയോജിപ്പിച്ച് ഒരു സങ്കരപഠന സമ്പ്രദായം ഉണ്ടായി വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെ വരുമ്പോൾ വിദ്യാർത്ഥികൾക്ക് സംശയങ്ങൾ അദ്ധ്യാപകനിൽ നിന്ന് നേരിട്ട് ചോദിച്ച് മനസിലാക്കാൻ അവസരം ലഭിക്കും. ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ പഠിക്കാൻ ഇത് വിദ്യാർത്ഥിയെ ഏറെ സഹായിക്കും. ഇതിൽ ഏത് സമ്പ്രദായമാണ് മികച്ചതെന്ന് ആധുനിക കാലത്ത് പറയാനാകില്ല. രണ്ട് രീതികൾക്കും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. വിദ്യാർത്ഥിയുടെ മാനസിക സമീപനത്തെ ആശ്രയിച്ചിരിക്കും ഗുണ വ്യത്യാസങ്ങൾ. ക്ളാസ് റൂം പഠനത്തിലെ എല്ലാ കോഴ്സുകളും ഇപ്പോൾ ഒാൺലൈൻ പഠനത്തിൽ ഇല്ല എന്ന കുറവുണ്ട്. എന്നാൽ ടെക്‌നോളജിയുടെ സാദ്ധ്യതകൾ പല പുതിയ ജാലകങ്ങളും തുറന്നുതരുന്നു. ഒരു ചെറിയ ഗ്രൂപ്പ് വിദ്യാർത്ഥികളെ ക്ളാസ് റൂമിൽ എന്നപോലെ അദ്ധ്യാപകന് പഠിപ്പിക്കാൻ കഴിയുന്ന സാങ്കേതിക രീതികൾ വികസിച്ച് വരുന്നുണ്ട്. ഇൗ രീതികളെല്ലാം പ്രാരംഭഘട്ടത്തിലാണെന്ന പോരായ്മയും നിലനിൽക്കുന്നുണ്ട്.
പരിശീലനം
ഒാൺലൈൻ പഠനം മേൽകൈ കൈവരിക്കുമ്പോൾ പഴയ രീതികൾ പിന്തുടർന്നിരുന്ന അദ്ധ്യാപകർക്ക് പുതിയ രീതിയിലേക്ക് മാറാൻ സാങ്കേതിക പരിശീലനം വേണ്ടിവരും. ക്ളാസ് റൂമിൽ അവലംബിക്കുന്ന പഴയ രീതിയിൽ പുതിയ പൊളിച്ചെഴുത്ത് ആവശ്യമാണ്. ഇത് അദ്ധ്യാപകനും വിദ്യാർത്ഥിക്കും ഒരുപോലെ ബാധകമാണ്. സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള വൈദഗ്ദ്ധ്യവും ആർജിക്കേണ്ടതുണ്ട്. പഴയ ബ്ളാക് ബോർഡുകൾ എന്നെന്നേക്കുമായി മാറി മറയും. അദ്ധ്യാപകൻ ഒാൺലൈൻ വീഡിയോ തയ്യാറാക്കാനും ഡിജിറ്റൽ പാഡിൽ പടം വരയ്ക്കാനും മറ്റും അഭ്യസിക്കേണ്ടി വരും. പഴയ തലമുറയിലെ അദ്ധ്യാപകർക്ക് ഇതിലേക്ക് മാറാൻ മനോഭാവത്തിൽ തന്നെ കാര്യമായ മാറ്റം വരുത്തേണ്ടിവരും. പക്ഷേ മറ്റൊരു ഒാപ്‌ഷനില്ല. പുതിയ സമ്പ്രദായങ്ങൾ പഠിച്ചെടുത്തേ മതിയാവൂ. കാരണം ഭാവിയിലെ വിദ്യാഭ്യാസ രീതി അതാണ് ആവശ്യപ്പെടുന്നത്. വീഡിയോ ലെക്‌ചർ അദ്ധ്യാപകർ അതാത് വിഷയങ്ങളെപ്പറ്റി പഠിപ്പിക്കുന്ന ഭാഗങ്ങൾ വീഡിയോയിൽ റെക്കാഡ് ചെയ്തു പല ഭാഗങ്ങളായി യൂ ട്യൂബിലോ സമാനമായ മറ്റു പ്ളാറ്റ് ഫോമുകളിലോ കാണിക്കാം. നോട്ടുകൾ ക്ളാസ് നോട്ടുകൾ ഇൗ മെയിൽ വഴിയോ വാട്ട്സ് ആപ് മുഖേനയോ വിദ്യാർത്ഥികൾക്ക് അയച്ചു നൽകാം.
വെബിനാർ
അദ്ധ്യാപകർക്ക് ഒരേ സമയം വിവിധ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിന് വെബിനാർ രീതി അവലംബിക്കാം.
ഉത്കണ്ഠ
ഡെസ്ക് ടോപ്/ലാപ്ടോപ് സൗകര്യം എല്ലാ വിദ്യാർത്ഥിക്കും വേണ്ടിവരും. സ്മാർട്ട് ഫോണും ആവശ്യമാണ്. ഇൗ സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികളുടെ കാര്യം ഉത്കണ്ഠ ഉണർത്തുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |