ന്യൂഡൽഹി: അഞ്ചാംഘട്ട ലോക് ഡൗണിലേക്ക് കടക്കവെ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് മികച്ച നിലയിൽ ഉയരുകയാണെന്നും മരണനിരക്ക് കുറയുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 4835 പേർ രോഗമുക്തരായി. ഇതുവരെ 91,818 പേർക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 48.19 ശതമാനമായി. നാലാംഘട്ട ലോക് ഡൗൺ ആരംഭിച്ച മേയ് 18ന് രോഗമുക്തി നിരക്ക് 38.39 ശതമാനമായിരുന്നു. മൂന്നാംഘട്ടം തുടങ്ങിയ മേയ് 3ന് 26.59. രണ്ടാംഘട്ടം ആരംഭിച്ച ഏപ്രിൽ 15ന് ഇത് 11.42 ശതമാനമായിരുന്നു.
ലോകത്തിലെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് വളരെ കുറവാണ്. നിലവിൽ ഇന്ത്യയുടെ മരണനിരക്ക് 2.83 ശതമാനമാണ്. മേയ് 18ന് മരണ നിരക്ക് 3.15 ശതമാനമായിരുന്നു. മേയ് 3ന് ഇത് 3.15 ശതമാനവും ഏപ്രിൽ 15ന് 3.30 ശതമാനവുമായിരുന്നു. നിലവിൽ ആഗോള കൊവിഡ് മരണനിരക്ക് 6.19 ശതമാനമാണ്. അമേരിക്കയുടേത് 5.92 ശതമാനവും ബ്രിട്ടന്റേത് 14.07 ശതമാനവുമാണെന്നും കേന്ദ്രആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം 24 മണിക്കൂറിനിടെ 8392 പുതിയ കൊവിഡ് രോഗികളും 230 മരണവും രാജ്യത്തുണ്ടായി. നിലവിൽ 93,322 പേരാണ് ചികിത്സയിലുള്ളത്. ഞായറാഴ്ച മാത്രം100180 സാമ്പിളുകൾ പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |