അടൂർ: അഞ്ചലിലെ ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈം ബ്രാഞ്ച് കൊട്ടാരക്കര ഓഫീസിൽ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. പൊലീസ് എത്തി കൊണ്ടുപോകണമെന്ന് പറഞ്ഞതിനാൽ ഉച്ചയോടെ പിങ്ക് പൊലീസ് അടൂർ പറക്കോട്ടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രിയോടെയാണ് വിട്ടയച്ചത്.
ആദ്യ ചോദ്യംചെയ്യലിൽ രേണുക പൊട്ടിക്കരഞ്ഞുകൊണ്ട് ഒന്നുമറിയില്ലെന്ന് പറഞ്ഞെങ്കിലും തെളിവുകൾ നിരത്തിയതോടെ പ്രതിരോധത്തിലായി. ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് അറിഞ്ഞിരുന്നതായി സമ്മതിച്ചു. ഉത്രയെ ആദ്യം കടിച്ച അണലിയെ വീടിനുപിന്നിലെ വിറകുപുരയിൽ ഒളിപ്പിച്ചതും രേണുക അറിഞ്ഞിരുന്നു. വീട്ടിൽ നടക്കുന്ന പല സംഭവങ്ങളും അറിയാറില്ലെന്നായിരുന്നു സൂര്യയുടെ മൊഴി. സഹപാഠിയും സുഹൃത്തുമായ ഒരാൾ സൂരജിന്റെ കുട്ടുകാരനാണെന്ന് സൂര്യ സമ്മതിച്ചു. രേണുകയെയും സൂര്യയെയും പ്രത്യേകമായും പിന്നീട് ഒരുമിച്ചും അതിനുശേഷം സൂരജിന്റെ സാന്നിദ്ധ്യത്തിലും ചോദ്യം ചെയ്തു. രണ്ട് ദിവസത്തിനകം വീണ്ടും എത്തണമെന്ന് പറഞ്ഞാണ് വിട്ടയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |