കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട ഷീബയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. വീടിന്റെ സമീപത്തുനിന്നാണ് ഫോൺ കണ്ടെടുത്തത്. എന്നാൽ കൊല്ലപ്പെട്ട ഷീബയുടെ ഭർത്താവിന്റെ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷീബയുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിലേക്ക് വെളിച്ചംവീശുന്ന എന്തെങ്കിലും ഇതിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം കൊലപാതകത്തിൽ ഷീബയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.കുടുംബത്തിന്റെ ഇടപാടുകൾ സംബന്ധിച്ചും ക്വട്ടേഷൻ സംഘങ്ങൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഷീബയേയും ഭർത്താവ് സാലിയേയും വീടിനെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.കഴിഞ്ഞദിവസം പൊലീസ് നായയെ കൊണ്ടുവന്നെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.
മോഷണം പോയ കാർ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ പൊലീസ് അന്വേഷണം നടത്തിയിരുന്നത്. കാർ സംഭവ ദിവസം രാവിലെ പത്ത് മണിക്ക് ആരോ വീടിന് വെളിയിലേക്ക് കൊണ്ട് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഷീബയുടെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
കോട്ടയം താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് കഴിഞ്ഞ ദിവസം വീട്ടിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഷീബയേയും ഭർത്താവ് മുഹമ്മദ് സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലി ചികിത്സയിലാണ്.ഷീബയുടെ തലയ്ക്കേറ്റ മാരകക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
രണ്ട് നിലയുള്ള ഷാനി മൻസിലിൽ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകൾ അയൽക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |