അഭിനയരംഗത്ത് 35 വർഷം പിന്നിടുന്ന വിനീത് വന്ന വഴികളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുന്നു........
വെള്ളിത്തിരയിലെത്തിയിട്ട് 35 വർഷമായി.തൃപ്തനാണോ?
1985-ൽ ഇടനിലങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് വന്നത്. നൂറ്റി ഇരുപതിലധികം സിനിമയിൽ അഭിനയിച്ചു. കഴിവു കൊണ്ട് മാത്രം സിനിമയിൽ തിളങ്ങാൻ കഴിയുമെന്ന് കരുതുന്നില്ല. ഭാഗ്യം കൂടി വേണം. ഭാഗ്യം കൊണ്ടു മാത്രം സിനിമയിൽ വിജയിക്കുന്ന നടന്മാരുണ്ട്. വേണ്ടത്ര കഴിവോ കഠിനാദ്ധ്വാനമോയില്ലാതെ ഒരുപാട് ഉയരങ്ങളിൽ ചിലർ എത്താറുണ്ട്.അതാണ് സിനിമ. ഇതുവരെ ലഭിച്ച കഥാപാത്രങ്ങളെല്ലാം അനുഗ്രഹമായി കാണുന്നു. അങ്ങനെ നോക്കുമ്പോൾ അർഹിക്കുന്ന അംഗീകാരം ലഭിച്ചെന്ന് പറയാം. സിനിമയുടെ എണ്ണത്തിനപ്പുറം അവയുടെ നിലവാരത്തിലാണ് ഞാൻ വിശ്വസിക്കുന്നത്.
വൈശാലിയിലെ ഋശ്യ ശൃംഗനെയും മണിച്ചിത്രത്താഴിലെ രാമനാഥനെയും നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടോ ?
ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഭരതേട്ടന്റെ വൈശാലി സിനിമയുടെ സ്ക്രീൻ ടെസ്റ്റിൽ പങ്കെടുക്കുന്നത്. ഞാനും എന്റെ ബന്ധുവും കൂടി ചെന്നൈയിൽ ഭരതേട്ടന്റെ വീട്ടിൽ പോയാണ് കഥ കേട്ടത്. ഒരു പുതുമുഖം എന്നതിലുപരി തന്റെ കഥാപാത്രമായാണ് അന്ന് ഭരതേട്ടൻ എന്നോട് പെരുമാറിയത്. എം.ടി സാറിന്റെ തിരക്കഥ മുഴുവൻ ഭരതേട്ടൻ വിശദമായി വായിച്ചു കേൾപ്പിച്ചത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട് ഋശ്യ ശൃംഗൻ എന്ന കഥാപത്രമായി എന്നെ തീരുമാനിച്ചതായി അപ്പോൾ ഭരതേട്ടൻ പറഞ്ഞു. എന്നാൽ പിന്നീട് എന്തുകൊണ്ടോ ആ പ്രോജക്ട് നടന്നില്ല.അതിനു ശേഷം 1988 ലാണ് വൈശാലി വീണ്ടും സംഭവിക്കുന്നത്. എന്നാൽ ഇടനാഴിയിൽ ഒരു കാലൊച്ച തമിഴിൽ ചെയ്യാൻ നാല്പതു ദിവസത്തെ ഡേറ്റ് ഭദ്രൻ സാർ നേരത്തേ ബ്ളോക്ക് ചെയ്തിരുന്നു. അതിനാൽ വൈശാലി ചെയ്യാൻ കഴിഞ്ഞില്ല.മണിച്ചിത്രത്താഴിലെ രാമനാഥന്റെ വേഷം ചെയ്യാൻ ഫാസിൽ സാറും വിളിച്ചതാണ്. പരിണയത്തിന്റെ തിരക്കിലായതുകൊണ്ടു പോകാൻ കഴിഞ്ഞില്ല. എന്നാൽ മണിച്ചിത്രത്താഴിന്റെ തമിഴ്-ഹിന്ദി റീമേക്കുകളിൽ രാമനാഥന്റെ വേഷം ചെയ്യാൻ ഭാഗ്യം ലഭിച്ചു.
താങ്കളിലെ നടനെ ഏറ്റവുമധികം ഉപയോഗിച്ച സംവിധായകൻ ആരാണ് ?
ഹരിഹരൻ സാർ. അദ്ദേഹമാണ് എന്നെ അഭിനയം പഠിപ്പിച്ചത് . ഹരിഹരൻ സാറിന്റെ എട്ട് ചിത്രങ്ങളിൽ അഭിനയിച്ചു. നഖക്ഷതങ്ങളിൽ അഭിനയിക്കുമ്പോൾ ഞാനും മോനിഷയും രണ്ടു മരക്കഷണങ്ങളെ പോലെയായിരുന്നു. അത് കൊത്തി മിനുക്കി ശില്പമാക്കിയത് ഹരിഹരൻ സാറാണ് . ഫാസിൽ സാറും ഭരതേട്ടനും പദ്മരാജൻ സാറും കമൽ സാറും അരവിന്ദൻ സാറും എന്നിലെ നടനെ കൂടുതൽ മികച്ച രീതിയിൽ പരുവപ്പെടുത്തിയെടുത്തു.
മികച്ച നടനുള്ള അവാർഡ് ലഭിക്കാത്തതിൽ വിഷമം തോന്നുന്നുണ്ടോ ?
വിഷമിക്കേണ്ട കാര്യമില്ല. അവാർഡ് എന്നത് പൂർണമായും ജൂറിയുടെ സ്വാതന്ത്ര്യമാണ്. ജൂറിയുടെ തീരുമാനം മാനിക്കുന്നു. അല്പം പോലും യോഗ്യതയില്ലാത്തവരാകും ചിലപ്പോൾ അവാർഡ് കമ്മിറ്റിയിൽ വരുന്നത്. തിരക്കഥ എന്താണെന്ന് അറിയാത്തവരാകും എം.ടി യെപ്പോലുള്ള ഒരാളുടെ സൃഷ്ടിയെ വിലയിരുത്തുന്നത്.
സിനിമയിൽ നൃത്തസംവിധാനം ചെയ്യാറുണ്ടോ ?
സംവിധായകൻ വി.കെ.പ്രകാശിന്റെ മകൾ കാവ്യയുടെ ചിത്രത്തിന് വേണ്ടിയാണ് അടുത്തിടെ നൃത്തസംവിധാനം ചെയ്തത്. കാവ്യയുടെ ആദ്യ സിനിമയാണ്. കാംബോജിയിലെ നൃത്തസംവിധാനത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു.നൃത്ത സംവിധാനം നിർവഹിക്കാൻ ഫെഫ്കയുടെ കാർഡ് എടുത്തിട്ടുണ്ട്.തമിഴിൽ കൊറിയോഗ്രാഫറായി കാർഡ് ലഭിക്കണമെങ്കിൽ അഞ്ചു വർഷം ഏതെങ്കിലും കൊറിയോഗ്രാഫറുടെ അസിസ്റ്റന്റായി പ്രവർത്തിക്കണം. വെറുതേയുള്ള ഡാൻസ് മാത്രമല്ല നൃത്ത സംവിധാനം. ഏതു ഷോട്ട് വയ്ക്കണമെന്നും അതിനനുസരിച്ച് ലെൻസും എഡിറ്റിംഗും ഉൾപ്പെടെ ആ പാട്ടിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വ്യക്തമായ അവബോധം ഉണ്ടാവുകയും വേണം.
അഭിനയവും നൃത്തവും ഒരുമിച്ചു കൊണ്ടുപോവാൻ കഴിയുന്നുണ്ടോ ?
രണ്ടും ഒന്നിച്ചു കൊണ്ടുപോവാൻ ശ്രമിക്കാറുണ്ട് . സിനിമയിൽ എന്റെ താരമൂല്യം വളർത്താൻ ശ്രമിച്ചിട്ടില്ല. എന്നെ തേടി വരുന്ന വേഷങ്ങൾ ചെയ്യുന്നു എന്നതിനപ്പുറം മറ്റൊന്നിലും ശ്രദ്ധിക്കാറില്ല. തമിഴിലും താരമൂല്യ സാദ്ധ്യത ധാരാളം ഉണ്ടായിരുന്നു. എന്നാൽ എന്റെ താത്പര്യങ്ങളും ഇഷ്ടങ്ങളും മറ്റ് പലതുമായിരുന്നു.
ക്ളാസിക്കൽ നൃത്തം പഠിക്കുന്ന പുരുഷന്മാർക്കെല്ലാം സ്ത്രൈണ ഭാവം ഉണ്ടാകുമെന്ന് പറയുന്നത് ശരിയാണോ?
വെറും തെറ്റിദ്ധാരണയാണ് അത്. ഒരു ആൺകുട്ടിക്ക് സ്ത്രൈണത വരാൻ നിരവധി കാരണങ്ങളുണ്ട്. അതിന് നൃത്തം പഠിക്കണമെന്നില്ല. വ്യക്തിത്വ പ്രശ്നം അനുഭവിക്കുന്ന നിരവധി പുരുഷന്മാരുണ്ട്. മനസുകൊണ്ട് സ്ത്രീയും ശരീരം കൊണ്ട് പുരുഷനുമായി ജീവിക്കുന്നവർ. മാനസികമായ ചില പ്രശ്നങ്ങൾ, ചില പ്രത്യേക ഹോർമോണിന്റെ കുറവുകൾ അങ്ങനെ പലതുകൊണ്ടും ഒരു കുട്ടിക്ക് സ്ത്രൈണ ഭാവം വരാം. ട്രാൻസ് ജെൻഡേഴ്സ് വിഭാഗം ഏതു നൃത്ത രൂപം പഠിച്ചിട്ടാണ് സ്ത്രൈണതയിൽ ജീവിക്കുന്നത്. നൃത്തം പഠിപ്പിക്കുന്നത് പ്രധാനമായും സ്ത്രീകളുടെ ശൈലിയിലാണ്. അത് കൃത്യമായി പറഞ്ഞുകൊടുത്താൽ ഒരിക്കലും ഒരു നർത്തകന് സ്ത്രൈണത വരില്ല.
നൃത്തത്തിൽ എന്തൊക്കെയാണ് സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ ?
വലിയ സ്വപ്നങ്ങളില്ല. ആഗ്രഹങ്ങളും.ഗുരു ഡോ. പദ്മ സുബ്രഹ്മണ്യത്തിന്റെ ഭരതനാട്യത്തിലെ ചില നൃത്തശില്പങ്ങൾ ഇപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുകയാണ്. പൂന്താനത്തിന്റെ ജ്ഞാനപ്പാനയാണ് അടുത്തിടെ ചിട്ടപ്പെടുത്തിയ പുതിയ നൃത്ത ശില്പം. അത് കണ്ടു ഒരുപാട് ആളുകൾ വിളിച്ചു അഭിനന്ദിച്ചു.
വർഷങ്ങളായി ചെന്നൈയിലാണ്. കേരളത്തിലേക്ക് മടങ്ങാൻ സാദ്ധ്യതയുണ്ടോ?
തീരെ സാദ്ധ്യതയില്ല. പൂർണമായും ചെന്നൈ നഗരത്തിന്റെ ഭാഗമായി മാറി. ഭാര്യ പ്രിസില മേനോൻ . ബഹറിനിലാണ് പ്രിസില ജനിച്ചതും വളർന്നുന്നതും. എന്റെ ജോലിയും കലാജീവിതവും പൂർണമായി മനസിലാക്കി അവർ ജീവിക്കുന്നു . പ്രിസില നൃത്തം പഠിച്ചിട്ടുണ്ട് . മകൾ അവന്തിക എട്ടാം ക്ലാസിൽ പഠിക്കുന്നു. മകളും എന്നെപ്പോലെ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |