അർജുനയിൽ വീണ്ടും തഴയൽ: ഈ രാജ്യം ഒരു തമാശയെന്ന് മലയാളി ബാഡ്മിന്റൺ താരം പ്രണോയ്
തിരുവനന്തപുരം: അർഹതയുണ്ടായിട്ടും തുടർച്ചയായ രണ്ടാം വർഷവും അർജുന അവാർഡിനുള്ളവരുടെ നാമനിർദ്ദേശ പട്ടികയിൽ നിന്ന് തന്നെ തഴഞ്ഞ ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനവുമായി മലയാളി താരം എച്ച്.എസ്. പ്രണോയ്. ട്വിറ്ററിലൂടെയായിരുന്നു പ്രണോയ്‌യുടെ പ്രതിഷേധം. ഡബിൾസ് സഖ്യമായ സാത്വിക് സായ് രാജ് റാൻകിറെഡ്ഡി - ചിരാഗ് ഷെട്ടി, സിംഗിൾസ് താരം സമീർ വർമ എന്നിവരെയാണ് ബായ് ഇത്തവണ അർജുന അവാർഡിന് നാമനിർദ്ദേശം ചെയ്തത്. ഇതിന് പിന്നാലെ അർജുന പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യാനുള്ള മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് പ്രണോയ് പ്രതിഷേധം അറിയിച്ചത്.
അർജുന അവാർഡ് എന്ന ഹാഷ്ടാഗിൽ വീണ്ടും ആ പഴയ കഥ തന്നെ, കോമൺവെത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസ് ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയയാളെ അസോസിയേഷൻ നാമനിർദ്ദേശം ചെയ്തില്ല. എന്നാൽ ഈ പ്രധാന ടൂർണമെന്റിലൊന്നും പങ്കെടുക്കുക പോലും ചെയ്യാത്ത താരത്തെ നാമനിദ്ദേശം ചെയ്തുവെന്നുമാണ് ഈ രാജ്യം ഒരു തമാശയാണെന്ന ഹാഷ്‌ടാഗ് കൂടി ഉൾപ്പെടുത്തി പ്രണോയ് ട്വീറ്ര് ചെയ്തത്.
സാത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയവരാണ്. അതേസമയം തന്റെയത്രയും നേട്ടങ്ങളില്ലാത്ത സമിർ വർമ്മയെ അർജുയനയ്ക്ക് നാമനിർദ്ദേശം ചെയ്തതാണ് പ്രണോയ്‌യെ ചൊടിപ്പിച്ചത്. കഴിഞ്ഞ നാല് വർഷത്തെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അർജുന അവാർഡിന് കളിക്കാരെ നാമനിർദ്ദേശം ചെയ്തതെന്നാണ് ബായ്‌യുടെ വിശദീകരണം.
മറ്രൊരിന്ത്യൻ താരം പി.കശ്യപ്, ഗുസ്തി താരം വിനേഷ് ഫോഗട്ട് എന്നിവർ പ്രണോയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ നാല് വർഷത്തെ പ്രണോയ്‌യുടെ പ്രധാന നേട്ടങ്ങൾ
2018ലെ കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് വിഭാഗത്തിൽ സ്വർണം
2018ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽ വെങ്കലം
2017 യു.എസ്.ഓപ്പൺ ചാമ്പ്യൻ
ഏഷ്യ ടീം ചാമ്പ്യൻഷിപ്പിൽ 2020ലും 2016ലും വെങ്കലം
2016ൽ ഹോങ്കോങ്ങ് ഓപ്പൺ ചാമ്പ്യൻ
2016ലെ ദക്ഷിണേഷ്യൻ ഗെയിംസിൽ
ടീം ഇനത്തിൽ സ്വർണവും
സിംഗിൾസിൽ വെള്ളിയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |