മണ്ണാർക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ട് വെള്ളിയാറിൽ ഗർഭിണിയായ ആനയുടെ ജീവനെടുത്തത് കാട്ടുപന്നികളെ കുടുക്കാനുപയോഗിക്കുന്ന തേങ്ങാപ്പടക്കമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ പ്രദേശത്തെ പാട്ടകർഷകരുടെ സഹായിയും ടാപ്പിംഗ് തൊഴിലാളിയുമായ മലപ്പുറം എടവണ്ണ സ്വദേശി വിത്സനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇയാൾ കേസിൽ മൂന്നാം പ്രതിയാണ്. ഒളിവിൽ പോയ ആദ്യ രണ്ടു പ്രതികളായ തോട്ടം ഉടമ അബ്ദുൾ കരീം, മകൻ റിയാസുദ്ദീൻ എന്നിവർക്കായി അന്വേഷണം ഊർജ്ജിതമാക്കി. പൈനാപ്പിളിൽ വച്ച സ്ഫോടക വസ്തു ആന കടിച്ചെന്നാണ് ആദ്യം കുതിയിരുന്നത്.
നിലമ്പൂരിൽ നിന്നാണ് കരീം സ്‌ഫോടക വസ്തു എത്തിച്ചത്. വിത്സനാണ് തേങ്ങ നെടുകെ കീറി സ്ഫോടക വസ്തു നിറച്ച് വനാതിർത്തിയിൽ വച്ചത്. തോട്ടത്തിൽ പടക്കമുണ്ടാക്കിയ ചെറിയ ഓലപ്പുരയിൽ വിത്സനെ കൊണ്ടുവന്ന് തെളിവെടുത്തു. ഇവിടെ നിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടം കണ്ടെത്തി.
മേയ് 12നാണ് 15 വയസുള്ള ആനയ്ക്ക് തേങ്ങാപ്പടക്കം തിന്ന് പരിക്കേറ്റത്. പ്രതികൾ ഇതു മനസിലാക്കി പാട്ട കൊട്ടി ആനയെ തുരത്തി. തുടർന്ന് ആന മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് മേഖലയിൽ പോയി വീണ്ടും അമ്പലപ്പാറയിലെത്തി. വായും നാവും തകർന്ന് പുഴുവരിച്ച നിലയിൽ ദിവസങ്ങളോളം ജനവാസ മേഖലയിൽ നിലയുറപ്പിച്ചു. ഈച്ച ശല്യത്തെ തുടർന്ന് പുഴയിലെ വെള്ളത്തിൽ ഇറങ്ങിനിന്ന ആന 27ന് ചരിഞ്ഞു. മുറിവിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
സൈലന്റ് വാലി ബഫർ സോണിനോട് ചേർന്നുള്ള തോട്ടങ്ങളിൽ കാട്ടാനയുൾപ്പെടെ വന്യമൃഗശല്യം രൂക്ഷമാണ്. ഇവയെ അകറ്റാൻ ശേഷി കുറഞ്ഞ സ്‌ഫോടക വസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞ് വയ്ക്കുന്ന പതിവുണ്ട്.
ഷൊർണൂർ ഡിവൈ.എസ്.പി എൻ.മുരളീധരന്റെയും മണ്ണാർക്കാട് ഡി.എഫ്.ഒ കെ.കെ.സുനിൽകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
പന്നിവേട്ട പതിവ്
പ്രതികൾ സ്ഥിരമായി പന്നികളെ വേട്ടയാടി വില്പന നടത്തിയിരുന്നതായി സൂചനയുണ്ട്. നേരത്തെ വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും കുഴികളിൽ ചാടിച്ചും ഇവർ പന്നികളെ പിടികൂടിയിട്ടുണ്ട്.
ചികിത്സയിൽ വീഴ്ച?
പരിക്കേറ്റ് ജനവാസ കേന്ദ്രത്തിൽ ചുറ്റിത്തിരിഞ്ഞ ആനയ്ക്ക് മതിയായ ചികിത്സ നൽകുന്നതിൽ വനം വകുപ്പ് വീഴ്ച വരുത്തിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാരക പരിക്കുണ്ടെന്ന് പല തവണ ചൂണ്ടിക്കാട്ടിയിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയയ്ക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചത്. എന്നാൽ, മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |