പതിനഞ്ചുവർഷമായി ദുബായിൽ ജോലി ചെയ്യുന്ന െെനല ഉഷ തന്റെ പ്രിയപ്പെട്ട നഗരങ്ങളെക്കുറിച്ച്....
ഞാൻ തനി തിരുവനന്തപുരത്തുകാരിയാണ്്. ദുബായിൽനിന്ന് അപ്പൂപ്പന്റെ നാടായ വെള്ളായണിയിലേക്ക് എല്ലാ അവധിക്കാലത്തും ഞങ്ങൾ കുടുംബസമേതം എത്തും. ഞങ്ങളെ കൂട്ടിക്കൊണ്ടു പോവാൻ അപ്പൂപ്പൻ അംബാസിഡർ കാറിൽ എയർപോർട്ടിൽ വരും.കാറിന് മുകളിലെ കാരിയറിൽ പെട്ടികൾ കെട്ടിവച്ച് തനി ഗൾഫുകാരായി വന്നിറങ്ങിയത് ഓർമ്മയിൽ മായാതെ നിൽപ്പുണ്ട് . പെട്ടി തുറക്കുമ്പോൾ അതിൽനിന്ന് പ്രത്യേക മണം ഉയരും. അപ്പൂപ്പനും ബന്ധുക്കൾക്കും സമ്മാനങ്ങൾ കൊടുക്കും. സ്കൂൾ പഠനത്തിന് ഞങ്ങൾ അമ്മൂമ്മയുടെ നാടായ ശാസ്തമംഗലത്തേക്ക് വീടു മാറി. വെള്ളായണിയിലെ വീട്ടിൽ ടി.വിയും വി.സി. ആറുമുണ്ടായിരുന്നു. വിഡിയോ കാസറ്റുകളുടെ ചെറിയ ശേഖരവും. ചിത്രം, സന്മനസുള്ളവർക്ക് സമാധാനം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങിയ സിനിമകൾ.
നാലാം ക്ലാസ് പഠനം മുതൽ ശാസ്തമംഗലത്ത്. ശ്രീരംഗം ലെയ്നിലാണ് അമ്മൂമ്മയുടെ തറവാട്. വീടിനു ചുറ്റും ബന്ധുക്കളാണ് താമസിക്കുന്നത്.'എന്താ സ്കൂളിൽ പോവാൻ വൈകിയത് " എന്ന ചോദ്യം എല്ലാ വീട്ടിൽനിന്നും കേൾക്കാം. സ്കൂളിൽ പോവാൻ എല്ലാവീട്ടിൽനിന്നും കൂട്ടുകാരുണ്ടാവും. ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിലായിരുന്നു പഠനം. പത്താം ക്ളാസിൽ സ്കൂൾ ബസിലെ യാത്ര അവസാനിപ്പിച്ചു. സിറ്റി ബസിലായി പിന്നെ യാത്ര. സ്കൂളിൽ എനിക്ക് ആറ് കൂട്ടുകാരികളുണ്ടായിരുന്നു . റാങ്കിന് അടുത്തവരെ അവർ മാർക്ക് വാങ്ങും. ഞാൻ മാത്രം പിന്നിൽ. ഷഹാന, സന്ധ്യ, സ്മിത, അനുപ്രിയ, കവിത, ശബരി.അവരുമായി ഇപ്പോഴും സൗഹൃദമുണ്ട്.
അവരെല്ലാം െഎ.ടി എൻജിനിയറിംഗ് മേഖലയിൽ തിളങ്ങുന്നു.മൂന്നുപേർക്ക് പി.എച്ച്.ഡി. എങ്ങനെയാണ് മാർക്ക് വാങ്ങുന്നതെന്ന ടെക ്നിക് എനിക്ക് ഇപ്പോഴും അറിയില്ല. പ്രീഡിഗ്രി, ഡിഗ്രി പഠനം ആൾ സെയിന്റ്സ്കോളേജിൽ.കോളേജിൽ പോവാൻ രണ്ട് ബസ് കയറണം. ബി.എ ഇംഗ്ളീഷ് ലിറ്ററേച്ചർ കഴിഞ്ഞ് പോസ്റ്റ് ഗ്രാജുവേഷന് എന്ത് തിരഞ്ഞെടുക്കണമെന്ന തീരുമാനത്തിനിടെ രണ്ടു മാസം ടെക്നോ പാർക്കിലെ കമ്പനിയിൽ എച്ച്. ആർ വിഭാഗത്തിൽ ജോലി ചെയ്തു. ഇരുപത്തിയൊന്ന് വയസിൽ ആദ്യ ജോലി. ആദ്യ വേതനം. എല്ലാം തന്നത് എന്റെ സ്വന്തം തിരുവനന്തപുരം.
ആദർശവാനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു അച്ഛൻ. കാറിന് പെട്രോൾ നിറയ്ക്കാൻ പണമില്ലാതെ അമ്മൂമ്മയുടെ സ്വർണവള അച്ഛൻ ഊരിക്കൊണ്ടുപോയ 'ചരിത്രമുണ്ട് ". വീട്ടിൽ അച്ഛന് മാത്രമായിരുന്നു രാഷ്ട്രീയ പ്രവർത്തനം.42 വയസിൽ ഹൃദയഘാതത്തെ തുടർന്നാണ് അച്ഛൻ മരിച്ചത്. എനിക്ക് അപ്പോൾ പന്ത്രണ്ട് വയസ്. 42 വയസ് മരിക്കേണ്ട പ്രായമല്ല. അച്ഛൻ മരിച്ചതോടെ ഉത്തരവാദിത്വങ്ങൾ മുഴുവൻ അമ്മ ഏറ്റെടുത്തു. തനി, നാട്ടിൻപ്പുറത്തുകാരിയാണ് അമ്മ. അച്ഛനാവട്ടെ പുത്തൻ ചിന്താഗതിക്കാരനും. അച്ഛന്റെ വേർപാടിനുശേഷം ഞാൻ കണ്ടത് സ്വയം ശക്തയായ അമ്മയെ. അമ്മയ്ക്ക് ലഭിച്ച ശക്തി ഇപ്പോഴും നഷ്ടപ്പെട്ടില്ല. എന്റെ പേരിനൊപ്പമുണ്ട് അമ്മ: ഉഷ.
ഒരു ദിവസം രാവിലെ ദുബായിൽനിന്ന് ഫോൺകാൾ.ദുബായ് ഷോപ്പിംഗ് ഫെസ്റ്റിൽ ഷോ ചെയ്യാനായിരുന്നു കാൾ. ആ സമയത്ത് പ്രമുഖ ചാനലിൽ ഷോ ചെയ്യുന്നുണ്ട്. അത്യാവശ്യം വരുമാനമുണ്ട്. ആ പണം കൊണ്ട് കുഞ്ഞ് ഷോപ്പിംഗ് നടത്തും. അമ്മയെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ ചെയ്യണമെന്ന് തിരിച്ചറിവിലാണ് എല്ലാം. വീണ്ടും ഞാൻ ദുബായ് ക്ക് പറന്നു. എട്ടു വയസ് വരെ ജീവിച്ച ദുബായ് നഗരം. പക്ഷേ ഈ പ്രാവശ്യം യാത്ര തനിച്ച്.45 ദിവസം നീണ്ടുനിന്ന ഷോ.
ഷോ കഴിഞ്ഞ് നാട്ടിലേക്ക് വിമാനത്തിലിരിക്കുമ്പോൾ വീണ്ടും ഒരിക്കൽ കൂടി ദുബായ് നഗരം കാണാൻ കഴിയില്ലെന്ന് സങ്കടം തോന്നി.എന്റെ പ്രിയ നഗരത്തിൽനിന്ന് മറ്റൊരു പ്രിയ ഭൂവിലേക്കാണ് യാത്ര. രണ്ടാഴ്ച കഴിഞ്ഞ് ഒരു ഫോൺകാൾ. വിളിച്ചത് അറേബ്യൻ റേഡിയോ നെറ്റ് വർക്ക് സ്റ്റേഷൻ പ്രോഗ്രാം തലവൻ അജിത് മേനോൻസാർ.'ഞങ്ങൾ ദുബായിൽ ഒരു മലയാളം റേഡിയോ സ്റ്റേഷൻ തുടങ്ങുന്നു. ലോകത്തെ ആദ്യ മലയാള എഫ്.എം റേഡിയോ സ്റ്റേഷൻ".ആരോ കളിയാക്കാൻ വിളിക്കുകയാണെന്ന് കരുതി.അപ്പോൾ സാർ വീണ്ടും വിവരിച്ചു. അറേബ്യൻ റേഡിയോ നെറ്റ് വർക്ക് സ്റ്റേഷന്റെ ഭാഗമായാണ് പുതിയ എഫ്. എം എന്ന് പറഞ്ഞപ്പോൾ എല്ലാം സത്യമെന്ന് മനസിലായി.
ദുബായിൽ ഞാൻ ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിന്റെ ആകുലത അമ്മയ്ക്ക്. ഒടുവിൽ ഇന്റർവ്യുവിൽ പങ്കെടുക്കാൻ അമ്മ അനുവാദം നല്കി. ഇന്റർവ്യുവിന് എത്തുമ്പോൾ ഉദ്യോഗാർത്ഥികളുടെ നീണ്ട നിര. ഞാൻ അജിത് സാറിനെ വിളിച്ചു. സാർ എന്നെ ഇന്റർവ്യു നടക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.ഇന്റർവ്യു ബോർഡിൽ ദുബായ് മീഡിയ ഹെഡ് അബ്ദുൾ ലത്തീഫ് അൽസായിയും ഏഷ്യൻ ഹെഡ് ചേതൻ സാറും. ഇന്റർവ്യുവിനെ ഞാൻ ഗൗരവമായി കണ്ടില്ല. ജോലിയെയും. എന്നെ ആകർഷിച്ചത് ദുബായ് നഗര കാഴ്ചകൾ.
ഇരുപത്തിരണ്ടാം വയസിൽ രണ്ടാം ജോലി. അതും ദുബായിൽ.ആ യാത്രയിൽ ദുബായിയുടെ പുതിയ മുഖം കണ്ടു.അക്ഷരാർത്ഥത്തിൽ സ്വപ്ന ലോകം തന്നെ. ഓരോ ദിവസവും മുഖം മിനുക്കുന്ന നഗരം. ഫ്ളാറ്റിന്റെ വാടകയ്ക്ക് എന്റെ ചെക്ക് കൊടുക്കുന്നു. ലൈസൻസ് എടുക്കുന്നു. കാർ വാങ്ങുന്നു.ഒറ്റയ്ക്ക് താമസം.പുതിയ ലോകത്തേക്ക് വളർച്ചയുടെ ചെറിയ അദ്ധ്യായത്തിലേക്ക് മെല്ലേ പ്രവേശിക്കുന്നു.എന്റെ ഓഫീസിൽ ഒൻപത് റേഡിയോ സ്റ്റേഷനുകളുണ്ട്. അവിടെ ഒൻപത് രാജ്യങ്ങളിലെ ഭാഷകൾ സംസാരിക്കുന്നവർ.ഒരുമിച്ചാണ് ഞങ്ങളുടെ ആഘോഷങ്ങൾ.ഓരോരുത്തരുടെയും ജന്മദിനം ആഘോഷിക്കാറുണ്ട്.അവരുടെ ഭാഷയിൽ ജന്മദിന ഗാനം ആലപിക്കുന്നു. ജീവിതം ഓരോ നിമിഷവും മാറുന്നു.
പതിനഞ്ചു വർഷമായി ദുബായ് വാസി.ദുബായ് നഗരം ഒരു പ്രാവശ്യം കണ്ടാൽ ഇതുവരെ കണ്ടതല്ല ലോകമെന്ന് തിരിച്ചറിയും. ഇടുങ്ങിയ ചിന്താഗതി മാറും. മകൻ ആർണവിനെ ''പഠിക്കൂ""എന്ന സമർദ്ദത്തിൽപ്പെടുത്താറില്ല. ജീവിതത്തിന്റ അടിത്തറയാണ് ആദ്യം പഠിക്കേണ്ടത്. മുതിർന്നവരെ ബഹുമാനിക്കുക, സമയ ക്ളിപ്തത പാലിക്കുക എന്നിവ മോനെ പഠിപ്പിച്ചിട്ടുണ്ട്.
ഹോംവർക്ക് ചെയ്യുക ആർണവിന്റെ ഉത്തരവാദിത്വമാണെന്ന് ഞാൻ ഓർമപ്പെടുത്തിയപ്പോൾ അവന് കാര്യങ്ങൾ മനസിലായി. സമയത്തിന്റെ വില കുട്ടികൾ തിരിച്ചറിയണം. അവരുടെ ആവശ്യങ്ങൾക്കും വില കല്പിക്കണംകൽപ്പിക്കണം . ഇതെല്ലാം എന്നെ പഠിപ്പിച്ചത് ദുബായ് നഗരമാണ്.ആർണവിന്റെ പഠന ചെലവിനുവേണ്ടി പണം കണ്ടെത്തില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.
സ്വന്തം കാര്യം അവൻ തന്നെ നോക്കണം. ദുബായ് നഗരം വളരുകയാണ്.ദുബായ് മെട്രോ പായുന്നു. പുതിയ ആശയങ്ങൾ ഓരോ ദിവസവും. എല്ലാത്തിനെയും അതിജീവിക്കാൻ ദുബായ് നഗരത്തിന് കരുത്തുണ്ട്.ദുബായ് നഗരമാണ് എനിക്ക് ലോകം കാണിച്ചു തന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |