SignIn
Kerala Kaumudi Online
Wednesday, 09 July 2025 12.24 PM IST

നരാധമന്മാർക്ക് കഠിനശിക്ഷ തന്നെ ലഭിക്കണം

Increase Font Size Decrease Font Size Print Page

kadinamkulam-

ബലാത്സംഗ കേസുകളിൽ പ്രതികൾക്കുള്ള ശിക്ഷ കൂടുതൽ കഠിനമാക്കുമ്പോഴും കുറ്റകൃത്യങ്ങൾക്ക് ഒരു കുറവും ഇല്ലെന്നതാണ് അനുഭവം. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ ആക്രമിക്കപ്പെടുന്ന പൈശാചിക സംഭവങ്ങൾ നടക്കാത്ത ഒരു ദിവസം പോലുമില്ല. കൂട്ടബലാത്സംഗ വാർത്തകൾക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് മുന്നിലെങ്കിലും നമ്മുടെ നാടും ഇടയ്ക്കും മുറയ്ക്കും ആ തലത്തിലേക്ക് ഉയരാറുണ്ട്. തലസ്ഥാന ജില്ലയിൽ കഠിനംകുളത്ത് വ്യാഴാഴ്ച നടന്ന അത്തരത്തിലൊരു നിഷ്ഠൂര സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. രണ്ടു മക്കളുള്ള ഇരുപത്തിമൂന്നുകാരിയെ ഭർത്താവ് എന്നു പറയുന്ന നരാധമന്റെ ഒത്താശയോടെ അരഡസൻ കൂട്ടുകാർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിലുൾപ്പെട്ട ഭർത്താവ് ഉൾപ്പെടെയുള്ള പ്രതികളിൽ ആറുപേരും കൈയോടെ പൊലീസ് പിടിയിലായി എന്നതു മാത്രമാണ് ആകെയൊരു ആശ്വാസം. ഒരുത്തൻ മാത്രമേ ഒളിവിൽ പോയിട്ടുള്ളൂ. അക്രമികളുടെ പിടിയിൽ നിന്ന് വല്ലവിധേന രക്ഷപ്പെട്ട് റോഡിൽ ഓടി എത്തിയ യുവതിക്കു തക്കസമയത്ത് ആ വഴിയെത്തിയ രണ്ട് യുവാക്കൾ രക്ഷകരായതുകൊണ്ടു മാത്രമാണ് കൂടുതൽ ഭയാനകമായ സ്ഥിതിയിലേക്കു കാര്യങ്ങൾ വഴുതി മാറാതിരുന്നത്. സാധാരണഗതിയിൽ ഇത്തരം കേസുകളിൽ പ്രതികൾക്ക് സ്ഥലത്തുനിന്നു മുങ്ങാനും തെളിവുകൾ തേച്ചുമാച്ചുകളയാനും ധാരാളം അവസരങ്ങൾ ലഭിക്കാറുണ്ട്. ഇവിടെ രക്ഷകരായെത്തിയ യുവാക്കൾ സുഹൃത്തുക്കളുടെ കൂടി സഹായത്തോടെ യുവതിയുടെ ഭർത്താവിനെ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചുവരുത്തി ഏല്പിച്ചതാണ് പ്രതികളെ സത്വരമായി കുടുക്കാൻ സഹായകമായത്. പ്രാണഭയത്തോടെ രക്ഷപ്പെട്ട് ഓടിയെത്തിയ അശരണയായ യുവതിക്കു രക്ഷകരായെത്തിയ യുവാക്കളും അവർക്കൊപ്പം നിന്ന നല്ലവരായ നാട്ടുകാരും സമൂഹത്തിന്റെ ആദരവ് അർഹിക്കുന്നു.

ചോദിക്കാനും പറയാനും ആളില്ലാത്ത സാധുകുടുംബത്തിലെ പെൺകുട്ടികൾക്കു ജീവിതകാലത്ത് നേരിടേണ്ടിവരാറുള്ള ദുരനുഭവങ്ങളിൽ ഒന്നു മാത്രമായി കരുതി എഴുതിത്തള്ളാവുന്നതല്ല കഠിനംകുളത്തെ സംഭവം. അക്രമികൾ ഭർത്താവ് എന്നു പറയുന്ന നീചഹൃദയന്റെ അടുത്ത കൂട്ടുകാരും എന്തു അധമത്തരവും കാട്ടാൻ മടിയില്ലാത്തവരുമാണെന്ന് പാവം യുവതി കരുതിക്കാണില്ല. ഭർത്താവിനെ വിശ്വസിച്ച് മക്കളെയും കൂട്ടി അയാൾക്കൊപ്പം ബീച്ച് കാണാൻ ഇറങ്ങിയത് അയാളെ പൂർണമായും വിശ്വസിച്ചു തന്നെയാകണം. ആസൂത്രിതമായി കെണിയിൽപ്പെടുത്താൻ വേണ്ടിയായിരുന്നു യാത്രയെന്ന് മനസിലായത് എല്ലാം കഴിഞ്ഞ ശേഷമാകണം. ഗാർഹിക വഴക്കുകളും പീഡന മുറകളുമൊക്കെ വീട്ടിൽ പതിവായിരുന്നു എന്ന വിവരവും കൂട്ടത്തിലുണ്ട്. ഭർത്താവിൽ നിന്നകന്ന് സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന യുവതിയെ ഈയടുത്ത നാളിലാണ് തിരികെ വിളിച്ചുകൊണ്ടുവന്നതത്രെ. പൊലീസിന്റെ അന്വേഷണത്തിൽ വേണം നാടിനെ ഞെട്ടിച്ച ഈ സംഭവത്തിന്റെ പിന്നാമ്പുറ യാഥാർത്ഥ്യങ്ങൾ കണ്ടെത്താൻ. സമർത്ഥരും സത്യസന്ധരുമായവരെ ഉൾപ്പെടുത്തിയുള്ള അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് അന്വേഷിച്ച് കുറ്റക്കാർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുക്കണം. കോടതിയിൽ എത്തുമ്പോഴും ഇഴപൊട്ടാത്ത വിധത്തിലാകണം കുറ്റപത്രത്തിന്റെ ചട്ടക്കൂട്. ഇര സാധു കുടുംബത്തിലെ അംഗമായതുകൊണ്ട് അന്വേഷണവും തെളിവുശേഖരണവുമൊക്കെ ഒരു വഹയാകാൻ പാടില്ല. സ്ത്രീ സുരക്ഷ മുഖ്യലക്ഷ്യങ്ങളിലൊന്നായി സ്വീകരിച്ചിട്ടുള്ള സർക്കാരിന്റെ ആർജ്ജവം അർത്ഥശങ്കയില്ലാത്തവിധം തെളിയേണ്ട കേസ് കൂടിയാണിത്.

ശിക്ഷയുടെ കാഠിന്യം കൂടുന്തോറും കുറ്റകൃത്യങ്ങൾ കുറയുമെന്ന സങ്കല്പം വെറുതേയാണ്. കൂട്ടബലാത്സംഗ കേസുകളിൽ ശിക്ഷ ജീവപര്യന്തം വരെയായി വർദ്ധിപ്പിച്ചുകൊണ്ട് നിയമം ഭേദഗതി ചെയ്തശേഷവും ഇത്തരം കേസുകൾക്ക് ഒരു കുറവുമുണ്ടായിട്ടില്ല. അന്വേഷണവും വിചാരണയും നീണ്ടുപോകുന്നതും പ്രതികളിൽ സ്വാധീനമുള്ളവർ തെളിവുകൾ അട്ടിമറിക്കുന്നതും സാക്ഷികളെ വിലയ്ക്കെടുക്കുന്നതും കേസുകൾ ദുർബലപ്പെടാൻ കാരണമാകാറുണ്ട്. 2012-ലെ 'നിർഭയ" കേസിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഉയർന്ന തോതിൽ ശിക്ഷ ഉറപ്പാക്കിയത്. അപ്പോഴും നീതിപീഠത്തിനു മുമ്പിലെത്തുന്ന തെളിവുകളാണ് ശിക്ഷയുടെ സ്വഭാവം നിർണയിക്കുന്നതെന്ന വസ്തുത മറക്കരുത്. കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച വാളയാർ പീഡന കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയത് പൊലീസും പ്രോസിക്യൂഷനും ചേർന്നു നടത്തിയ കള്ളക്കളി കാരണമാണ്. രണ്ട് കുരുന്നു പെൺകുട്ടികൾ പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിലാണ് മരണപ്പെട്ടത്. ഉന്നത നീതിപീഠത്തിന്റെ ഇടപെടലിനെത്തുടർന്ന് കേസ് വീണ്ടും എടുക്കാൻ സർക്കാർ നിർബന്ധിതരായിരിക്കയാണ്.

സാധു കുടുംബങ്ങളിലെ ഏതൊരു പെൺകുട്ടിയെയും കാത്തിരിക്കുന്ന ചതിക്കുഴികളിലൊന്നു മാത്രമാണ് കഠിനംകുളത്തും കാണാവുന്നത്. മദ്യവും കഞ്ചാവും മറ്റനവധി ലഹരി വസ്തുക്കളും സുലഭമായ നാട്ടിൽ എന്തിനും പോന്ന സാമൂഹ്യവിരുദ്ധന്മാർക്ക് ഒരു കുറവുമില്ല. ഇത്തരം സംഘങ്ങൾക്ക് താവളമായി ഏതു നാട്ടിലും കാണും ഒളിത്താവളങ്ങളും രഹസ്യകേന്ദ്രങ്ങളും. ഇത്തരം കേന്ദ്രങ്ങൾ ഇല്ലാതാക്കിയാൽത്തന്നെ നാട്ടിൽ സാമൂഹ്യവിരുദ്ധരുടെ തേർവീഴ്ച ഗണ്യമായി കുറയ്ക്കാനാകും. ജോലിസമ്മർദ്ദം കൊണ്ട് വീർപ്പുമുട്ടുന്ന പൊലീസ് ഇതിനു നേരെ പലപ്പോഴും കണ്ണടയ്ക്കാറാണു പതിവ്. നാട്ടിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനനുസരിച്ച് അവ നേരിടാൻ പാകത്തിൽ പൊലീസ് സേനയുടെ അംഗബലം വർദ്ധിപ്പിക്കേണ്ടതുണ്ട്. കുറ്റാന്വേഷണവും ക്രമസമാധാന പാലനവും രണ്ട് വിഭാഗമാക്കി കാര്യക്ഷമത ഉറപ്പാക്കണമെന്ന നിർദ്ദേശം ഇതുവരെ നടപ്പായിട്ടില്ല.

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കുവേണ്ടി പ്രത്യേക കോടതികൾ രൂപീകരിക്കാനുള്ള നിർദ്ദേശം വന്നിട്ട് ആറേഴു വർഷങ്ങളായി. രണ്ടു ഡസനിലേറെ പോക്സോ കോടതികൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന്റെ ഉത്തരവിറങ്ങിയത് ഈയടുത്ത നാളിലാണ്. പീഡന കേസുകളുടെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത് സ്റ്റേറ്റിന്റെ പ്രധാന ചുമതലയായി കാണണം. ഇത്തരം കേസുകൾ അനിശ്ചിതമായി നീണ്ടുപോകുന്നതാണ് പ്രതികൾക്ക് സമൂഹത്തിൽ നെഞ്ചുവിരിച്ച് വിലസി നടക്കാൻ അവസരം നൽകുന്നത്. സ്ത്രീ പീഡന കേസുകളിലുൾപ്പെടുന്നവർ നിർദ്ദാക്ഷിണ്യം ശിക്ഷിക്കപ്പെടുമ്പോൾ ഇരകൾക്കു മാത്രമല്ല സമൂഹത്തിനും വലിയൊരു സന്ദേശമാകുമത്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.