ഇങ്ങനെ പോയാൽ എല്ലാം വെർച്വൽ ആകുന്ന ലക്ഷണമാണ്. വെർച്വൽ പി.ബി, വെർച്വൽ വാർത്താസമ്മേളനം, വെർച്വൽ പഠിപ്പ് എന്നുവേണ്ട വെർച്വൽ പരിസ്ഥിതി ദിനാചരണം വരെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനിയും വെർച്വൽ ആകാൻ എന്തൊക്കെയാണ് ഈ നാട്ടിൽ ബാക്കിയെന്ന മട്ടിലാണ് പിണറായി സഖാവിന്റെയും കോടിയേരി സഖാവിന്റെയും മറ്റും നില്പ്.
ആന പക്ഷേ ഇപ്പോഴും വെർച്വലായിട്ടില്ലെന്ന് വേണം അനുമാനിക്കാൻ. പണ്ട് തയ്യൽക്കാരനെ വിശ്വസിച്ച് പോയ അതേ മാനസികാവസ്ഥയിലാണ് ആന നടക്കുന്നത്. തയ്യൽക്കാരൻ എന്തെങ്കിലുമൊക്കെ തിന്നാൻ കൊടുക്കുന്നത് സ്ഥിരമേർപ്പാടായപ്പോഴാണല്ലോ ആന തയ്യൽക്കാരനെയങ്ങ് വിശ്വസിച്ചത്. അങ്ങനെ വിശ്വസിച്ച് തുമ്പിക്കൈ നീട്ടിയ ആനയ്ക്കിട്ട് സൂചി കൊണ്ട് കുത്ത് കൊടുത്ത് തയ്യൽക്കാരൻ യഥാർത്ഥ സ്നേഹം പ്രകടിപ്പിച്ചപ്പോൾ ആനയ്ക്ക് കാര്യം ബോദ്ധ്യമായി. ആ തുമ്പിക്കൈ ബാക്കിയായത് കൊണ്ട് മാത്രം ആന കുളിച്ചു വരുമ്പോൾ വെള്ളം കോരിക്കൊണ്ടുവന്ന് തയ്യൽക്കാരനെയും തയ്യൽക്കടയെയും കുളിപ്പിച്ചുവിട്ടെന്നാണ് കഥ.
പാലക്കാട് അമ്പലപ്പാറയിൽ വനത്തിനകത്ത് സ്ഥിരമായി കിട്ടുന്നത് തിന്ന് ശീലിച്ച ആന തയ്യൽക്കാരന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്നതിന് കൂടുതൽ തെളിവുകളുടെ ആവശ്യമില്ല. പരമാവധി പോയാൽ സൂചി വച്ചൊരു കുത്ത് എന്ന് മാത്രമേ അവൻ ചിന്തിച്ചുകാണൂ. നാടോടുമ്പോൾ നടുവേ ഓടാത്തതിന്റെ കുഴപ്പമാണത്. വെർച്വൽ യുഗത്തിലാണ് താനിപ്പോൾ കഴിയുന്നതെന്നെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ ആനയ്ക്കീ ഗതി വരില്ലായിരുന്നു. കൊവിഡ് മഹാമാരി, ലോക്ക് ഡൗൺ, ഓൺലൈൻ, വീഡിയോ കോൺഫറൻസ്, ക്വാറന്റൈൻ, സോഷ്യൽ ഡിസ്റ്റൻസിംഗ് എന്നിത്യാദി പരിപാടികളൊന്നും ആന കേട്ടിട്ട് പോലുമുണ്ടാവില്ല. സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ കാലമായത് കൊണ്ട് മാത്രമാണ് മനുഷ്യൻ തേങ്ങായ്ക്കകത്ത് പന്നിപ്പടക്കം വച്ച് ആനയ്ക്ക് തിന്നാൻ കൊടുത്തത്. അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു. തയ്യൽക്കാരൻ കുത്തിയ ആനയ്ക്ക് തിരിച്ച് തയ്യൽക്കാരനെ കുളിപ്പിക്കാൻ തുമ്പിക്കൈയെങ്കിലും ബാക്കി കിട്ടി. പാലക്കാട്ടെ ആനയ്ക്ക് കിട്ടിയത് പന്നിപ്പടക്കമായതിനാൽ എന്ത് ചെയ്യാനാണ്!
...................................
- മേനക ഗാന്ധി ആൾ പണ്ടേ വെർച്വൽ യുഗത്തിലേക്ക് മാറിയതാണ്. ഭർത്താവ് സഞ്ജയ് ഗാന്ധിയുടെ വീരകൃത്യങ്ങൾ പണ്ട് മേനക ഗാന്ധിയെ കോരിത്തരിപ്പിച്ചിരുന്നതായി പറയുന്നുണ്ട്. ഡൽഹി തുർഗ്‌മാൻ ഗേറ്റ് ചേരി തകർത്തതും ആളുകളെ വന്ധ്യംകരിച്ച് റേഡിയോ കൊടുത്ത് പറഞ്ഞുവിട്ടതുമെല്ലാം മേനകഗാന്ധി വെർച്വൽ യുഗത്തിലേക്ക് മാറിയിരുന്നാസ്വദിച്ച കലാപ്രകടനങ്ങളായിരുന്നു. പന്നിപ്പടക്കത്തിന്റെ പരസഹായമില്ലാതെ തന്നെ അന്ന് സഞ്ജയ്ഗാന്ധി ഇടപെട്ട് കുറേയാളുകളെ കൊന്ന് തള്ളിയതായിരുന്നു. അവറ്റകളൊക്കെ കൊന്നു തള്ളപ്പെടേണ്ടവർ തന്നെയാണെന്നായിരുന്നു മേനകഗാന്ധിയുടെ സുചിന്തിതനിലപാട്. മാത്രവുമല്ല, പന്നിപ്പടക്കം കൊണ്ടായിരുന്നില്ല ആ കൊന്നുതള്ളൽ.
ആന പന്നിപ്പടക്കം കടിച്ച് ചരിഞ്ഞാൽ കൊന്നത് മലപ്പുറത്തുകാരായിരിക്കുമെന്നതിൽ മേനകഗാന്ധിക്ക് രണ്ട് പക്ഷമുണ്ടാവേണ്ട കാര്യമില്ല. അതുകൊണ്ടാണ് മലപ്പുറത്തിന്റെ ചരിത്രവും വർത്തമാനവുമെല്ലാം മേനകഗാന്ധിയമ്മ വിശദീകരിച്ചുകളഞ്ഞത്. മൃഗങ്ങളെ കൊല്ലുന്ന ക്രൂരതയിൽ പണ്ടേ മലപ്പുറം മുന്നിലാണെന്ന് മേനകഗാന്ധി പറഞ്ഞതിൽ അതുകൊണ്ടുതന്നെ തെറ്റ് കാണേണ്ട കാര്യമില്ല.
...................................
- കാടും കാട്ടാനയും കാട്ടിലെ പുഴയും കാട്ടിലെ മണലുമെല്ലാം താൻ തന്നെയാണെന്ന് തോന്നിപ്പോകുന്ന വിധമുള്ള സ്ഥലജലവിഭ്രമം വനംമന്ത്രിമാരെയെല്ലാം പിടികൂടുന്ന മഹാവ്യാധിയാണ്. രാജുമന്ത്രിയും ഈ വ്യാധിയിൽ നിന്ന് മുക്തി നേടിയില്ല എന്നത് കൊവിഡ് മഹാമാരിക്കാലത്തെ മറ്റൊരു തീരാവേദനയാണ്. കൊവിഡിന്റെ കാലത്ത് കുരങ്ങൻ തൊട്ട് മാൻപേട വരെയുള്ള സകലജീവജാലങ്ങളുടെയും ആകുലതകൾക്ക് പരിഹാരമുണ്ടാക്കാൻ കിണഞ്ഞ് ശ്രമിക്കുന്ന പിണറായി സഖാവും രാജുമന്ത്രിയുടെ കാര്യത്തിൽ അതീവ ഖിന്നനായിരുന്നു.
രാജുമന്ത്രിയുടെ രോഗമുക്തിക്കായി പിണറായി സഖാവ് ആലോചിച്ച് കണ്ടെത്തിയ വഴിയായിരുന്നു മഹാഭിഷഗ്വരന്മാരായ ടോംജോസിനെയും ലോകനാഥ ബെഹ്റയെയും ഹെലികോപ്റ്ററിൽ പമ്പയിലെത്തിച്ച് ചില ഒറ്റമൂലി പ്രയോഗിക്കുകയെന്നത്. അങ്ങനെയെങ്കിലും രാജുമന്ത്രിയുടെ രോഗശാന്തി പിണറായിസഖാവ് പ്രതീക്ഷിച്ചു. പക്ഷേ രാജുമന്ത്രിയുടെ അസുഖം അതിന് ശേഷം കൂടിയെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധരെല്ലാം ഒരുപോലെ നിരീക്ഷിക്കുന്നത്.
പമ്പയിൽ നിന്ന് മണലെടുത്താലത് വനംവകുപ്പറിയണമെന്നാണ് പറയുന്നത്. കാട്ടിന് നടുവിലൂടെ പുഴ പോയാൽ അതും വനംവകുപ്പിന്റേതാണെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ടെന്ന് പിണറായി സഖാവും പറയുന്നു. രാജുമന്ത്രിയുടെ അസുഖം തിരിച്ചറിഞ്ഞത് മൂലമുണ്ടായ വെളിപ്പെടുത്തലായി ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. ഏതായാലും രാജുമന്ത്രിയുടെ അസുഖം വേഗം ഭേദമാകുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയേ ഇത്തരുണത്തിൽ നിവൃത്തിയുള്ളൂ.
ഇ മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |