തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം കൂടി തുടങ്ങുന്നതോടെ മുട്ട ആഴ്ചകളോളം പൂഴ്ത്തി വച്ച് കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടാൻ ശ്രമം. ഒരാഴ്ചയിൽ കൂടുതൽ മുട്ട സൂക്ഷിക്കാൻ പാടില്ലെന്നിരിക്കെ ഒരു മാസത്തോളമാണ് ഇടനിലക്കാർ കോൾഡ് സ്റ്റോറേജുകളിൽ പൂഴ്ത്തിവയ്ക്കുന്നത്. അതേസമയം പഴകിയ മുട്ട കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുമെന്ന് ഡോക്ടർമാർ പറയുന്നു. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് സംസ്ഥാനത്ത് പ്രധാനമായും മുട്ടയെത്തുന്നത്. മുട്ട ഉത്പാദിപ്പിക്കുന്ന ഫാമുകളുടെ സംഘടനയായ നാഷണൽ എഗ് കോ- ഓർഡിനേഷൻ കമ്മിറ്റിയാണ് ( എൻ.ഇ.സി.സി) രാജ്യത്തെ മുട്ട വില (ഹോൾസെയിൽ) നിർണയിക്കുന്നത്. എന്നാൽ ഇടനിലക്കാർ പൂഴ്ത്തി വച്ച് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതോടെ മുട്ടയുടെ വില കൂടും. നാമക്കലിൽ നിന്നു തന്നെയാണ് ഉത്തരേന്ത്യൻ വിപണിയിലേക്കും മുട്ട അയയ്ക്കുന്നത്. കേരളത്തിൽ ഒരുകോടി മുട്ട വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്. പുറത്തുനിന്നും വരുന്ന മുട്ടകൾ അധികവും വെളുത്ത തോടോടു കൂടിയതാണ്. കൃത്രിമ ആഹാരത്തിൽ വളർത്തി എടുക്കുന്ന കോഴിയുടെ മുട്ടയുടെ പഴക്കം കൂടി കൂടുന്നതോടെ കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകും.
മുട്ട വില ഇങ്ങനെ
ഒരു മുട്ടയ്ക്ക് എൻ.ഇ.സി.സി ഇന്നലെ നിശ്ചയിച്ച വില 4.45 രൂപയാണ്. ഇത് വ്യാപാരികളിലെത്തുമ്പോൾ കമ്മിഷനും ചരക്ക് കൂലിയും ചേർത്ത് 35 പൈസ വരെ കൂടും. അതായത് മുട്ടയുടെ ഇന്നലത്തെ റീട്ടെയിൽ വില 4 രൂപ 80 പൈസ. വ്യാപാരികൾ ഇത് അഞ്ച് രൂപ മുതൽ 5.50 വരെ ഈടാക്കി വിൽക്കാറുണ്ട്.
എൻ.ഇ.സി.സി നിശ്ചയിച്ച 100 മുട്ടയുടെ വില (ഹോൾസെയിൽ)
ബ്രായ്ക്കറ്റിൽ ഒരു മുട്ടയുടെ വില
ജൂൺ 1- 365 രൂപ, (മുട്ടയൊന്നിന് 3.65 രൂപ)
ജൂൺ 2-370 (3.70)
ജൂൺ 3-375 (3.75)
ജൂൺ 4-380 (3.80)
ജൂൺ 5-390 (3.90)
ജൂൺ 6-425 (4.25)
ജൂൺ 7-445 (4.45)
ആരോഗ്യ പ്രശ്നം
സാധാരണ ഗതിയിൽ ഒരാഴ്ച വരെ കോൾഡ് സ്റ്രോറേജിൽ സൂക്ഷിച്ചാൽ മുട്ടയ്ക്ക് കേടു വരില്ല.അതിൽ കൂടുതൽ ദിവസം സൂക്ഷിക്കാൻ പാടില്ല. കൂടുതൽ പഴകിയ മുട്ട കഴിച്ചാൽ പലർക്കും അലർജിയുണ്ടാകും. ഛർദ്ദി , വയറിളക്കം തുടങ്ങിയ അസുഖങ്ങളുമുണ്ടാകും.ഉപയോഗിക്കാൻ നാടൻ മുട്ടയാണ് ഉത്തമം. " - ശുഭശ്രീ പ്രശാന്ത് ,ഡയറ്രിഷ്യൻ , തിരുവനന്തപുരം
കേടാണോ എന്നറിയാം.
ഒരു പാത്രം നിറയെ വെള്ളം ഒഴിച്ച ശേഷം അതിലേക്ക് ഇട്ട് മുട്ടയുടെ പഴക്കം പരിശോധിക്കാനാകും. ഫ്രഷ് ആണെങ്കിൽ മുട്ട പാത്രത്തിന് അടിയിൽ പോകും. കൂടുതൽ കേടായ മുട്ട പൊങ്ങിക്കിടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |