തിരുവനന്തപുരം:സ്‌കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവായി. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പ്രവേശനത്തിനും, ടി.സിക്കും ഓൺലൈനായി സമ്പൂർണ' വഴി (sampoorna.kite.kerala.gov.in) രക്ഷാകർത്താക്കൾക്ക് അപേക്ഷിക്കാം.നേരിട്ട് അപേക്ഷ നൽകിയവർ ഓൺലൈനിൽ അപേക്ഷിക്കേണ്ടതില്ല.
നിലവിൽ 1 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള ക്ലാസ് പ്രൊമോഷൻ 'സമ്പൂർണ' വഴി തുടരും. ക്ലാസ് പ്രൊമോഷൻ വഴിയോ ,അല്ലാതെയോ ഉള്ള സ്‌കൂൾ മാറ്റത്തിന് ടി.സിക്ക് അപേക്ഷിക്കുമ്പോഴും 'സമ്പൂർണ' വഴി നൽകും.ടി.സിക്കുള്ള അപേക്ഷ ലഭിക്കുന്ന സ്‌കൂളിലെ പ്രഥമാദ്ധ്യാപകർ 'സമ്പൂർണ' വഴി ട്രാൻസ്ഫർ ചെയ്യേണ്ടതും ,ടി.സിയുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്‌കൂളിന് ലഭ്യമാക്കേണ്ടതുമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി മറ്റു സ്ട്രീമുകളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേയ്ക്കു വരുന്ന കുട്ടികൾക്കും ,പുതുതായി സ്‌കൂൾ പ്രവേശനം നേടുന്നവർക്കും 'സമ്പൂർണ'വഴി അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകരുടെ 'സമ്പൂർണ' ലോഗിനിൽ ലഭിക്കുന്ന അപേക്ഷകൾക്കനുസരിച്ച് താൽക്കാലിക പ്രവേശനം നൽകും.
അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് രക്ഷിതാവിന് അപേക്ഷയുടെ തൽസ്ഥിതി സമ്പൂർണ പോർട്ടലിൽ പരിശോധിക്കുന്നതിനും അവസരമുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ സ്‌കൂളിൽ പ്രവേശിക്കുന്ന ദിവസം/ആവശ്യപ്പെടുന്ന സമയത്ത് നൽകിയാൽ മതി. നിലവിൽ ആധാർ നമ്പർ (യു.ഐ.ഡി.) ലഭിച്ച കുട്ടികൾ ആ നമ്പറും, യു.ഐ.ഡിയ്ക്ക് അപേക്ഷിക്കുകയും എന്റോൾമെന്റ് ഐ.ഡി. ലഭിക്കുകയും ചെയ്തിട്ടുള്ളവർ ആ നമ്പറും (ഇ.ഐ.ഡി) നിർബന്ധമായും രേഖപ്പെടുത്തണം. ആധാറിന് അപേക്ഷിച്ചിട്ടില്ലെങ്കിൽ 'ഇല്ല' എന്ന് രേഖപ്പെടുത്താൻ സോഫ്റ്റ്‌വെയറിൽ സംവിധാനമുണ്ട്. ഓൺലൈൻ പ്രവേശനം സംബന്ധിച്ച സഹായക രേഖകൾ, വീഡിയോ എന്നിവ sampoorna.kite.kerala.gov.in ൽ ലഭ്യമാണ്.
ഓൺലൈൻ പഠനത്തിന് സഹായവുമായി പൊലീസ്
തിരുവനന്തപുരം: ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ ഓൺലൈൻ പഠനത്തിന് സഹായവുമായി ഇ വിദ്യാരംഭം പദ്ധതി.
50,000 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ പദ്ധതി വഴി വിതരണം ചെയ്യും. ഉപയോഗിച്ചതോ പുതിയതോ ആയ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്ലെറ്റ്, ഐഫോൺ, ഐപാഡ് എന്നിവ ഇതിനായി ലഭ്യമാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പൊലീസ് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. കമ്പ്യൂട്ടർ സാക്ഷരതയുളള പൊലീസ് ഉദ്യോഗസ്ഥർ ഒഴിവ് സമയങ്ങളിൽ കുട്ടികളുടെ വീട്ടിലെത്തി നിർദ്ദേശങ്ങൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |