കുഴിത്തുറ: കളിയിക്കാവിള ചെക്‌പോസ്റ്റിൽ എ.എസ്.ഐ വിത്സൻ (57) വെടിയേറ്റ് മരിച്ച കേസ് അന്വേഷിക്കുന്ന എൻ.ഐ. എ സംഘം കന്യാകുമാരിയിലെത്തി. കഴിഞ്ഞ ദിവസം കൊച്ചി എൻ.ഐ.എ ഡി.എസ്.പിയുടെ നേതൃത്വത്തിൽ ആറംഗസംഘം കന്യാകുമാരിയിൽ തക്കല പൊലീസ് സ്റ്റേഷന്റെ ഒരുഭാഗം താത്കാലിക എൻ.ഐ.എ സ്റ്റേഷൻ ആയിട്ട് പ്രവർത്തനം ആരംഭിച്ചു.
കളിയിക്കാവിള ചെക്‌പോസ്റ്റിൽ കഴിഞ്ഞ ജനുവരി 8നാണ് വിത്സനെ രണ്ടുപേർ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം വെടിവെച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് സ്വദേശികളായ അബ്‌ദുൾ ഷമീം (29), കോട്ടാർ സ്വദേശി തൗഫിക് (27) എന്നിവരെ പൊലീസ് അറസ്റ്ര് ചെയ്തിരുന്നു. ഇവരുടെ പേരിൽ യു.എ.പി.എയും ചുമത്തി. കൊലപാതകം ആസൂത്രണം ചെയ്യ്ത കളിയിക്കാവിള സ്വദേശിയായ സെയ്ദലിയെയും (26) പിടികൂടിയിരുന്നു. തുടർന്ന് പ്രതികൾക്ക് തീവ്രവാദ ബന്ധം ഉള്ളതിനാൽ കേസ് തമിഴ്നാട് ഗവണ്മെന്റ് എൻ.ഐ.എക്ക് ശുപാർശ ചെയ്യുകയായിരുന്നു.
എൻ.ഐ.എ സംഘം ഇന്നലെ അബ്‌ദുൾ ഷമീമിന്റെയും,തൗഫികിന്റെയും വീടുകളിൽ പരിശോധന നടത്തുകയും ബന്ധുക്കളെ ചോദ്യം ചെയ്യുകയും ചെയ്യ്തു. നിലവിൽ അബ്‌ദുൾ ഷമീമും,തൗഫിക്കും സേലം സെൻട്രൽ ജയിലിലും, സെയ്ദലി തിരുനെൽവേലി പാളയംകോട്ട ജയിലിലുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |