തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും ഓൺലൈൻ ക്ളാസ് തുടങ്ങിയതോടെ, സംസ്ഥാനത്തെ മൊബൈൽ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ചാകരക്കൊയ്ത്ത്. ഒറ്റ മാസം കൊണ്ട് ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം രണ്ടിരട്ടി വരെയാണ് കൂടിയത്. എന്നാൽ ഉപഭോക്താക്കൾ കൂടിയതോടെ നെറ്റിന്റെ സ്പീഡ് കുറഞ്ഞത് തലവേദനയായി. അടിയന്തരമായി വേഗതയിൽ 30 - 40ശതമാനം വർദ്ധനയെങ്കിലും വരുത്തിയില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന് മൊബൈൽ കമ്പനി അധികൃതർ പറയുന്നു. സംസ്ഥാനത്ത് എല്ലാ സേവനദാതാക്കൾക്കുമായി 17,000 ടവറുകളാണുള്ളത്. ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ, ആറു മാസത്തിനകം 5000 ടവറുകൾ കൂടി വേണം. എന്നാൽ, നിലവിലെ ടവറുകളിൽ ബൂസ്‌റ്ററുകളോ, അഡിഷണൽ സെക്ടറുകളോ സ്ഥാപിച്ച് പ്രതിസന്ധി മറികടക്കാനാണ് കമ്പനികളുടെ ശ്രമം. ലോക്ക് ഡൗണോടെ, ഇന്റർനെറ്റ് ഉപയോഗം 30- 50 ശതമാനമാണ് വർദ്ധിച്ചത്.
വെർച്വൽ പഠനം
ഓൺലൈൻ പഠനത്തിന് മാത്രമായി പ്രതിദിന ഇന്റർനെറ്റ് ഉപയോഗത്തിൽ 10 ശതമാനം വർദ്ധനയുണ്ടായി. ഒരു ദിവസത്തേക്ക് 1.5 ജിബി ഡേറ്റ വേണം. മുമ്പ് രാത്രി 7 മുതൽ 11 വരെയായിരുന്നു ഉപയോഗത്തിന്റെ പീക്ക് ടൈം. എന്നാലിപ്പോൾ, രാവിലെ 8 മുതൽ രാത്രി 12 ആയിട്ടുണ്ട്. നിലവിലെ ഇന്റർനെറ്റ് ശേഷിയുടെ 90 ശതമാനമാണിത്.
കെ ഫോൺ
പരിഹാരം
പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഹൈസ്‌പീഡ് ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്നതിന് കേരള സ്‌റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കെ.എസ്.ഇ.ബിയും സംയുക്തമായിനടപ്പാക്കുന്ന 1500 കോടിയുടെ കെ ഫോൺ (കേരള ഫൈബർ ഒപ്ടിക് നെറ്റ്‌വർക്ക്) അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഇന്റർനെറ്റ് നൽകുന്നതിനൊപ്പം, വിദ്യാലയങ്ങൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയവയ്ക്കും നെറ്റ്‌വർക്ക് ലഭിക്കും. ഡിസംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. 28000 കിലോമീറ്റർ നീളത്തിൽ കോർ നെറ്റ്‌വർക്ക് സർവേ പൂർത്തീകരിച്ചിട്ടുണ്ട്.
ഇന്റർനെറ്റ് വേഗത
സംസ്ഥാനത്ത് ഒാഫർ ചെയ്യുന്ന പരമാവധി ഇന്റർനെറ്റ് വേഗത 100 എം.ബി.പി.എസ്
ഒാൺലൈൻ ക്ളാസ് തുടങ്ങിയശേഷമുള്ള പരമാവധി വേഗത 42 എം.ബി.പി.എസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |