കുറച്ചുവർഷങ്ങൾക്ക് മുമ്പ് 'തെക്കേ ഇന്ത്യ" എന്ന ടൈറ്റിലിൽ നാച്വർ വിഭാഗത്തിൽ സമ്മാനങ്ങൾ നേടിത്തന്ന ഒരു ചിത്രത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഫേട്ടോഗ്രാഫിയിൽ ഭാഗ്യത്തിന് നല്ലൊരു പങ്കുണ്ടെന്നു മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അതില്ലാതെ വന്നാൽ 'കപ്പിനും ചുണ്ടിനും ഇടയിൽ' എന്നപോലെ നല്ല ചിത്രങ്ങൾ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. തികച്ചും അവിചാരിതമായി കിട്ടിയ ഒരു ചിത്രമാണ് ഇത്. കണ്ടമാത്രയിൽ ക്ലിക്ക് ചെയ്ത ഒരു ഫേട്ടോയായിരുന്നു അത്. 1991ൽ ഊട്ടിയിൽ നിന്ന് മൈസൂരിലെ വൃന്ദാവൻ ഗാർഡൻ കാണാൻ പോയിരുന്നു. ഫേട്ടോകകളും മറ്റുമെടുത്തു അവിടുത്തെ പലസ്ഥങ്ങളും നടന്നു കാണുമ്പേഴേക്കും നേരം വൈകിയിരുന്നു. എങ്കിലും വെളിച്ചം ഒട്ടും കുറഞ്ഞിരുന്നില്ല. തിരികെ പോരാനായി നടക്കുമ്പോൾ ഏതോ പ്രത്യേകശബ്ദം കേട്ട ഭാര്യ പെട്ടെന്ന് മുകളിലേക്ക് നോക്കാൻ പറഞ്ഞു. നോക്കിയതും കഴുത്തിൽ തൂക്കിയിരുന്ന കാമറയെടുത്ത് ക്ലിക്ക് ചെയ്തതും ഒപ്പമായിരുന്നു. മറ്റൊരു ക്ലിക്കിന് ശ്രമിക്കുമ്പേഴേക്കും തൊട്ടുമുമ്പ് കണ്ട ആകൃതി തന്നെ മാറിപ്പോയിരുന്നു.
വൈകുന്നേരം ചേക്കേറാനായി പലതരം പക്ഷികൾ കൂട്ടമായി പറന്നു പോകുന്നത് മിക്കപ്പോഴും ചക്രവാളത്തിൽ കാണാം. അവയെല്ലാം പറക്കുന്നത് പലപ്പോഴും വായുസേന നടത്തുന്ന വിമാനങ്ങളുടെ അഭ്യാസപ്രകടനം പോലെ കൃത്യമായ അകലത്തിലും പ്രത്യേക ആകൃതിയിലും ആയിരിക്കും. അങ്ങനെയുള്ള ഒരു ദൃശ്യമായിരുന്നു കൺമുന്നിൽ പറന്നു പോയത്. കാക്കകളെപ്പോലെയുള്ള ഏതോ പക്ഷികൾ ഏതാണ്ട് ഇംഗ്ലീഷ് അക്ഷരമാലയിലെ ' വി" ആകൃതിയിൽ പറന്നു പോകുകയാണ്. താഴെ നിൽക്കുന്ന ഞാൻ കാമറ മുകളിലേക്ക് പിടിച്ച് ക്ലിക്കു ചെയ്തപ്പോൾ ഈ രീതിയിൽ പതിയുകയായിരുന്നു! ചെറിയ തോതിൽ ആകൃതി മാറാൻ തുടങ്ങിയിരുന്നു. അതോടെ ആ ഫ്രെയിമിൽ തെക്കേ ഇന്ത്യയുടെ രൂപമായി. താഴെ അറ്റത്തായി ശ്രീലങ്കയും! നല്ല നീലാകാശം ബാക് ഗ്രൗണ്ടിൽ കിട്ടിയപ്പോൾ ചിത്രത്തിന് അതു കൂടുതൽ തെളിച്ചവും ഭംഗിയും ഉള്ളതായി തോന്നി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |