കോഴിക്കോട്: ലോക്‌സഭയിൽ മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന പി.കെ.കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ നടപടിയെടുക്കാതെ ലീഗ് നേതൃത്വം. വിവാദങ്ങൾ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിക്കണമായിരുന്നു. ലീഗ് ജനപ്രതിനിധികളും ജാഗ്രത പുലർത്തണമെന്ന് ഹെെദരലി ഷിഹാബ് തങ്ങൾ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണത്തിൽ തൃപ്തിയുണ്ട്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അവസാനിച്ചതായി ഷിഹാബ് തങ്ങൾ അറിയിച്ചു. കുഞ്ഞാലിക്കുട്ടി ലീഗ് നേതൃത്വത്തിന് നൽകിയ വിശദീകരണത്തെ തുടർന്നാണ് ഷിഹാബ് തങ്ങൾ പ്രതികരണവുമായി രംഗത്ത് വന്നത്. വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയിൽ പങ്കെടുക്കാനാണെന്നും വിവാഹത്തിൽ പങ്കെടുത്തത് കൊണ്ടല്ലെന്നും കുഞ്ഞാലിക്കുട്ടി നേരെത്തെ വിശദീകരിച്ചിരുന്നു. വോട്ടെടുപ്പ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തിങ്കളാഴ്ച രാജ്യസഭയിൽ മുത്തലാഖ് ബിൽ പരിഗണിക്കുമ്പോൾ അതിനെതിരെ വോട്ട് ചെയ്യാൻ ലീഗ് അംഗങ്ങൾക്ക് നിർദേശം കൊടുത്തു. രാജ്യസഭയിൽ ബിൽ പാസാകില്ലന്നാണ് പ്രതീക്ഷയെന്നും ഷിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |