തൃപ്പൂണിത്തുറ: മംഗലാപുരത്തുനിന്ന് ട്രെയിനിൽ നാട്ടിലെത്തിയ ഉദയംപേരൂർ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി അധികൃതരുടെ അനാസ്ഥകാരണം ക്വാറന്റൈൻ സൗകര്യം ലഭിക്കാൻ നാലുമണിക്കൂറോളം ആട്ടോയിൽ കാത്തിരുന്നു. ഒടുവിൽ കളക്ടർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ഇന്നലെ രാവിലെ 11മണിയോടെയാണ് വിദ്യാർത്ഥി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയത്. തുടർന്ന് സുരക്ഷാസംവിധാനം ഒരുക്കിയ ആട്ടോയിൽ ഉദയംപേരൂർ പൊലീസ് സ്റ്റേഷന് മുന്നിലെത്തി. ഈ സമയം അവിടെയെത്തിയ മാതാപിതാക്കൾ സ്റ്റേഷനിൽ കയറി പൊലീസിനോട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് പൊലീസ് ഉദയംപേരൂർ പഞ്ചായത്ത് അധികൃതരെ ഫോണിൽ ബന്ധപ്പെട്ട് ക്വാറന്റൈൻ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചതോടെ വിദ്യാർത്ഥിയുമായി മാതാപിതാക്കൾ രണ്ടുവാഹനത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി. പിതാവ് സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോൾ കാത്തിരിക്കാൻ നിർദേശിച്ചു. വൈകിട്ട് മൂന്നരയായിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് സംഭവം വിവാദമായി. വിവരമറിഞ്ഞ ജില്ലാ കളക്ടർ എസ്. സുഹാസ് ഇടപെട്ടതോടെയാണ് വിദ്യാർത്ഥിയെ പുതിയകാവ് സർക്കാർ ആയുർവേദ കോളേജിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയത്.
പഞ്ചായത്ത് അധികാരികളുടെ അനാസ്ഥയിൽ സി.പി.എം, സി.പി.ഐ നേതാക്കളും പ്രവർത്തകരും പഞ്ചായത്തിന് മുന്നിൽ പ്രതിഷേധിച്ചു.
# ക്വാറന്റൈൻ സൗകര്യം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു
മകൻ വരുന്ന വിവരം ഉദയംപേരൂർ പൊലീസിനെയും പഞ്ചായത്ത് അധികൃതരെയും നേരത്തെ അറിയിച്ചിരുന്നു. വീട്ടിൽ വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ ക്വാറന്റൈൻ സൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു.
# വിദ്യാർത്ഥി എത്തുന്ന വിവരമറിഞ്ഞത് വൈകി
വിദ്യാർത്ഥി എത്തുന്ന വിവരം വൈകിയാണ് അറിഞ്ഞതെന്നും ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിലുണ്ടായ താമസം ഇക്കാരണത്താലാണെന്നും ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് പറഞ്ഞു. മനപ്പൂർവമായ വീഴ്ച വരുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |