SignIn
Kerala Kaumudi Online
Wednesday, 09 July 2025 9.40 PM IST

കൊവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കണം

Increase Font Size Decrease Font Size Print Page

editorial-

കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും ലോകത്ത് നാലാം സ്ഥാനത്തേക്ക് ഉയർന്നുകഴിഞ്ഞ ഇന്ത്യ കൂടുതൽ ആപൽക്കരമായ ഒരു ദശാസന്ധിയെ നേരിടുകയാണ്. കൊവിഡ് രോഗികൾ മൂന്നുലക്ഷം കവിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഒരു ദിവസം പതിനായിരം എന്ന തോതിൽ രോഗികൾ വർദ്ധിക്കുന്നത് അപായ സൂചന തന്നെയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കാര്യങ്ങൾ കൈവിട്ട നിലയിലായതിന്റെ പേരിൽ സുപ്രീംകോടതിയിൽ നിന്ന് നിശിത വിമർശനം ഉയർന്നിരുന്നു. മൃഗങ്ങളോടു പോലും കാട്ടാത്ത ക്രൂരതയാണ് ഡൽഹി ആശുപത്രികളിൽ കൊവിഡ് രോഗികൾ നേരിടേണ്ടിവരുന്നതെന്നാണ് ആക്ഷേപം. അതുപോലെ തന്നെയാണ് മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങി രോഗവ്യാപനം ഏറി നിൽക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിയും. കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ചുകൊണ്ട് രോഗവ്യാപനം പെരുകുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകാനുള്ള സാദ്ധ്യത ഏറെയാണ്. ഇവിടെ മാത്രമല്ല പല ലോക രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. രോഗികളോടു മാത്രമല്ല, മരണമടയുന്നവരോടു കാട്ടുന്ന ക്രൂരതയിലും പരമോന്നത കോടതി രോഷവും ദുഃഖവും പ്രകടിപ്പിക്കുകയുണ്ടായി. കൊവിഡ് ബാധിച്ച് മരണമടഞ്ഞ ഒരാളുടെ ജഡം ബംഗാളിൽ മാലിന്യവണ്ടിയിൽ കാണപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഡൽഹിയിലെ ആശുപത്രികളിൽ കിടക്കകൾ ഒഴിഞ്ഞുകിടക്കുമ്പോഴും രോഗം പിടിപെട്ട് സംഭ്രാന്തിയോടെ ഓടിയെത്തുന്നവരെ നിഷ്‌ക്കരുണം മടക്കി അയയ്ക്കുകയാണെന്ന ആക്ഷേപമുണ്ട്. ആശുപത്രികൾ വിവേചനത്തോടെ രോഗികളെ തരം തിരിക്കുന്നതായ പരാതി കൂടുതലും ഗുജറാത്തിൽ നിന്നാണ്. മഹാരാഷ്ട്രയിലാകട്ടെ രോഗികൾ ലക്ഷം കടന്നതോടെ സാധാരണക്കാർക്ക് മറ്റു രോഗങ്ങൾക്കും ചികിത്സ അപ്രാപ്യമായിട്ടുണ്ട്. ചികിത്സ ലഭിക്കാതെ മലയാളികളടക്കം നിരവധി പേർ മുംബയിൽ മാത്രം അകാലമൃത്യുവിന് ഇരയായിട്ടുണ്ട്.

കൊവിഡ് രോഗികൾ മനുഷ്യരോ മൃഗങ്ങളോ എന്ന് ഉന്നത നീതിപീഠം രോഷത്തോടെ ചോദിക്കുമ്പോൾ മഹാമാരി നേരിടുന്നതിൽ സംഭവിക്കുന്ന ഭരണകൂട വിഴ്ചകളാണ് തെളിഞ്ഞുവരുന്നത്. ഡൽഹിയിൽ കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ മരണമടഞ്ഞവരുടെ കണക്കുകളിൽപ്പോലും കാണാം വലിയ അന്തരം. വിവിധ ശ്മശാനങ്ങളിൽ സംസ്കാരത്തിനായി എത്തിച്ച ജഡങ്ങൾ രണ്ടായിരത്തിലേറെയാണ്. എന്നാൽ ഡൽഹി സർക്കാരിന്റെ കണക്ക് ഇതിന്റെ നേർ പാതി മാത്രവും.

രാജ്യമൊട്ടാകെ കൊവിഡ് സ്ഥിതി അതീവ ഗുരുതരമായി തുടരുമ്പോഴും പൂർണമായി അത് ഉൾക്കൊള്ളാൻ ജനങ്ങൾ തയ്യാറാകുന്നില്ലെന്നു വേണം മനസിലാക്കാൻ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒന്നൊന്നായി പിൻവലിച്ചതോടെ തിക്കും തിരക്കും മുമ്പുള്ള നിലയിലേക്ക് എത്തിക്കഴിഞ്ഞു. കൊവിഡ് ഉടനൊന്നും വിട്ടുമാറാൻ പോകുന്നില്ലെന്ന ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിന്റെ ബലത്തിൽ എല്ലാം പഴയതിലേക്ക് കൊണ്ടുവരാനുള്ള ശ്രമമമാണു ദൃശ്യമാകുന്നത്. കരുതലും ജാഗ്രതയും കൈവിട്ടു കഴിഞ്ഞാലുണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ച് വലിയ വിചാരമൊന്നും കാണുന്നില്ല. രോഗവ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടി ശക്തിപ്പെടുത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും. കഴിഞ്ഞ ഒരാഴ്ച കൊണ്ട് രോഗികളുടെ സംഖ്യ ഒരുലക്ഷമാണ് വർദ്ധിച്ചത്. മരണം പതിനായിരം കവിയാൻ ഇനി അധിക നാൾ വേണ്ട. പുതുതായി രോഗികൾ ഉണ്ടാകുന്ന സ്ഥലം കേന്ദ്രീകരിച്ച് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനുള്ള തന്ത്രം ആവിഷ്കരിക്കണം. സമ്പർക്കം വഴി രോഗ വ്യാപനം നടക്കുന്നതു കണ്ടെത്താൻ പരിശോധനകൾ കൂട്ടണം. അതിനാവശ്യമായ പരിശോധനാ കിറ്റുകൾ സമയാസമയങ്ങളിൽ എത്തിക്കണം. രോഗികൾ മൂന്നുലക്ഷം കവിഞ്ഞിട്ടും രാജ്യത്ത് കൊവിഡ് പരിശോധന സാഹചര്യം ആവശ്യപ്പെടുന്ന നിലയിലേക്കു ഉയർന്നിട്ടുണ്ടെന്നു പറയാനാവില്ല.

രാജ്യത്ത് ആദ്യത്തെ കൊവിഡ് കേസുണ്ടായത് ഈ വർഷം ജനുവരി 30 - നാണ്. രോഗികൾ ലക്ഷമാകാൻ നൂറു ദിനങ്ങൾ വേണ്ടിവന്നു. അവിടെ നിന്ന് സംഖ്യ മൂന്നുലക്ഷം കടക്കാൻ ഇരുപത്തഞ്ചു ദിവസമേ വേണ്ടിവന്നുള്ളൂ. രോഗവ്യാപനത്തിന്റെ ഗതി മനസിലാക്കാൻ ഇതു ധാരാളമാണ്. അമേരിക്കയും ബ്രസീലും റഷ്യയുമാണ് കൊവിഡ് കേസുകളിൽ ഇന്ത്യയ്ക്കു മുമ്പിലുള്ളത്. ഇപ്പോഴത്തെ നിരക്കിൽ രോഗികൾ പെരുകിയാൽ റഷ്യയെയും ബ്രസീലിനെയും കടന്ന് രണ്ടാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്ക് കൂടുതൽ നാൾ വേണ്ടിവരികയില്ല.

രോഗനിയന്ത്രണം അകന്നകന്നു പോകുന്നതോടെ പുതിയ ലോക്ക് ഡൗണിനെക്കുറിച്ചും മറ്റു തരത്തിലുള്ള നിയന്ത്രണങ്ങളെക്കുറിച്ചുമൊക്കെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യങ്ങൾ ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഈ വക കാര്യങ്ങൾ ഈ ആഴ്ച പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താനിരിക്കുകയാണ്. ഇനിയൊരു ലോക്ക് ഡൗണിന് മിക്ക സംസ്ഥാനങ്ങളും എതിരാണ്. ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നതാകും ശരിയായ തീരുമാനം. ഏതായാലും കൊവിഡിനെ ചെറുക്കാൻ പുതുതായി കുറച്ചു നിയന്ത്രണങ്ങൾ അനിവാര്യമായിട്ടുണ്ടെന്നതിൽ തർക്കമില്ല.

രോഗവ്യാപനം ചെറുക്കാനുള്ള ശക്തമായ നടപടികൾക്കൊപ്പം നിലവിൽ ആശുപത്രികളിലെ സൗകര്യങ്ങൾ പരമാവധി വർദ്ധിപ്പിക്കുന്നതിനും പരാതികൾ ഒഴിവാക്കുന്നതിനും ഊർജ്ജിത നടപടികളും ഉണ്ടാകണം. രോഗികൾ കൂടുതലുള്ള നഗരങ്ങളിൽ കൊവിഡ് ബാധിച്ച് അവശനിലയിലായ ആളുകളെയും കൊണ്ട് ആശുപത്രികൾ തോറും കയറിയിറങ്ങേണ്ടിവരുന്നതിൽപ്പരം നിസ്സഹായാവസ്ഥ വേറെയില്ല. അതുപോലെ മറ്റു രോഗങ്ങൾക്ക് ചികിത്സ തേടി എത്തുന്നവരെ ആട്ടിപ്പായിക്കുന്ന ക്രൂര വിനോദം തുടരാൻ ഒരു ആശുപത്രിയെയും അനുവദിച്ചുകൂടാ. ഭരണകൂട ഉത്തരവാദിത്വമാണത്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.