SignIn
Kerala Kaumudi Online
Monday, 28 September 2020 12.20 PM IST

നോർക്കയുടെ വിവാദ ഉത്തരവ് , ചാർട്ടേഡ് വിമാനങ്ങളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

-gulf-news
GULF NEWS,GCC,FLIGHT RATE,DEADBODY,

തിരുവനന്തപുരം: ഗൾഫിൽ നിന്ന് സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്ന യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് കൊവിഡില്ലെന്ന് തെളിയിച്ചിരിക്കണമെന്ന് നോർക്കയുടെ ഉത്തരവ്. ചില വിമാനക്കമ്പനികൾ ആവശ്യപ്പെട്ടതു പ്രകാരമാണ് ഇങ്ങനെ തീരുമാനിച്ചതെന്നറിയുന്നു.

ഈ മാസം 20 മുതൽ പുറപ്പെടുന്ന ചാർട്ടേഡ് ഫ്ലൈറ്റുകളിൽ യാത്രചെയ്യാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവന്റെ പേരിലുള്ള ഉത്തരവിൽ പറയുന്നു. പരിശോധനയിൽ കൊവിഡ്-19 പോസിറ്റീവ് ആയവർക്ക് അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കാനായി എയർ ആംബുലൻസ് ലഭ്യമാക്കും.

മദ്ധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരിൽ കൊവിഡ് വ്യാപനനിരക്ക് മൂന്ന് ശതമാനമാണെന്നും ചില രാജ്യങ്ങളിൽ ആറ് ശതമാനം വരെയുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഫലപ്രദമായ പ്രതിരോധനടപടികൾ സ്വീകരിച്ചാലും കേരളത്തിൽ വൈറസ് ബാധ അപകടകരമായ നിലയിലേക്ക് ഉയരാൻ ഇതിടയാക്കുമെന്നും പറയുന്നു.

അതേസയമയം, കഴിഞ്ഞ മാർച്ച് 13ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് പാസാക്കിയ പ്രമേയത്തിന് വിരുദ്ധമാണ് ഈ ഉത്തരവെന്ന്ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയത് വിവാദത്തിന് വഴിവച്ചു. ഉത്തരവ് പാവപ്പെട്ട പ്രവാസികളെ ദ്രോഹിക്കുന്നതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നോർക്ക വകുപ്പിന് കത്തെഴുതി.
കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ബോദ്ധ്യപ്പെടുന്നവരെ മാത്രമേ വിദേശത്ത് നിന്ന് കൊണ്ടുവരാവൂ എന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെയാണ് മാർച്ച് 13ന് നിയമസഭ പ്രമേയം പാസ്സാക്കിയത്. ഇറ്റലിയിൽ നിന്നും റിപ്പബ്ലിക് ഒഫ് കൊറിയയിൽ നിന്നും മലയാളികളെ മടക്കിക്കൊണ്ടുവരാൻ കൊവിഡ് പരിശോധന മുൻകൂറായി നടത്തണമെന്നായിരുന്നു കേന്ദ്ര ഉത്തരവ്.

പരിശോധനാ സൗകര്യം:

റിപ്പോർട്ട് തേടി

തീരുമാനം വിവാദമായതോടെ, ഗൾഫ് രാജ്യങ്ങളിലെ എംബസികളോട് അവിടങ്ങളിലെ കൊവിഡ് പരിശോധനാ സൗകര്യങ്ങളെക്കുറിച്ച് നോർക്ക റിപ്പോർട്ട് തേടി. പരിശോധനാ സൗകര്യം പര്യാപ്തമല്ലെങ്കിൽ തീരുമാനം പുനപ്പരിശോധിച്ചേക്കും.

ചാർട്ടേഡ് വിമാനയാത്ര: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപാധി ക്രൂരത: ചെന്നിത്തല

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ വിദേശത്തുനിന്ന് വരുന്ന മലയാളികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വന്ദേഭാരത് മിഷനിൽ ഇല്ലാത്ത ഈ നിബന്ധന മലയാളികളോട് കാട്ടുന്ന ക്രൂരതയാണ്. കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ മാത്രമേ വിദേശത്ത് നിന്ന് കൊണ്ടുവരാവൂ എന്ന കേന്ദ്ര വ്യോമയാന വകുപ്പിന്റെ ഉത്തരവിനെതിരെ മാർച്ച് 12ന് നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയ കാര്യം സർക്കാർ മറക്കരുത്. സ്വന്തമായി ടിക്കറ്റെടുക്കാൻ പോലും കഴിവില്ലാത്തവരെയാണ് ഗൾഫ് മേഖലയിലെ സന്നദ്ധ സംഘടനകൾ ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ കൊണ്ടുവരുന്നത്. അവിടെ കൊവിഡ് ടെസ്റ്റ് നടത്താനും നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടാനും ബുദ്ധിമുട്ടാണെന്ന് മാത്രമല്ല വലിയ പണച്ചെലവുമാണ്. യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നേടുക അപ്രായോഗികമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCKDOWN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.