ചൂടുവെള്ളത്തിൽ വീണ പൂച്ചയ്ക്ക് പച്ചവെള്ളം കണ്ടാലും ചൂടുവെള്ളമാണോയെന്ന ശങ്ക തോന്നുന്നത് സ്വാഭാവികമാണ്. പച്ചവെള്ളത്തിന് അല്പം വെയിൽ തട്ടിയാൽ ചൂടുവെള്ളമാകാൻ പ്രയാസമില്ല. അത് ശബരിമലയിലും തന്ത്രിഭവനത്തിലും സംഭവിക്കാം. അതേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. എന്നാൽ, കടകംപള്ളി സഖാവ് കാര്യങ്ങൾ നേരേ വാ, നേരേ പോ മട്ട് പറഞ്ഞ് ശീലിച്ചിട്ടുള്ളയാളായതിനാൽ പച്ചവെള്ളം കണ്ട് ചൂടുവെള്ളമാണെന്ന് ശങ്കിച്ചിട്ടില്ല ഇന്നേവരെ. തന്ത്രിയെ കാണുമ്പോൾ കവാത്ത് മറന്നുവെന്നെല്ലാം തോന്നാം. അങ്ങനെയല്ല കാര്യം. ശബരിമല ശാസ്താവ് കണ്ണുകാട്ടി വിളിച്ചപ്പോൾ അടുത്തുചെന്ന്, 'സഖാവ് ഭഗവാൻ, വല്ലതും ചോദിച്ചോ...' എന്ന് ആരായുകയും അതുപ്രകാരം കാര്യങ്ങൾ നീക്കുകയും ചെയ്തതാണ്. ശാസ്താവ് എന്ത് പറഞ്ഞാലും അനുസരിക്കണമെന്ന നിർബന്ധബുദ്ധിയുള്ളയാളാണ് കടകംപള്ളി സഖാവ്. കാൾമാർക്സ് പറഞ്ഞാൽ അങ്ങനെ അനുസരിച്ച് കൊള്ളണമെന്നില്ല. 'ഉള്ളത്തിൽ ഭയമേറുക മൂലം, വെള്ളത്തിൽ ചിലർ ചാടിയൊളിച്ചു...' എന്ന് നമ്പ്യാർ പാടിയിട്ടുണ്ടെങ്കിലും അത് കടകംപള്ളി സഖാവിനെ ഉദ്ദേശിച്ച് പാടിയതല്ല.
ശബരിമല ശാസ്താവിന്റെ കാര്യങ്ങൾ ദേവസ്വംബോർഡ് നോക്കിക്കോളുമെന്ന് പിണറായി സഖാവ് ഒന്നൊന്നര കൊല്ലം മുമ്പ് കല്പിച്ചതായിരുന്നു. തന്ത്രിക്കതിൽ കാര്യമില്ല. മുണ്ടിന്റെ കോന്തലയിൽ കെട്ടിയിടുന്ന താക്കോൽ അധികാരമാണെന്ന് കരുതിപ്പോകരുതെന്ന് അന്ന് പിണറായി സഖാവ് മുന്നറിയിപ്പ് നൽകുകയുണ്ടായി.
കടകംപള്ളി സഖാവിന് ശാസ്താവിന്റെ കളികൾ അന്നേ തിരിച്ചറിയാനാവുമായിരുന്നു. അന്നാണെങ്കിൽ കൊറോണ വൈറസ് നാട്ടിലിറങ്ങിയിട്ടില്ലായിരുന്നു. ശാസ്താവ് പലതും കടകംപള്ളി സഖാവിനോട് ചോദിച്ച കൂട്ടത്തിൽ തന്ത്രിയുടെ കോന്തലയിലെ താക്കോലിന്റെ കാര്യം പ്രത്യേകം ഓർമ്മിപ്പിച്ചെന്നാണ് പറയുന്നത്. ആ താക്കോലിലാണ് എല്ലാം എന്നാണ് ശാസ്താവ് ചെവിയിൽ അടക്കം പറഞ്ഞത്. അതേപ്പിന്നെ, പിണറായി സഖാവ് പറയുന്നതല്ല, യഥാർത്ഥ വസ്തുതയെന്ന് കടകംപള്ളി സഖാവിന് ബോദ്ധ്യപ്പെടുകയുണ്ടായി.
ശബരിമലയിൽ യുവതികളെയും പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ പറ്റില്ലെന്ന് തന്ത്രി പറഞ്ഞതായിരുന്നു. അന്ന് പിണറായി സഖാവ് കേട്ടില്ല. സഖാവ് കരുതിയത്, കോടതിയും ഭരണഘടനയുമൊക്കെയാണ് ഇന്നാട്ടിൽ വലുത് എന്നായിരുന്നു. അതുകൊണ്ടാണ് കോന്തലയിൽ കെട്ടിയ താക്കോലിലല്ല അധികാരമിരിക്കുന്നതെന്ന് തന്ത്രിയെ സഖാവ് ഓർമ്മിപ്പിച്ചത്. അന്ന് സഖാവ് ചൂടുവെള്ളത്തിലാണ് വീണുപോയത് എന്ന് കടകംപള്ളി സഖാവ് മനസ്സിലാക്കിയത് ശാസ്താവിൽ നിന്നായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോടിയേരി സഖാവിനും അത് ബോദ്ധ്യമായി.
വൈറസിന് ശാസ്താവെന്നോ തന്ത്രിയെന്നോ നോട്ടമില്ല എന്ന് പിണറായി സഖാവിനറിയാം. പക്ഷേ ഇനിയങ്ങോട്ട് തിരഞ്ഞെടുപ്പിന്റെ കാലമാണ്. എ.കെ.ജി സെന്ററിലെ ലാബിലിരുന്ന് നടത്തിയ ഗവേഷണഫലം പുറത്തുവിട്ട കോടിയേരി സഖാവും മറ്റും കനത്ത മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിൽ ചിലരെല്ലാം തെറ്റിദ്ധരിച്ച് പോയെന്നാണ് പരിശോധനാഫലം പുറത്തുവിട്ട കോടിയേരിസഖാവ് ചൂണ്ടിക്കാട്ടിയത്.
ബാർ തുറന്നില്ലേ, എന്നിട്ടെന്താ അമ്പലം തുറക്കാത്തത് എന്ന് ചെന്നിത്തല ഗാന്ധി തൊട്ട് കെ. മുരളീധര ഗാന്ധി വരെയുള്ളവർ ചോദിച്ച പാടേ എന്നാപ്പിന്നെ ശബരിമലയും ഗുരുവായൂരും തുറന്നുകളയാമെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. തുറന്നില്ലെങ്കിൽ ഗുരുവായൂരിൽ പോയി ഭജനമിരിക്കുമെന്ന് മുരളീധരഗാന്ധി പ്രത്യേകമുന്നറിയിപ്പും നൽകി.
തന്ത്രിയുടെ കോന്തലയിലെ താക്കോലിലും കാര്യമിരിപ്പുണ്ടെന്ന് കോടിയേരി സഖാവ് തൊട്ട് കടകംപള്ളി സഖാവ് വരെയുള്ളവർ കണ്ടെത്തിയ സ്ഥിതിക്ക് പിണറായി സഖാവായിട്ട് അത് തള്ളിക്കളയാൻ നിന്നില്ല. ശബരിമല നട തുറന്നേക്കാൻ തന്ത്രി കല്പിച്ചതും കടകംപള്ളി സഖാവും വാസു സഖാവും അതനുസരിച്ചതും താക്കോലിന്റെ മൂല്യം തിരിച്ചറിഞ്ഞിട്ടാണ്.
വൈറസിന് തന്ത്രിയാര് എന്നൊന്നും നോട്ടമില്ലല്ലോ. ആ മുണ്ടിന്റെ കോന്തലയിൽ താക്കോലിരുന്നാലും ഇല്ലെങ്കിലും അതും പിടിച്ചെടുത്ത് കൊണ്ടുപോകാൻ ബഹുമിടുക്കനാണ് വൈറസ്. ഏത് തന്ത്രിയായാലും ഉൾഭയമുണ്ടാവാതെ തരമില്ല. പിണറായി സഖാവിന്റെ ഭീഷണി പോലെയല്ല ഇവന്റെ ഭീഷണി. അതുകൊണ്ട് മാത്രം തന്ത്രിക്ക് വീണ്ടുവിചാരമുണ്ടായി. നട തുറക്കേണ്ട എന്ന് തന്ത്രി തിരിച്ചു പറഞ്ഞു. കടകംപള്ളി സഖാവ് കേട്ടത് പാതി, കേൾക്കാത്തത് പാതി അതങ്ങ് അനുസരിച്ചു. അത്രേയുള്ളൂ.
തന്ത്രി തുറക്കാൻ പറഞ്ഞാൽ തുറക്കണമെന്നും തുറക്കരുതെന്ന് പറഞ്ഞാൽ തുറക്കരുതെന്നും ഏറ്റുപറഞ്ഞ് ബഹളം കൂട്ടാൻ മാനനീയ കെ.സുരേന്ദ്രൻജി മുതൽപേർ പുറത്ത് കറുപ്പുടുത്ത് നില്പുണ്ടെന്നതും വിസ്മരിച്ച് കൂടാത്തതാണ്. ഏത് പച്ചവെള്ളവും ചൂടുവെള്ളമായി മാറാൻ ചെറിയൊരു വെയിൽ മതി.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |