അച്ഛൻ എന്ന വാക്ക് എനിക്ക് കരുത്തിന്റെയും ആത്മാർപ്പണത്തിന്റെയും പ്രതീകമാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന അച്ഛനെയാണ് ഞാൻ കണ്ടുവളർന്നത്. കലയോടും സാഹിത്യത്തോടും അച്ഛന് പ്രത്യേകമായ ഒരാഭിമുഖ്യം ഉണ്ടായിരുന്നു.
റോസ് സൊസൈറ്റി, മാർഗി, ദൃശ്യവേദി, റോട്ടറിയുടെ പോളിയോ നിർമ്മാർജ്ജന പ്രവർത്തനം തുടങ്ങിയതിനെല്ലാം അച്ഛൻ മുന്നിട്ടിറങ്ങിയിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന സി.ഒ. കരുണാകരന്റെ മകൻ പൊതുമരാമത്ത് വകുപ്പിൽ ജോലി ചെയ്തിരുന്ന രാമചന്ദ്രൻഅങ്കിളും മറ്റും അവർ ഒരു ഗ്രൂപ്പായിരുന്നു. അച്ഛൻ ഒടുവിലേറ്റെടുത്ത ചുമതലയാണ് വയലാർ രാമവർമ്മ ട്രസ്റ്റ്.
അച്ഛന്റെ സമയം, കുടുംബം, ആസ്തി എന്നിവയെല്ലാം ഈ പ്രവർത്തനങ്ങളിൽ പൂർണമായും നിക്ഷേപിക്കും. എന്തെങ്കിലും തിരികെ കിട്ടുമോയെന്ന് അച്ഛൻ ഒരിക്കലും ആലോചിച്ചിട്ടില്ല.
ഏത് രംഗത്ത് പ്രവർത്തിക്കുമ്പോഴായാലും അതിൽ പൂർണ്ണത വേണമെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു.അച്ഛനിൽ നിന്ന് പല പാഠങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്. മൂല്യങ്ങൾ വിട്ട് പ്രവർത്തിക്കരുതെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. സമ്പന്നതയുടെ ശീതളിമയെക്കാൾ കുലീനമായ ദാരിദ്ര്യമാണ് നല്ലതെന്ന് പഠിപ്പിച്ചിരുന്നു. എന്റെ വ്യക്തിത്വ വികസനത്തിൽ അച്ഛൻ പ്രത്യേക താത്‌പര്യം എടുത്തിട്ടുണ്ട്. കഥകളിയടക്കം കലാരംഗങ്ങളിൽ എന്റെ അഭിരുചി പ്രോത്സാഹിപ്പിക്കാൻ എല്ലായിടത്തും കൊണ്ടുപോകുമായിരുന്നു. ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ എനിക്ക് കഥകളി കാണാൻ വേണ്ടി വന്നതും , തട്ടുകടയിൽ നിന്ന് ഹോർലിക്സ് വാങ്ങിത്തന്നതും എല്ലാം ഇന്നും എന്റെ ഓർമ്മയിലുണ്ട്.
ഞാൻ പഠിച്ച സ്കൂളിൽ മലയാളം പാഠ്യവിഷയമല്ലാത്തതിനാൽ വീട്ടിൽ പത്രവായന നിർബന്ധമായിരുന്നു. ഉള്ളൂർ, ആശാൻ, വള്ളത്തോൾ ഇവരുടെ രചനകളെല്ലാം എന്നെക്കൊണ്ട് വായിപ്പിക്കുകയും കഥകൾ പറഞ്ഞു തരികയും ചെയ്തിരുന്നു. കമ്മ്യൂണിസത്തെക്കുറിച്ചും, ജാതിവ്യവസ്ഥ മാറേണ്ടതിനെക്കുറിച്ചുമെല്ലാം അച്ഛൻ പറയുമായിരുന്നു. അത് ചെയ്യരുത്, ഇത് ചെയ്യരുതെന്നൊക്കെയുള്ള വിലക്കുകൾ ഒരിക്കലും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യബോധത്തോടെയാണ് ഞാൻ വളർന്നത്.
ഇന്ന് ചെറിയൊരു കാര്യം ചെയ്താലും വലിയ അംഗീകാരം കിട്ടുന്ന കാലത്ത് സ്വന്തം സ്വത്ത് വിനിയോഗിച്ചും സമൂഹനന്മ ലക്ഷ്യമാക്കിയും പ്രവർത്തിച്ചിരുന്നയാളാണ് അച്ഛൻ.
വലിപ്പചെറുപ്പത്തിൽ അച്ഛൻ വിശ്വസിച്ചിരുന്നില്ല. ഡ്രൈവറെയടക്കം ഒപ്പമിരുത്തിയേ വീട്ടിൽ ഭക്ഷണം കഴിക്കുകയുള്ളൂ. മനുഷ്യനെ സ്നേഹിക്കണമെന്നതാണ് അച്ഛന്റെ തത്വശാസ്ത്രം.
അച്ഛന്റെ ഊർജ്ജം മുഴുവൻ അമ്മയാണ്. നല്ല ഡോക്ടറാണ് അമ്മ. ഇപ്പോഴും ആശുപത്രിയിൽ പോവുകയും രോഗികളെ നോക്കുകയും ചെയ്യുന്നു.അച്ഛൻ എന്തു ചെയ്താലും അതിന്റെ പിന്നിൽ ബലമായി അമ്മ നിൽക്കും. എന്നാൽ എന്റെ ഭർത്താവ് അതു ചെയ്തു ഇതു ചെയ്തുവെന്നൊക്കെ പുറത്തു പറഞ്ഞു നടക്കുന്ന പ്രകൃതം അമ്മയ്ക്കില്ല. അച്ഛന്റെ മനസ്സാക്ഷിയാണ് അമ്മ. അമ്മയില്ലെങ്കിൽ അച്ഛനില്ല.
അച്ഛന് ശമ്പളം കിട്ടുന്ന ദിവസം വീട്ടിൽ മുറ്റം നിറയെ ആളായിരുന്നു. ഞാനന്ന് സ്കൂളിൽ പഠിക്കുകയാണ്. മോളെ ഇത് വച്ചോ എന്ന് പറഞ്ഞ് എനിക്കും 100 രൂപ തരും. അന്നത് വലിയ തുകയാണ്. ഞാനത് സൂക്ഷിച്ച് വച്ച് പുസ്തകങ്ങളും എൽ.പി റെക്കോർഡുകളും വാങ്ങിയിരുന്നു. അന്ന് വേറൊരു ചിന്തയില്ല. ഫാഷൻഭ്രമം ഇല്ല. ഓരോ രൂപയുടെയും വില അറിഞ്ഞാണ് ഞങ്ങൾ വളർന്നത്. കൈയിൽ പൈസ തീരുമ്പോൾ അച്ഛൻ ചോദിക്കും മോളെ നിന്റെ കൈയിൽ ഞാൻ തന്ന 100 രൂപ ഇരിപ്പുണ്ടോയെന്ന്. അത് കൊടുത്താൽ കൃത്യമായി ഓർമ്മിച്ച് മടക്കിത്തരും.
അച്ഛൻ റിട്ടയർ ചെയ്തപ്പോൾ പി.എഫിൽ നിന്ന് കിട്ടിയ തുകയുടെ സിംഹഭാഗവും എനിക്കു തന്നു. ഞാനന്ന് കാര്യവട്ടത്ത് എം.സി.ജെക്കു പഠിക്കുകയാണ്. ദൂരദർശനിൽ പരിപാടികൾ ഒക്കെ അവതരിപ്പിക്കുന്നു. നടന്നും ബസിലുമൊക്കെയായിരുന്നു എന്റെ യാത്ര. ഒരു ഡീസൽ അംബാസിഡർ കാർ എനിക്ക് അച്ഛൻ വാങ്ങിത്തന്നു. ഇനി ബസിൽ പോകണ്ട. കാർ ഓടിച്ചു പോയാൽ മതിയെന്നും പറഞ്ഞു. ഒരേ സമയം എന്നെ ശാക്തീകരിക്കുകയും ഒപ്പം അച്ഛന്റെ കരുതൽ പ്രകടമാക്കുകയുമായിരുന്നു. അതാണ് അച്ഛൻ. മഴപെയ്യുന്ന മാതിരിയാണ് അച്ഛൻ സ്നേഹം ചൊരിയുന്നത്.ഇപ്പോൾ നവതിയിലെത്തുമ്പോഴും അതിനൊരു മാറ്റവുമില്ല. ഞാൻ അച്ഛനെ സ്നേഹിക്കുന്നതിനൊപ്പം ബഹുമാനിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു അച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചതാണ് എന്റെ വിജയം. മറ്റൊരു നിയോഗം എനിക്ക് ആലോചിക്കാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |