SignIn
Kerala Kaumudi Online
Thursday, 19 February 2026 11.04 AM IST

പ്രവാസികൾക്കെതിരെ വി. മുരളീധരൻ ദുഷ്‌പ്രചരണം നടത്തുന്നു, കേന്ദ്രമന്ത്രിക്കെതിരെ കടുത്ത വിമർശവുമായി മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
pinarayi-muraleedharn

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി.മുരളീധരനെതിരെ കടുത്ത വിമർശമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ബാധിച്ച പ്രവാസികളെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്ന് സംസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, സംസ്ഥാനം പ്രവാസികൾക്ക് എതിരാണെന്ന ദുരുദ്ദേശപരമായ പ്രചരണം നടത്തുന്നവരുടെ കൂട്ടത്തിൽ കേന്ദ്ര സഹമന്ത്രി വി,മുരളീരനുമുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു. രോഗമുള്ളവരെ അവിടെ തന്നെ ചികിത്സിക്കുന്നതാണ് നല്ലതെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മുൻനിലപാട്. എന്നാൽ അതിന് വിപരീതമായി നിലപാട് മാറുന്ന തരത്തിൽ എന്ത് അത്ഭുതമാണ് ഇതിനിടയിൽ സംഭവിച്ചിട്ടുള്ളതെന്ന് മുരളീധരൻ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'കൊവിഡ് ബാധിച്ച പ്രവാസികളെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ല എന്ന് സംസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ല. ഒരിടത്തും പറഞ്ഞിട്ടില്ല. എംബസി നടത്തണമെന്നാണ് പറഞ്ഞത്, അത് മറ്റുതരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ല. ഇത് പ്രവാസികൾക്ക് എതിരാണെന്ന ദുരുദ്ദേശപരമായ പ്രചരണം നടക്കുന്നുണ്ട്. ദൗർഭാഗ്യവശാൽ ആ പ്രചാരകരുടെ കൂട്ടത്തിൽ ഒരു കേന്ദ്ര സഹമന്ത്രി കൂടി ഭാഗഭാക്കാകുന്നതായിട്ടാണ് കാണുന്നത്. എന്നാൽ ഇതേ കേന്ദ്ര സഹമന്ത്രി മാർച്ച് 11ന് പറഞ്ഞത് മറ്റൊന്നാണ്. രോഗം ഉള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തിൽ യാത്ര ചെയ്‌താൽ രോഗം പകരാം എന്നതാണ്. രോഗമുള്ളവരെ അവിടെ തന്നെ ചികിത്സിക്കുന്നതാണ് നല്ലതെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ അന്നത്തെ നിലപാട്. ഇപ്പോൾ അതിന് നേരെ മാറുന്നു. കേരളം അത്തരം ഒരു നിലപാട് എടുത്തിട്ടേയില്ല. രോഗമുള്ളവർ വിദേശത്തു തന്നെ കഴിയട്ടെ എന്ന നിലപാട് ഒരു ഘട്ടത്തിലും സംസ്ഥാനം പറഞ്ഞിട്ടില്ല.

എല്ലാവരെയും കൊവിഡ് ടെസ്‌റ്റിന് വിധേയരാക്കിയതിന് ശേഷമേ വിമാനത്തിൽ കയറ്റൂ എന്നായിരുന്നു കേന്ദ്രമന്ത്രി അന്ന് പറഞ്ഞത്. ഇത് പറഞ്ഞയാൾ തന്നയാണ് ഇന്ന് കേരളം ടെസ്‌റ്റിനു വേണ്ടി പറയുന്നത് മഹാപാതകം എന്നു പറഞ്ഞു നടക്കുന്നത്. മേയ് 5ന് ഇത് പറഞ്ഞതിന് ശേഷം എന്ത് അത്ഭുതമാണ് സംഭവിച്ചിട്ടുള്ളത് നിലപാട് മാറ്റാൻ എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കേണ്ടതാണ്'- മുഖ്യമന്ത്രി പറഞ്ഞു.

TAGS: CM PRESS MEET, PINARAYI VIJAYAN, V MURALEEDHARAN, NRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY