തിരുവനന്തപുരം: കൊവിഡ് രോഗികളുടെ താമസസ്ഥലത്തിന് സമീപത്തുളള ഏതാനും വീടുകൾ ഉൾപ്പെടുത്തി മൈക്രോ കണ്ടെയിൻമെന്റ് സോൺ രൂപീകരിച്ച് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇപ്പോൾ കൊവിഡ് ബാധ ഒരു വീട്ടിലുണ്ടായാൽ ആ വാർഡാകെ കണ്ടെയിൻമെന്റ് സോണാവുകയാണ്. ഇനി ആ വീടും ചുറ്റുപാടും ചേർന്നുള്ള ക്ലസ്റ്റർ മാത്രമായിരിക്കും കണ്ടെയിൻമെന്റ് സോൺ. അവിടെ കൂടുതൽ കർക്കശമാക്കും. മറ്റു സ്ഥലങ്ങളിൽ സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും.
ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങുന്നവരെ നേരിട്ട് നിരീക്ഷിക്കാൻ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി മാരെയും അസിസ്റ്റന്റ് കമ്മിഷണർമാരെയും ചുമതലപ്പെടുത്തി. ജനമൈത്രി പൊലീസിന്റെ മൊബൈൽ ബീറ്റ് പട്രോളിന് പുറമെയാണിത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ എല്ലാ പൊലീസുദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
സർക്കാർ ഓഫീസുകളിലേക്ക് പലർ ചേർന്ന് വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ തടയരുതെന്ന് പൊലീസിനോടും മോട്ടോർവാഹന ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു.
മാസ്‌ക് ധരിക്കാത്ത 3486 സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച 18 പേർക്കെതിരെ കേസെടുത്തു.
മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷമാവുന്നത് കേരളത്തിലേക്കുള്ള ചരക്കുഗതാഗതത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കും.
ജാഗ്രത കുറഞ്ഞു: ശക്തമായി ഇടപെടുമെന്ന് മുഖ്യമന്ത്രി
ലോക്ക് ഡൗൺ ഇളവുകളായതോടെ സംസ്ഥാനത്തെങ്ങും കൊവിഡ് ജാഗ്രത കുറയുകയാണെന്നും ശക്തമായ ഇടപെടലുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എനിക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടിലാണ് പലരും. റോഡിലും കമ്പോളങ്ങളിലും തിരക്കേറി. ശാരീരിക അകലം പാലിക്കുന്നില്ല. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ സാനിറ്റൈസർ, സോപ്പ് ഉപയോഗവും കുറഞ്ഞു.
ചെറിയ കുട്ടികളുടെ ആത്മഹത്യകൾ കൂടുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ കുടുംബസാഹചര്യം, മരണകാരണം എന്നിവയുൾപ്പെടെ പഠിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |