വായനയെ ഒരു സംസ്കാരമാക്കി മാറ്റിയ പി.എൻ. പണിക്കരുടെ ഒാർമ്മദിനമാണ് ജൂൺ 19. അദ്ദേഹത്തിന്റെ സൃഷ്ടിയായ ഗ്രന്ഥശാല സംഘത്തിനും സാംസ്കാരിക മന്ത്രമായ "വായിച്ചു വളരുക,ചിന്തിച്ചു വിവേകം നേടുക" എന്ന മുദ്രാവാക്യത്തിനും എഴുപത്തഞ്ചാണ്ട് തികയുന്നു. കേരളത്തിലെ പതിനായിരത്തോളം ഗ്രന്ഥശാലകൾ അദ്ദേഹത്തിന്റെ സ്‌മാരകങ്ങൾ കൂടിയാണ്.
1926-ൽ സനാതനധർമ്മം ഗ്രന്ഥശാല സ്ഥാപിച്ച പി.എൻ. പണിക്കർ പുസ്തകങ്ങളും ഗ്രന്ഥശാലകളും ശക്തിപ്പെടണമെങ്കിൽ വായന വേണമെന്നും വായിക്കണമെങ്കിൽ അക്ഷരജ്ഞാനം കൂടിയേ മതിയാവൂ എന്ന് തിരിച്ചറിഞ്ഞിരുന്നു. പാടത്തും പറമ്പത്തും പള്ളിക്കൂടമൊരുക്കി ജനങ്ങളെ അറിവിന്റെ ലോകത്തേക്ക് ആനയിച്ചു.
1945 സെപ്തംബർ പതിനാറിന് അമ്പലപ്പുഴ പി.കെ സ്‌മാരക ഗ്രന്ഥശാലയിൽ അദ്ദേഹം വിളിച്ചുചേർത്ത ഗ്രന്ഥശാല പ്രതിനിധികളുടെ യോഗമാണ് അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന് തുടക്കം കുറിക്കുന്നത്. ഗ്രന്ഥശാല പ്രവർത്തകരെ അവകാശബോധമുള്ളവരാക്കിത്തീർത്തത് അമ്പലപ്പുഴ സമ്മേളനമാണ്.
അതാണ് പല പരിവർത്തനങ്ങളിലൂടെ
1989ൽ കേരള പബ്ളിക് ലൈബ്രറീസ് ആക്ടിലൂടെ കേരള ഗ്രന്ഥശാല സംഘമായി മാറിയത്.
അനൗപചാരിക വിദ്യാഭ്യാസത്തിനായി 1977ൽ കാൻ ഫെഡ് രൂപീകരിച്ചുകൊണ്ട് മറ്റൊരു വിപ്ളവത്തിനും തുടക്കം കുറിച്ചു. ഒരു വ്യക്തിയുടെ ജീവിതം തന്നെ പ്രവർത്തനവും ആ പ്രവർത്തനം തന്നെ ഒാർമ്മയുമാകുന്നു എന്നതാണ് വായനാദിനത്തിന്റെ പ്രത്യേകത.
സംസ്ഥാന സർക്കാരും ഗ്രന്ഥശാല സംഘവും പി.എൻ. പണിക്കർ ഫൗണ്ടേഷനുമാണ് കേരളത്തിൽ വായനാദിനാചരണത്തിന് നേതൃത്വം നൽകുന്നത്. 2017 മുതൽ ഭാരത സർക്കാർ ജൂൺ19 ദേശീയ വായനാദിനമായി ആചരിച്ചുവരികയാണ്. വായനാദിന സന്ദേശം 150 ദശലക്ഷം കുട്ടികളിലാണ് ഭാരത സർക്കാർ എത്തിച്ചത്. പണിക്കർ സാറില്ലാതെ കേരളം കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും അദ്ദേഹം പടുത്തുയർത്തിയ സാംസ്കാരിക കേരളം കരുത്താർജ്ജിക്കുക തന്നെ ചെയ്യും.
(ലേഖകൻ ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും
"കുട്ടികളുടെ കൊച്ചു സാറ് പി.എൻ. പണിക്കരായ കഥ"
എന്ന പുസ്തകത്തിന്റെ കർത്താവും കൂടിയാണ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |