കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ട് പ്രവർത്തകൻ നെട്ടൂർ മേക്കാട്ട് സഹൽ ഹംസ (23) എറണാകുളം ഒന്നാംക്ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങി. രണ്ടുവർഷമായി ഒളിവിലായിരുന്നു.
പത്താംപ്രതിയായ സഹലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത 16 പ്രതികളും ജയിലിലായി. സംഘത്തെ വിളിച്ചുവരുത്തുകയും ആക്രമണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത കോളേജ് വിദ്യാർത്ഥിയായ മുഹമ്മദാണ് ഒന്നാം പ്രതി. സഹലിന്റെ കുത്തേറ്റാണ് അഭിമന്യൂ മരിക്കുന്നതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
സംഭവത്തിനുശേഷം പോപ്പുലർഫ്രണ്ടിന്റെ സഹായത്തോടെ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. അവിടെ കൊവിഡ് വ്യാപിച്ചതോടെ തിരിച്ചെത്തി. റിമാൻഡ് ചെയ്ത പ്രതിയെ അസി.കമ്മിഷണർ കെ. ലാൽജി, സെൻട്രൽ സി.ഐ എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ ആലുവ ജനറൽ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് കുറ്റവാളികൾക്കായി ഒരുക്കിയ കൊരട്ടിയിലെ ഡിറ്റെൻഷൻ സെന്ററിലേക്ക് മാറ്റി. അവിടെ രണ്ടുദിവസം പാർപ്പിക്കും. ഫലം നെഗറ്റീവായാൽ ജയിലിലേക്ക് മാറ്റും. പോസിറ്റീവായാൽ മെഡിക്കൽ കോളേജ് ഐസൊലേഷനിലേക്ക് മാറ്റും.
പരിശോധനാ ഫലത്തിനുശേഷം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.
2018 ജൂലായ് രണ്ടിന് രാത്രി 12.45നാണ് കാമ്പസ് ഫ്രണ്ട്, പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.
കുത്താൻ സഹൽ ഉപയോഗിച്ച ആയുധം കണ്ടെടുക്കണമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിനായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |