SignIn
Kerala Kaumudi Online
Sunday, 06 July 2025 5.59 AM IST

പ്രതീക്ഷകൾ തകർത്ത് സർക്കാരിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ്....!

Increase Font Size Decrease Font Size Print Page
fly

അസാദ്ധ്യമായ ഒരു നിർദ്ദേശത്തെച്ചൊല്ലി പുകച്ചിലാണ് പ്രവാസി ലോകത്ത്. കേരളത്തിലേക്കെത്തുന്ന എല്ലാ പ്രവാസികൾക്കും കൊവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന സർക്കാരിന്റെ ഉത്തരവാണ് ഈ പുകച്ചിലിനു പിന്നിൽ. ആദ്യം ചാർട്ടേർഡ് വിമാനങ്ങളിലെത്തുന്നവർക്ക് മാത്രമാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതെങ്കിൽ, വന്ദേഭാരത് മിഷനിലെത്തുന്നവർക്കും പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയാണിപ്പോൾ. കേരളത്തിലേക്ക് പ്രവാസികളുടെ വരവ് തടയാനാണ് സർക്കാരിന്റെ കുത്സിത നീക്കമെന്നാണ് ആരോപണം. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവന്റെ ഉത്തരവോടെ, കേരളത്തിലേക്ക് യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എംബസികൾ നിർദ്ദേശം പുറപ്പെടുവിച്ചു. സർക്കാർ ഉത്തരവിനെതിരെ പ്രവാസികൾ ഒന്നടങ്കം പ്രതിഷേധിക്കുകയാണ്. മറ്റൊരു സംസ്ഥാനവും നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നില്ല. കോൺഗ്രസ്, ലീഗ് നേതൃത്വത്തിലുള്ള സംഘടനകളാണ് കൂടുതൽ ചാർട്ടർ വിമാനങ്ങളും സജ്ജമാക്കുന്നത്. ഇത്തരം സംഘടനകൾക്ക് പ്രവാസലോകത്ത് മേൽക്കൈ ഉണ്ടാകുന്നത് തടയുകയെന്ന ഗൂഢലക്ഷ്യവും സർക്കാരിനുണ്ടെന്നാണ് പ്രവാസികളുടെ ആക്ഷേപം.

ജന്മനാട്ടിലേക്ക് പ്രവാസികളെ ഹൃദയം തുറന്ന് സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസിലോകത്ത് ഇപ്പോൾ ഇമേജ് കുറഞ്ഞിരിക്കുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ മിക്ക ഗൾഫ് രാജ്യങ്ങളിലും അനുവാദമില്ല. ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയാൽ തന്നെ ഫലം ലഭിക്കാൻ ദിവസങ്ങളെടുക്കും. യാത്രയ്ക്ക് 48മണിക്കൂർ മുൻപുള്ള പരിശോധനാ റിപ്പോർട്ട് വേണമെന്നാണ് സർക്കാർ ഉത്തരവ്. എംബസികൾ പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്നും രോഗബാധിതർക്കായി പ്രത്യേക വിമാനം സജ്ജമാക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ ആവശ്യം അപ്രായോഗികമാണ്. നാലരലക്ഷത്തിലേറെ പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർക്കെല്ലാം വിദേശരാജ്യത്ത് കൊവിഡ് പരിശോധന നടത്താൻ എംബസികൾക്കാവില്ല. കൊവിഡ് ബാധ സ്ഥിരീകരിച്ച ഒരാളെയും പുറത്തിറങ്ങാൻ പോലും ഒരു രാജ്യവും അനുവദിക്കില്ല. ടെസ്റ്റ് പോസിറ്റീവായാൽ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയോ ഐസൊലേറ്റ് ചെയ്യുകയോ ആണ് ചെയ്യുക. യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ പ്രവാസികൾക്ക് കൊവിഡ് റാപ്പിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് യാത്ര അനുവദിക്കുക. അവരെയും സർക്കാർ ഒഴിവാക്കിയിട്ടില്ല. യു.എ.ഇയിൽ നിന്നുള്ളവർക്കും നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണ്.

വന്ദേഭാരത് മിഷനിൽ വിമാനങ്ങൾ കുറവായതിനാലാണ് ഗൾഫിലെ സംഘടനകളും സ്ഥാപനങ്ങളും വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നത്. ഈ വിമാനങ്ങളിൽ 15ശതമാനം സീറ്റുകൾ സൗജന്യമായി നൽകുന്നുണ്ട്. ജോലി നഷ്ടമായവരെയും ടിക്കറ്റെടുക്കാൻ പണമില്ലാത്തവരെയും വിസിറ്റ് വിസയിലെത്തി കുടുങ്ങിയവരെയുമൊക്കെയാണ് ഇങ്ങനെ കൊണ്ടുപോവുന്നത്. എംബസികളിൽ രജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽ നിന്ന്, മുൻഗണനാ ക്രമം പാലിച്ചാണ് മിക്ക ചാർട്ടേർഡ് വിമാനങ്ങളിലും യാത്രക്കാരെ തിരഞ്ഞെടുക്കുന്നത്. 829 ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകിയ ശേഷമാണ് കേരളം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. പരിശോധന കേരളത്തിലെ വിമാനത്താവളങ്ങളിൽ ആയിക്കൂടേ എന്നാണ് പ്രവാസികളുടെ ചോദ്യം. 250ഓളം മലയാളികളാണ് ഇതുവരെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രവാസികളുടെ വരവ് തടഞ്ഞാൽ രോഗവ്യാപനത്തിലൂടെ പ്രവാസികളുടെ മരണനിരക്ക് ഉയരുമെന്നാണ് ആശങ്ക.

ഇതൊക്കെയാണ് പ്രശ്‌നങ്ങൾ

പിസിആർ ടെസ്​റ്റിന്റെ ഫലം കിട്ടണമെങ്കിൽ 3 മുതൽ 5 ദിവസം വരെ എടുക്കാം. 72മണിക്കൂർ മാത്രമേ പരിശോധനാ ഫലത്തിന് സാധുതയുള്ളൂ. അതിനുള്ളിൽ വ്യക്തിയെ നാട്ടിലെത്തിക്കേണ്ടതായി വരും. നിലവിലെ സാഹചര്യത്തിൽ ഇത് സാധ്യമല്ല. യാത്രാ തീയതി നിശ്ചയിച്ച ശേഷം കൂട്ടത്തോടെ പരിശോധന നടത്തുകയെന്നതും ബുദ്ധിമുട്ടാണ്. എംബസിയിലെ പരിമിതമായ ഉദ്യോഗസ്ഥർക്ക് ഇതിനുള്ള ക്രമീകരണമൊരുക്കുക അസാദ്ധ്യമാണ്. യു.എ.ഇയിൽ ഒരു ടെസ്​റ്റിന് 370 ദിർഹം (7700രൂപ) ചെലവു വരും. ഒമാനിൽ 75റിയാലാണ് (14,900രൂപ) സ്വകാര്യാശുപത്രികളിലെ കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക്. ബെഹറിനിൽ 50ദിനാർ (10,100രൂപ)യാണ് നിരക്ക്. ബഹ്റൈനിൽ എട്ട് സ്വകാര്യ ആശുപത്രികൾക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളവർക്ക് പരിശോധന നടത്താനുള്ള അനുമതിയുള്ളത്. മലയാളികൾക്ക് കൂട്ടത്തോടെ പരിശോധന നടത്തി നിശ്ചിത ദിവസത്തിനകം കൊണ്ടുപോകുകയെന്നത് പ്രായോഗികമല്ല. കോവിഡ് പരിശോധന നടത്തിയ ശേഷവും വിമാനയാത്രയ്ക്കിടെ രോഗം വരാൻ സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ പരിശോധന ഒഴിവാക്കുന്നത് അഭികാമ്യമല്ല.

സൗദിയിൽ സ്വകാര്യലാബുകൾ 1500റിയാൽ (30,000രൂപ) വരെ പരിശോധനയ്ക്ക് ഈടാക്കുന്നുണ്ട്. യാത്രാനിരക്കിനേക്കാൾ വലിയ തുകയാണിത്. ജോലിയും വരുമാനവുമില്ലാതെ വലയുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധനയ്ക്കുള്ള ചെലവുകൂടി താങ്ങാനാവുന്നതല്ല. രോഗലക്ഷണങ്ങളുള്ള വിദേശികൾക്ക് സർക്കാർ പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും അല്ലാത്തവർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും. പണം മുടക്കിയാലും യാത്രയ്ക്ക് 48 മണിക്കൂർ മുൻപ് പിസിആർ ടെസ്​റ്റ് സർട്ടിഫിക്ക​റ്റ് കിട്ടുക പ്രായോഗികമല്ലെന്നാണ് പ്രവാസികൾ പറയുന്നത്. ജോലി നഷ്ടപ്പെട്ട് പലരുടെയും കാരുണ്യം കൊണ്ട് നാട്ടിലേക്ക് എത്തുന്നവർ പരിശോധനയക്കുള്ള തുക കൂടി കണ്ടെത്തണമെന്ന ഉത്തരവ് ക്രൂരതയാണെന്ന് പ്രവാസിലോകം പറയുന്നു.

വന്ദേഭാരത് മുടങ്ങുമോ...?

വന്ദേഭാരത് മിഷനിലെ വിമാനങ്ങളിലെത്തുന്നവർക്ക് കേരളം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ ഗൾഫിൽ നിന്നുള്ള സർവീസുകൾ മുടങ്ങാനിടയുണ്ട്. കേന്ദ്രം ഇങ്ങനെയൊരു ശുപാർശ അംഗീകരിക്കാത്തിടത്തോളം പ്രതിസന്ധി തുടരും.

നിയമസഭയുടെ പ്രമേയം

കൊവിഡിന്റെ തുടക്കത്തിൽ ഇറ്റലിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ അതിനെതിരെ മാർച്ച് 11ന് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. സ്വന്തം പൗരന്മാരെ മരണത്തിനു വിട്ടുകൊടുക്കാതെ നാട്ടിലെത്തിക്കണമെന്ന സർക്കാരിന്റെ തുടർച്ചയായ ആവശ്യത്തെതുടർന്ന് മെഡിക്കൽ സംഘത്തെ കേന്ദ്രസർക്കാർ ഇറ്റലിയിലേക്ക് അയച്ചിരുന്നു. വിമാനത്താവളത്തിൽ കൊവിഡ് പരിശോധന നടത്തിയത് ഈ സംഘമാണ്. കേന്ദ്രത്തിനെതിരേ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി, കൊവിഡ് സ്ഥിതി വഷളായപ്പോൾ പരിശോധന നിർബന്ധമാക്കി ഉത്തരവിട്ടതിനെയാണ് പ്രവാസികൾ ചോദ്യംചെയ്യുന്നത്.

ചികിത്സാ സൗകര്യങ്ങൾ ഇങ്ങനെ


ആശുപത്രി------- കിടക്കകൾ----- ഐ.സി.യു------വെന്റിലേറ്റർ


സർക്കാർ ആശുപത്രികൾ-----37843---213---187

ഗവ.മെഡിക്കൽ കോളേജ്-----11678----1098---488

മറ്റ് പൊതു ആശുപത്രികൾ---5757-----72----64

സ്വകാര്യ ആശുപത്രികൾ-------72380----6664-----1470


ആകെ-------------------127658-----8047------2209

പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാൻ കൊവിഡ് നെഗ​റ്റീവ് സർട്ടിഫിക്ക​റ്റ് നിർബന്ധമാക്കിയ നടപടി അവരെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ഇതുമൂലം ചാർട്ടേർഡ് വിമാനങ്ങൾ റദ്ദാക്കേണ്ട അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. നാട്ടിലേക്കു വരാൻ കാത്തിരിക്കുന്ന മൂന്നുലക്ഷത്തോളം പ്രവാസികളെ കൊണ്ടുവരാൻ വന്ദേഭാരത് മിഷനിൽ ആറ് മാസമെടുക്കും. അതിനാലാണ് പ്രവാസി സംഘടനകൾ ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തിയത്. ഇത് പ്രവാസിലോകത്ത് വലിയ ആശ്വാസവും പ്രതീക്ഷയുമുണ്ടാക്കി. അതാണ് സർക്കാർ ഉത്തരവിലൂടെ അസ്ഥാനത്തായത്.

-ഉമ്മൻചാണ്ടി

മുൻ മുഖ്യമന്ത്രി

രോഗബാധിതരുടെ എണ്ണം വർധിക്കും. അപകടാവസ്ഥ അതിന്റെ ഗൗരവത്തിൽ മനസിലാക്കണം. ആപത്തിന്റെ തോത് വർധിക്കുകയാണെന്ന് തിരിച്ചറിയണം. സുരക്ഷയിൽ വീഴ്ചവരുത്തുകയല്ല, ജാഗ്രത ശക്തമാക്കുകയാണ് വേണ്ടത്. ഓരോരുത്തരും സ്വയം പടയാളിയായി മാറണം.

-പിണറായി വിജയൻ

മുഖ്യമന്ത്രി

TAGS: GULF MALAYALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.