കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാൻ നാം ബാധ്യസ്ഥരാണ്. ചിലപ്പോഴൊക്കെ മറന്നു പോകാറുണ്ടെങ്കിലും, ആളുകൾ അകലം പാലിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. അഥവാ ശ്രമിക്കുന്നുണ്ട്. അതെ, ശ്രമിച്ചെങ്കിലേ സാധിക്കൂ. അകലം പാലിക്കാത്ത ജീവിതശൈലിയാണ് നമ്മൾ പിന്തുടരുന്നത്. ബസിലായാലും, റെയിൽവേ സ്റ്റേഷനിലായാലും ഷോപ്പുകളിലായാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും ഓഫീസുകളിലായാലും റോഡിലായാലും അകലം പാലിക്കുന്ന ശീലം നമുക്കില്ല. ഇത് കേരളത്തിന്റെ ഒരു സവിശേഷതയാണ്. മറ്റു നഗരങ്ങളിൽ ആൾക്കൂട്ടങ്ങൾ ഇല്ലെന്നല്ല. ഒരു വ്യത്യാസമുണ്ട്; കേരളത്തിലെ ആൾക്കൂട്ടത്തിന് ജാതിമത വർഗ വ്യത്യാസമില്ല. ഇവിടെ ഒരു കാലത്തു നിലവിലിരുന്ന അതിനിന്ദ്യമായ അയിത്താചരണത്തിന്റെ നാണിപ്പിക്കുന്ന ഓർമ്മകൾ സമൂഹത്തിന്റെ ഉപബോധ മനസിൽ ഒരു കറുത്ത പാടായി കിടക്കുന്നുണ്ട്. ബ്രാഹ്മണനിൽ നിന്ന് പതിനാറടി അകലത്തിൽ നായരും, മുപ്പത്തിരണ്ടടി ദൂരെ ഈഴവരും, അറുപത്തിനാലടി അകലത്തിൽ പുലയരും നിന്ന് കൊള്ളണമെന്ന് നിർബന്ധമുണ്ടായിരുന്ന ഭ്രാന്താലയത്തിന്റെ ഓർമ്മകൾ എവിടെയോ നമ്മളെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് സാമൂഹ്യ അകലം എന്ന പുതിയ സുരക്ഷാനിർദ്ദേശം പാലിക്കുന്നതിൽ ചിലപ്പോൾ നമുക്ക് വീഴ്ചയുണ്ടാകുന്നത്. പലപ്പോഴും ഫലിതരൂപത്തിൽ നമ്മൾ അത് അനുഷ്ഠിക്കുന്നതിന്റെ മനഃശാസ്ത്രവും ഇത് തന്നെ. ഭരണഘടനയും മറ്റു നിയമങ്ങളും അയിത്തത്തെ നിയമവിരുദ്ധമാക്കുന്നെങ്കിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും സമൂഹത്തിന്റെ ചിന്തയും നിയമത്തിന്റെ വഴിയും തമ്മിൽ ഇനിയും പൊരുത്തപ്പെട്ടിട്ടില്ല. പല സംസ്ഥാനങ്ങൾക്കും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്, കേരളം എത്തി നിൽക്കുന്ന പ്രബുദ്ധതയുടെ അടുത്തെത്താൻ.
രണ്ടു സംഭവങ്ങൾ മാത്രം കുറിക്കട്ടെ. രണ്ടും നടന്നത് ഡൽഹിയിൽ. ഞാൻ ജോയിന്റ് സെക്രട്ടറിയായിരുന്ന മന്ത്രാലയത്തിൽ ജീവനക്കാരുടെ പ്രൊമോഷൻ, നിയമനം ഒക്കെ എന്റെ ചുമതലയായിരുന്നു. ഏതോ മാസം 31 നു റിട്ടയർമെന്റ് വഴി ഒഴിവു വന്ന പ്യൂൺ തസ്തികയിലേക്ക് ഞാൻ അടുത്ത സീനിയർ ആയ ഒരു ജീവനക്കാരനെ പ്രൊമോട്ട് ചെയ്ത്, ഡയറക്ടർമാരിൽ ഒരാളുടെ ഓഫീസിൽ നിയമിച്ചു. ഡയറക്ടർ കേന്ദ്ര സർവീസിൽപ്പെട്ട വനിതാ ഉദ്യോഗസ്ഥയാണ്. പാറ്റ്നയാണ് സ്വദേശം. ഉച്ചതിരിഞ്ഞപ്പോൾ അവർ വളരെ അസ്വസ്ഥയായി എന്നെ കാണാൻ വന്നു. ആ പോസ്റ്റിങ്ങ് ഓർഡർ മാറ്റണം. അതാണ് ആവശ്യം. എന്താ കാരണം? ഞാൻ തിരക്കി. പോസ്റ്റ് ചെയ്തിരിക്കുന്നതു നല്ല ഒരാളെയാണല്ലോ. 'ആളൊക്കെ നല്ലതായിരിക്കും. പക്ഷെ അയാൾ ചാമർ ജാതിക്കാരനാണ്.' 'അതിനെന്താ കുഴപ്പം?' എന്നിലെ മലയാളി ഉണർന്നു. അപ്പോഴാണ് ഞാൻ തകർന്നു പോയ അടുത്ത വാദം. 'സർ, അയാൾ വെള്ളമോ ചായയോ കൊണ്ട് വന്നാൽ ഞാൻ എങ്ങനെ കുടിക്കും? അയാളെ മാറ്റി തരണം.' 'ഇത് പറഞ്ഞതിന് നിങ്ങൾക്കെതിരെ നിയമ നടപടി എടുക്കാമെന്നറിയാമല്ലോ'. ഞാൻ ഓർമ്മിപ്പിക്കാതിരുന്നില്ല. പിന്നെ ഞാൻ ശാന്തനായി ചോദിച്ചു. നിങ്ങൾ ഒരു സെൻട്രൽ സർവീസ് ഉദ്യോഗസ്ഥയല്ലേ? വിദ്യാസമ്പന്നയല്ലേ? ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തെറ്റല്ലേ? 'നിയമമൊക്കെ അറിയാം. പക്ഷെ ഇങ്ങനെ ശീലിച്ചു പോയി. ഇനി വിചാരിച്ചാൽ മാറ്റാനാവില്ല. വീട്ടിലറിഞ്ഞാൽ ഇതിനേക്കാൾ കുഴപ്പമാവും.' എനിക്ക് അരിശം വന്നില്ല. സഹതാപം തോന്നി. ഞാൻ അയാളെ മാറ്റുകയില്ലെന്നു വ്യക്തമാക്കി. ഒരാഴ്ച കഴിഞ്ഞപ്പോൾ ആ പ്യൂൺ എന്നെ കാണാൻ വന്നു. മറ്റൊരു സെക്ഷനിലേയ്ക്ക് ട്രാൻസ്ഫർ വേണം എന്ന ആവശ്യവുമായി. '.എന്തിനാണ് നിങ്ങൾക്ക് ട്രാൻസ്ഫർ?' ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു. 'മാഡത്തിനു വലിയ ബുദ്ധിമുട്ടാണ് സർ.' അയാളുടെ മാന്യതയ്ക്ക് മുന്നിൽ തല കുനിച്ചു.
അടുത്ത സംഭവം നടക്കുന്നത് ഞങ്ങൾ താമസിച്ചിരുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ്. പത്തോ പതിനഞ്ചോ ബഹുനില ഫ്ളാറ്റുകൾ. ഓരോന്നിലും നാല്പതോളം വീടുകൾ. പൊതുവായി ഒരു വലിയ പാർക്ക് അവിടെ സജ്ജമായി. കുട്ടികൾക്ക് കളിക്കാനും മുതിർന്നവർക്കു നടക്കാനും, സ്ത്രീകൾക്ക് വൈകുന്നേരങ്ങളിൽ ഒത്തു കൂടാനും, ചില അവസരങ്ങളിൽ ഉദ്യാന സൽക്കാരങ്ങൾ നടത്താനുമെല്ലാം ഉതകുന്ന സാമാന്യം വലിയ പാർക്ക്. വീടുകൾക്കൊപ്പം വീട്ടുജോലിക്കാർക്ക് താമസിക്കാൻ ചെറിയ ക്വാർട്ടേഴ്സ് ഉണ്ട്. പുതിയ പാർക്കിൽ ഉദ്യോഗസ്ഥരുടെ മക്കളും വീട്ടുജോലിക്കാരുടെ കുട്ടികളും കളിക്കും. പ്രത്യേകിച്ചും, ചിലപ്പോൾ ഒരുമിച്ചും. ഒരു ദിവസം റസിഡൻസ് അസോസിയേഷൻ യോഗം ചേർന്ന്, വീട്ടുജോലിക്കാർക്കും മക്കൾക്കും പാർക്കിൽ പ്രവേശിക്കുന്നതിന് സമയം നിശ്ചയിച്ചു. രണ്ടു മാസം കഴിഞ്ഞപ്പോൾ അവർ പാർക്കിൽ കയറാനേ പാടില്ല എന്ന് അസോസിയേഷൻ തീരുമാനിച്ചു. ഞാൻ അസോസിയേഷനു കത്തെഴുതി. ഈ നടപടി ഉൾക്കൊള്ളാൻ എനിക്ക് സാധിക്കുന്നില്ല എന്നും പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത ഈ തീരുമാനം മാറ്റണമെന്നും ഞാൻ ആവശ്യപ്പെട്ടു. അവർ തീരുമാനം മാറ്റിയില്ല. എന്നെ വന്നു കണ്ട് അവരുടെ തീരുമാനത്തിന്റെ യുക്തി (എന്റെ നിലപാടിന്റെ യുക്തിരാഹിത്യവും) വിശദീകരിച്ചു. ഞാൻ പിന്നെ ആ പാർക്കിൽ നടക്കാൻ പോവുകയോ മറ്റു പരിപാടികൾ നടക്കുമ്പോൾ അതിനകത്തു കയറുകയോ ചെയ്തില്ല. 'ഇത് ഡൽഹിയാണ്, കേരളമല്ല; വെറുതെ മസില് പിടിക്കണ്ട '' എന്നൊക്കെ ചില മലയാളി സുഹൃത്തുക്കൾ എന്നെ 'ഗുണദോഷിച്ചു.' ഒന്ന് മനസ്സിലായി; അയിത്തം ഇനിയും അവസാനിച്ചിട്ടില്ല. മലയാളിക്ക് സാമൂഹ്യ അകലം ഒരു പ്രശ്നം തന്നെയാണ്. എങ്കിലും കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നമുക്ക് തല്ക്കാലം സാമൂഹ്യ അകലം പാലിക്കാം. സ്ഥിരമായിട്ടല്ലെങ്കിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |