ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ കൊവിഡ് ബാധിതനായ കോൺഗ്രസ് എം.എൽ.എ കുനാൽ ചൗധരി അടിമുടി മൂടിയ പി.പി.ഇ കിറ്റ് ധരിച്ച് വോട്ടു ചെയ്യാനെത്തിയത് കൗതുക കാഴ്‌ചയായി. വോട്ടിംഗ് കഴിഞ്ഞ ശേഷം നിയമസഭാ മന്ദിരവും പരിസരവും അണുവിമുക്തമാക്കി. എന്നാൽ കൊവിഡ് രോഗിയെ നിയമസഭാ മന്ദിരത്തിൽ പ്രവേശിപ്പിച്ചത് ചട്ടലംഘനമാണെന്ന് ബി.ജെ.പി ആരോപിച്ചു.
കൊവിഡ് ചികിത്സയിലുള്ള എംഎൽ.എ ഉച്ചയോടെയാണ് ആംബുലൻസിൽ നിയമസഭാ മന്ദിരത്തിൽ എത്തിയത്. എം.എൽ.എയും നിയമസഭ ഉദ്യോഗസ്ഥരും പി.പി.ഇ കിറ്റ് ധരിച്ചു. ബാക്കി 205 എം.എൽ.എമാർ വോട്ടു ചെയ്ത് മടങ്ങിയ ശേഷം, അവസാനത്തെ വോട്ടറായാണ് ചൗധരി അകത്തുകയറിയത്. വോട്ടിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥർ നിശ്‌ചിത അകലം പാലിച്ചിരുന്നു. വോട്ടു ചെയ്‌ത് ചൗധരി മടങ്ങിയ ശേഷം നിയമസഭാ മന്ദിരം അണുവിമുക്തമാക്കി.
ജൂൺ 12നാണ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് രോഗിയെ നിയമ മന്ദിരത്തിൽ പ്രവേശിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ചട്ടലംഘനം നടത്തിയെന്ന് ബി.ജെ.പി നേതാവ് ഹിതേഷ് വാജ‌്‌പേയി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ജയിക്കാൻ കഴിവില്ലാത്ത നേതാവിന്റെ പ്രസ്‌താവന കാര്യമാക്കുന്നില്ലെന്നായിരുന്നു ചൗധരിയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |