SignIn
Kerala Kaumudi Online
Saturday, 05 July 2025 7.48 PM IST

വിശ്വാസം, അതല്ലേ എല്ലാം!

Increase Font Size Decrease Font Size Print Page
sabarimala

" വിശ്വാസ കേന്ദ്രങ്ങൾ വിപത്തിന്റെ പ്രഭവ കേന്ദ്രങ്ങളാകരുത് "- കൊവിഡ് ലോക്ക് ഡൗൺ ഇളവുകളോടനുബന്ധിച്ച് ആരാധനാലയങ്ങൾ സംസ്ഥാനത്ത് തുറക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സാമുദായിക നേതാക്കളുടെയും മതമേലദ്ധ്യക്ഷന്മാരുടെയും യോഗത്തിൽ കെ.പി.എം.എസ് ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ നൽകിയ മുന്നറിയിപ്പാണിത്. യോഗ തീരുമാനമനുസരിച്ച് സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നു. (മുസ്ലിം, ക്രൈസ്തവ ദേവാലയങ്ങളിൽ ചിലത് സ്വയമേവ തുറക്കേണ്ടെന്ന് നിശ്ചയിച്ചു. ശബരിമലയിൽ ദർശനം പിന്നീട് ഒഴിവാക്കി, തൃശൂരിൽ കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ഗുരുവായൂരും അടച്ചു.)

പുന്നല ശ്രീകുമാർ സമുദായസംഘടനാ പ്രതിനിധിയെന്ന നിലയിലാണ് യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടത്. എസ്.എൻ.ഡി.പി യോഗം, തന്ത്രി സമാജം, എൻ.എസ്.എസ് തുടങ്ങിയവരെയും ക്ഷണിച്ചെങ്കിലും എസ്.എൻ.ഡി.പി യോഗത്തിന്റെയും എൻ.എസ്.എസിന്റെയും പ്രതിനിധികളെത്തിയില്ല. എസ്.എൻ.ഡി.പി യോഗം പ്രതിനിധികൾ അസൗകര്യമറിയിച്ചെങ്കിൽ എൻ.എസ്.എസിൽ നിന്ന് അതുമുണ്ടായില്ല.

യോഗത്തിൽ പങ്കെടുത്തവർ പങ്കുവച്ച പൊതുവികാരമെന്നത്, നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാമെന്നത് തന്നെയാണ്. എന്നാൽ, തുറക്കുന്നതിൽ ആരോഗ്യവിദഗ്ദ്ധർ അതിന് മുമ്പ് സർക്കാരിനെ ആശങ്ക അറിയിക്കുകയുണ്ടായി. അതിനേക്കാൾ സർക്കാർ, മത, സാമുദായിക നേതൃത്വങ്ങളുടെ വാക്കുകൾക്ക് വില കല്പിച്ചതെന്തുകൊണ്ടാണ് ? ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് കേന്ദ്രസർക്കാർ പറയുകയും, കേരളത്തിൽ അത് ചെയ്യാതിരിക്കുകയും ചെയ്താലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. കോൺഗ്രസ്, സംഘപരിവാർ നേതൃത്വങ്ങളിൽ നിന്ന് അതിന് മുമ്പുതന്നെ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞിരുന്നു. ബാറുകൾ തുറക്കാനെടുത്ത ഉത്സാഹം എന്തുകൊണ്ട് ആരാധനാലയങ്ങളുടെ കാര്യത്തിലില്ല എന്നായിരുന്നു പൊതുവെ ഉയർന്ന പ്രതികരണം. സർക്കാരിന് കരുതലോടെയല്ലേ നീങ്ങാനാകൂ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കാണ് കേരളം കടക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം ഇവിടെ പരമപ്രധാനമാണ്.

കൊവിഡ് കാലത്ത് ആരാധനാലയങ്ങൾ തുറക്കുമ്പോഴുണ്ടാകുന്ന വിപത്തിനെപ്പറ്റി മുന്നറിയിപ്പ് നൽകിയ പുന്നല ശ്രീകുമാറിലേക്ക് വരാം. സംസ്ഥാനസർക്കാർ മുൻകൈയെടുത്ത് രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ കൺവീനറുമായിരുന്നു അദ്ദേഹം. നവോത്ഥാന മൂല്യ സംരക്ഷണസമിതിയുടെ രൂപീകരണത്തിലേക്ക് കടക്കാൻ സർക്കാരിനെ, പ്രത്യേകിച്ചും മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് 2018 സെപ്‌തംബർ 28ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയും വിധിക്ക് ശേഷം സംസ്ഥാനത്ത് ഉരുത്തിരിഞ്ഞ അസാധാരണ രാഷ്ട്രീയാന്തരീക്ഷവുമാണ്.

നവോത്ഥാന പാരമ്പര്യം പേറുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ കാലാവസ്ഥ വഴിമാറിപ്പോയോ എന്ന സന്ദേഹം ഇടതുമുഖ്യമന്ത്രിയായ പിണറായി വിജയനിൽ ഉണ്ടായത് സ്വാഭാവികം. നാമജപ ഘോഷയാത്രകളും മറ്റും നൽകിയ സൂചനകൾ കേരളത്തിന്റെ നവോത്ഥാനപാരമ്പര്യത്തിന് അത്ര കണ്ട് ശുഭകരമായിരുന്നില്ല അന്ന്. മുന്നിൽ നിന്ന് പൊരുതാൻ പുന്നല ശ്രീകുമാറും അന്ന് മുഖ്യമന്ത്രിക്കൊപ്പം നിന്നു. വനിതാമതിൽ സൃഷ്ടിച്ച് സ്ത്രീകളുടെ അവകാശസ്വാതന്ത്ര്യ പ്രഖ്യാപനത്തിന് സർക്കാർ മുൻകൈയെടുത്തു. പക്ഷേ വിശ്വാസത്തിന്റെ പേരിൽ നാമജപ ഘോഷയാത്രയിലടക്കം മുന്നിട്ടിറങ്ങിയ കൂട്ടത്തിൽ മറ്റൊരു വലിയ വിഭാഗം, സ്ത്രീജനങ്ങൾ തന്നെയായിരുന്നു എന്നതായിരുന്നു ഇവിടെ മുഴച്ചുനിന്ന വൈരുദ്ധ്യം.

ശബരിമലയിലെ യുവതീപ്രവേശനത്തിനായി തുടക്കത്തിൽ ശക്തിയായി വാദിച്ചിരുന്ന ആർ.എസ്.എസ് നേതൃത്വം പോലും പിന്നീട് വഴിമാറി നടന്നതും നാമജപഘോഷയാത്രയും മറ്റും സൃഷ്ടിച്ച വിശ്വാസി വികാരം മനസിലാക്കിയായിരുന്നു. കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വവും ഭിന്നമായില്ല. നായർ സർവീസ് സൊസൈറ്റി നാമജപ ഘോഷയാത്രകൾക്ക് മുന്നിട്ടിറങ്ങി. ഇവർ സർക്കാരുമായി പിന്നീട് പരസ്യമായി കൊമ്പുകോർത്തതും, വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ സമദൂരം വെടിഞ്ഞ് പരസ്യമായി യു.ഡി.എഫ് പക്ഷം ചേർന്നതുമെല്ലാം പിന്നീട് കേരളം കണ്ടു.

2019ലെ ശബരിമല മകരവിളക്ക് കാലം കഴിഞ്ഞതോടെ പ്രക്ഷോഭം ഏതാണ്ട് കെട്ടടങ്ങിയെങ്കിലും ഇടതുചേരിയിൽ നിന്ന്, പ്രത്യേകിച്ച് സി.പി.എമ്മിനകത്ത് നിന്നുതന്നെ, ചില ആശങ്കകൾ അപ്പോഴേക്കും ഉയർന്നുതുടങ്ങിയിരുന്നു. വിശ്വാസിപ്രക്ഷോഭം രൂക്ഷമായ പല ഘട്ടങ്ങളിലും സി.പി.എമ്മിന്റെ ദേവസ്വം മന്ത്രിയിൽ നിന്നുണ്ടായ പ്രതികരണങ്ങൾ തന്നെ അദ്ദേഹത്തിൽ രൂഢമൂലമായിക്കിടന്ന ആശങ്കകൾ തുറന്നുകാട്ടുന്നതായിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാൻ വാശിയോടെ നിന്ന മുഖ്യമന്ത്രിയുടെ ഉദ്ദേശശുദ്ധിയെ വിശ്വാസിസമൂഹത്തിനിടയിൽ സംശയത്തോടെ വീക്ഷിക്കാനിടയാക്കിയത് പോലും ഇത്തരം ചില പ്രതികരണങ്ങളായിരുന്നുവെന്ന് നിരീക്ഷിച്ചവരുണ്ട്.

എല്ലാ ആചാരങ്ങളുടെയും മീതെയാണ് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളെന്നാണ്, ശബരിമലയിൽ യുവതീപ്രവേശനമനുവദിച്ചുള്ള വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയത്. ഭരണഘടനാ സദാചാരം പടുത്തുയർത്തിയിരിക്കുന്നത് അന്തസ്, സമത്വം, സ്വാതന്ത്ര്യം എന്നീ മൂന്ന് തൂണുകളിന്മേലാണെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. കോടതിവിധി എന്തുതന്നെയായാലും നടപ്പാക്കിക്കൊള്ളാം എന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സംസ്ഥാനസർക്കാരിന്, വിധിയുമായി മുന്നോട്ട് പോവുകയല്ലാതെ മാർഗമില്ലായിരുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ടായിരുന്ന പ്രതിപക്ഷരാഷ്ട്രീയകക്ഷികൾ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന നിലയെടുത്തത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ അതല്ലാതെ അവർക്കും മറിച്ചൊന്ന് ചിന്തിക്കാനാവില്ലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംഘപരിവാറിന് അതിന്റെ നേട്ടം കൊയ്യാനാവാതിരുന്നത്, എൻ.എസ്.എസ് നേതൃത്വം നിർണായകഘട്ടത്തിൽ അവരുടെ ഉദ്ദേശശുദ്ധിയെ സംശയിച്ച് യു.ഡി.എഫിനൊപ്പം നിന്നതുകൊണ്ടായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്:

2019 മേയ് മാസത്തിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും യു.ഡി.എഫ് കൊണ്ടുപോയി. തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്ത സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി കാര്യങ്ങൾ ഇപ്രകാരം തുറന്നുപറഞ്ഞു: " ശബരിമല യുവതീപ്രവേശനത്തിനായുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ പാർട്ടിയും ഇടതുസർക്കാരും കേരളത്തിൽ ഉറച്ച നിലപാടാണെടുത്തത്. അത് ശരിയായതുമായിരുന്നു. എന്നാൽ, ഒരു വിഭാഗം വിശ്വാസികളിലുടലെടുത്ത ആശയക്കുഴപ്പത്തെ മുതലെടുത്ത് കോൺഗ്രസും ആർ.എസ്.എസും ബി.ജെ.പിയും വിധിയെ പിന്തുണച്ച ആദ്യ നിലപാടിൽ നിന്ന് പിൻവലിഞ്ഞു. പാർട്ടിക്കും എൽ.ഡി.എഫ് സർക്കാരിനുമെതിരെ കൊടിയ പ്രചാരണമഴിച്ചുവിട്ടു. നമ്മുടെ പരമ്പരാഗത വോട്ടർമാരിൽ ഒരു വിഭാഗത്തെ അകറ്റിമാറ്റാൻ അവർക്കായി. വനിതാമതിലിന് ശേഷം രണ്ട് യുവതികൾ ക്ഷേത്രത്തിൽ പ്രവേശിച്ചതും യു.ഡി.എഫും ബി.ജെ.പിയും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം നമ്മുടെ അനുഭാവികളിലുളവാക്കിയ സ്വാധീനം ഓരോ സ്ഥലത്തും ഓരോ തരത്തിലായിരുന്നു. നമ്മളിൽ നിന്ന് അകന്നുപോയവർ ഓരോ മണ്ഡലത്തിലും കോൺഗ്രസിനും ബി.ജെ.പിക്കും മാറിമാറി വോട്ട് ചെയ്തു."

നവോത്ഥാന മൂല്യസംരക്ഷണമെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച സി.പി.എമ്മിന് പോലും സംസ്ഥാനത്തെ ജനസമൂഹത്തിൽ ഒരു വിഭാഗം തെറ്റിദ്ധരിക്കപ്പെടുകയോ ആശയക്കുഴപ്പത്തിലകപ്പെടുകയോ ചെയ്തുവെന്ന് സമ്മതിക്കേണ്ടി വന്നു എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രകമ്മിറ്റിയുടെ ഈ തുറന്നുപറച്ചിൽ.

ഇനി കൊവിഡ് കാലത്ത് ആരാധനാലയങ്ങൾ തുറക്കുന്നതിലേക്ക് വരാം. ക്ഷേത്രങ്ങൾ തുറക്കാൻ കേന്ദ്രം സമ്മതിച്ചിട്ടും കേരളം വിരുദ്ധനിലപാടെടുത്തിരുന്നെങ്കിലെന്ത് സംഭവിക്കുമായിരുന്നുവെന്ന ചിന്ത സി.പി.എമ്മിനെയും ഇടതുകേന്ദ്രങ്ങളെയും ശബരിമലവിധിയിലേക്കെത്തിച്ചു. ലോക്‌സഭാ ഫലമെന്ന ദുസ്വപ്നം ആവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.

പക്ഷേ തുറന്നപ്പോൾ സംഘപരിവാറിൽ നിന്നുയർന്നത് രൂക്ഷവിമർശനമായിരുന്നു. അവിടെയാണ് ക്ഷേത്രസംരക്ഷണസമിതിയുടെ രംഗപ്രവേശം. ദേവസ്വംബോർഡുകളുടേതല്ലാതെ, സംസ്ഥാനത്തുള്ള 550 ക്ഷേത്രങ്ങൾ ക്ഷേത്രസംരക്ഷണസമിതിയുടെ അധീനതയിലുണ്ട്. മൂവായിരം ക്ഷേത്രങ്ങളിൽ അവർക്ക് ശാഖകളുമുണ്ട്. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നിയന്ത്രണം കൈയാളുന്നതിൽ നിർണായക പങ്കുള്ള ഈ സമിതി സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ളതാണ്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലേക്ക് ഇവരുടെ പ്രതിനിധികളെ ക്ഷണിക്കാത്തത് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായോ? സംഘപരിവാറിന് കനത്ത ക്ഷീണമുണ്ടാക്കുന്നതായിരുന്നു സർക്കാർ സമീപനമെന്നതിൽ തർക്കമില്ല.

മതമേലദ്ധ്യക്ഷന്മാരുടെ കൂട്ടത്തിൽ കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയെയെങ്കിലും ഉൾപ്പെടുത്തി ക്ഷണിക്കണമായിരുന്നു എന്നാണ് ക്ഷേത്രസംരക്ഷണസമിതി വക്താക്കൾ പറയുന്നത്. എന്നാൽ, ഇപ്പോൾ ക്ഷേത്രങ്ങൾ തുറക്കാനുള്ള ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും തീരുമാനത്തിനെതിരെ രംഗത്ത് വന്നതിന് കാരണം അതല്ലെന്നാണ് ഇവരുടെ വാദം. "മദ്യശാലകൾ തുറന്നപ്പോൾ ക്ഷേത്രങ്ങൾ നിയന്ത്രണം വച്ച് തുറന്നുകൂടേയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ തങ്ങളാവശ്യപ്പെട്ടത് വസ്തുതയാണ്. പക്ഷേ ഇപ്പോൾ ആശങ്ക കൂടി നിൽക്കുമ്പോൾ മുഖ്യമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചാലും തുറക്കരുത് എന്നേ ആവശ്യപ്പെടുമായിരുന്നുള്ളൂ. ഒരു കൊവിഡ് രോഗി ഏതെങ്കിലും ക്ഷേത്രത്തിൽ പ്രവേശിച്ചതായി റൂട്ട്മാപ്പിൽ കണ്ടെത്തിയാൽ അവിടെ നിത്യപൂജയടക്കം ഒഴിവാക്കി അടച്ചിടേണ്ടിവരും. പൂജ മുടങ്ങിയാലത് ക്ഷേത്രചൈതന്യത്തെയാണ് ഇല്ലാതാക്കുക"- ക്ഷേത്രസംരക്ഷണസമിതിയുടെ തിരുവനന്തപുരം ജില്ലാ നേതാവായ ഷൈജു പറഞ്ഞു.

ക്ഷേത്രം തുറന്നില്ലെങ്കിൽ ഗുരുവായൂരിൽ പോയിരിക്കുമെന്ന് ശപഥമെടുത്ത കോൺഗ്രസ് നേതാക്കളുണ്ട്. ക്ഷേത്രം തുറന്നശേഷം ഉയർന്ന പുതിയ വിവാദത്തിൽ പലരും അർത്ഥഗർഭമൗനത്തിലാണ്. തുറക്കുന്നതിൽ കുറച്ചുകൂടി കരുതലോടെയുള്ള ഇടപെടൽ വേണമായിരുന്നെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് പോലും അങ്ങേയറ്റത്തെ സൂക്ഷ്മത പാലിച്ചാണ്.

മാർച്ച് 24ന് പെട്ടെന്ന് ലോക്ക് ഡൗൺ വന്നപ്പോൾ ക്ഷേത്രങ്ങളടക്കം അ‌ടയ്ക്കപ്പെട്ടതാണ്. അതുവരെയുള്ള കാണിക്ക എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല ഇനിയും ദേവസ്വങ്ങൾ. അവയിൽ നിന്നുള്ള വരുമാനം അതിനാൽ കണക്കാക്കാനിരിക്കുന്തേയുള്ളൂ. ദേവസ്വം ബോർഡ് അമ്പലങ്ങൾ തുറന്നില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തിൽ അതിനാൽ തൽക്കാലം ആശങ്കയ്ക്ക് അടിസ്ഥാനമില്ല. എന്നിട്ടും അന്ന് തുറക്കാൻ തീരുമാനിച്ചത്, ശബരിമല ആഘാതം മുന്നിൽ കണ്ടാണെന്ന് തുറന്ന് പറയുന്നത് ഇടതുനേതാക്കൾ തന്നെയാണ്. തുറന്നശേഷം വിശ്വാസസംരക്ഷകരിൽ വീണ്ടുവിചാരമുണ്ടായെങ്കിലും സർക്കാർ സേഫ് സോണിലാണിപ്പോൾ.

TAGS: DEVOTEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.