തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി 24 വരെ നീട്ടി. ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഇന്ന് മുതൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനായിരുന്നു നോർക്ക നേരത്തേ തീരുമാനിച്ചിരുന്നത്.
24 വരെ നീട്ടിയ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ യാത്രയ്ക്കൊരുങ്ങിയ കുറേ പ്രവാസികൾക്ക് കൂടി നിലവിലെ വ്യവസ്ഥപ്രകാരം നാട്ടിലേക്ക് മടങ്ങാനാകും. പുതിയ തീരുമാനമനുസരിച്ച് 25 മുതൽ വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന ചാർട്ടേഡും വന്ദേഭാരത് മിഷനുമടക്കം എല്ലാ വിമാനങ്ങളിലും യാത്ര ചെയ്യുന്നവർ പരിശോധനയ്ക്ക് വിധേയരാകണം. ഇതിനുള്ള ഉത്തരവ് അടുത്തദിവസമിറങ്ങും. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ യു.ഡി.എഫും ബി.ജെ.പിയുമടക്കം രംഗത്ത് വന്നിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഉപവാസവും നടത്തി. പ്രതിപക്ഷം ഇത് രാഷ്ട്രീയായുധമാക്കുന്നുവെന്ന തിരിച്ചറിവിലാണ് സർക്കാർനീക്കം. പരിശോധന നടത്തി കൊവിഡ് രോഗികളെയും അല്ലാത്തവരെയും വെവ്വേറെ വിമാനങ്ങളിൽ നാട്ടിലേക്കെത്തിക്കണമെന്ന നിർദ്ദേശം സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. രോഗവ്യാപനം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ടെസ്റ്റ് ക്രമീകരണങ്ങൾക്ക് തുടക്കം
25നകം ചെലവ് കുറഞ്ഞ ട്രൂനാറ്റ്, ആന്റി ബോഡി ടെസ്റ്റുകൾ വിദേശ എംബസികൾ വഴി സംസ്ഥാനം നേരിട്ട് ഏർപ്പെടുത്താനുള്ള ക്രമീകരണമാരംഭിച്ചു. ട്രൂനാറ്റ് പരിശോധനാ സംവിധാനം സംസ്ഥാനം ഒരുക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അതൊരുക്കുന്നതിനുള്ള സാവകാശത്തിനായാണ് ഇപ്പോൾ കൊവിഡ് പരിശോധനാ കാലാവധി നാല് ദിവസത്തേക്ക് നീട്ടുന്നതെന്നാണ് വിവരം.
കൊവിഡ് - 19 പരിശോധനയ്ക്ക് സൗകര്യമൊരുക്കാൻ കൂടുതൽ സമയം വേണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നിബന്ധന നടപ്പാക്കുന്നത് നാല് ദിവസം നീട്ടിയത്.
കെ. ഇളങ്കോവൻ,
നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി
അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള
സംരക്ഷണം പ്രവാസികൾക്ക് പറ്റില്ല
അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള സംരക്ഷണം വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നൽകാനാവില്ലെന്ന് നോർക്ക വകുപ്പ് മറ്റൊരുത്തരവിൽ വ്യക്തമാക്കി. ഒരു ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാരിനോട് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിന്റെ ഭാഗമായാണ് ഉത്തരവിറക്കിയത്. പ്രവാസികളും അന്യസംസ്ഥാന തൊഴിലാളികളും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്നാണ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്.
ഇന്ന് മുതൽ നിർബന്ധമാക്കാനുള്ള തീരുമാനത്തിലാണ് മാറ്റം
ട്രൂനാറ്റ് പരിശോധനാ സംവിധാനം സർക്കാർ ഒരുക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |