ശേഷിയുള്ളവരുടെ ശേഷിപ്പ് എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തം രാജ്യങ്ങളുടെ ബലാബലത്തിലും പരമാർത്ഥമാണെന്ന് പറയാതിരിക്കാനാവില്ല. സാമ്പത്തികമായും സൈനികമായും ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളാണ് ലോകത്തെ നയിക്കുന്നത്. ഇതിൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ സ്വീകരിക്കുന്ന നയങ്ങളും സമീപനങ്ങളുമാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രൂപംകൊണ്ട ഐക്യരാഷ്ട്ര സഭയുടെ ദിശാസൂചിക.
അവരുടെ അഭിപ്രായങ്ങളോടും നിലപാടുകളോടും യോജിക്കാൻ കഴിയാത്ത രാജ്യങ്ങളുടെ ശബ്ദങ്ങൾ വനരോദനമായി മാറുകയാണ് പതിവ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ലോക ക്രമമല്ല ഇപ്പോൾ നിലവിലുള്ളത്. ഇന്ത്യ, ബ്രസീൽ, ഇസ്രായേൽ തുടങ്ങിയ പല രാജ്യങ്ങളും അതിശക്തരായി വളർന്നുകൊണ്ടിരിക്കുകയാണ്. ലോക സമാധാനത്തിന് പുതിയ വെല്ലുവിളികളും ഉയർന്നുകൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലേക്ക് 192 അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ 184 വോട്ടുകൾ നേടി ഏഷ്യ - പസഫിക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് വരാൻ പോകുന്ന നാളുകളിൽ ലോക സമാധാനത്തിന് ഇന്ത്യൻ നിലപാടുകളുടെ പ്രസക്തി വർദ്ധിപ്പിക്കുന്ന ഒന്നായി മാറും. ഇന്ത്യ - ചൈന സംഘർഷം മൂർച്ഛിച്ച് നിൽക്കുന്ന ഈ സന്ദർഭത്തിൽ പ്രത്യേകിച്ചും. 2021 ജനുവരി 1 മുതൽ രണ്ട് വർഷത്തേക്കാണ് ഇന്ത്യ അംഗത്വം വഹിക്കുക. ഇത് എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
ആഗോള സമൂഹത്തിനോട് അഗാധമായി നന്ദി പറയുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോട് ട്വിറ്ററിൽ പ്രതികരിച്ചത്. ആഗോള സമാധാനം, സുരക്ഷിതത്വം, സമത്വം, ഉൽപ്പതിഷ്ണത തുടങ്ങിവയ്ക്കായി ഇന്ത്യ ഈ അവസരം വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രിയുടെ ആഗോള നേതൃത്വത്തിനും ദീർഘവീക്ഷണത്തിനുമുള്ള അംഗീകാരമായി കൂടി ഈ സുരക്ഷാസമിതി അംഗത്വത്തിനെ വീക്ഷിക്കണം. ചൈനയും പാകിസ്ഥാനും മറ്റും ഉൾപ്പെടുന്ന 55 അംഗ ഏഷ്യ - പസഫിക് ഗ്രൂപ്പിനെയാണ് ഇന്ത്യ പ്രതിനിധീകരിക്കുന്നത് എന്നതിന് പ്രത്യേക സാംഗത്യമുണ്ട്.
ഓരോ പ്രശ്നത്തിലും തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിക്കുന്ന ഒരു സംസ്ക്കാരം ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമാണ്. ഭൗതിക ശക്തികളെ ആവശ്യത്തിലധികം കുമ്പിടുന്ന ഒരു സമീപനം ഇന്ത്യ ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. ശരിയുടെ പക്ഷത്ത് നിന്നുകൊണ്ട് വാദിക്കാനുള്ള ഇന്ത്യയുടെ മനോധൈര്യം നാൾക്കുനാൾ കൂടിവരികയല്ലാതെ ഒരിക്കലും ചോർന്നുപോയിട്ടില്ല. അവികസിതവും ദരിദ്രവുമായ രാജ്യങ്ങളോട് ഇന്ത്യ എല്ലാ കാലത്തും കാരുണ്യപൂർണമായ കരുതലിന്റെ സമീപനമാണ് എപ്പോഴും തുടർന്നുവരുന്നത്. ഇത് തെളിയിക്കുന്നതുകൂടിയാണ് ഇന്ത്യയ്ക്ക് ലഭിച്ച 184 രാജ്യങ്ങളുടെ പിന്തുണ. അന്താരാഷ്ട്ര രംഗത്ത് വർഷങ്ങളായി കാശ്മീർ പ്രശ്നം ഉയർത്തി ഇന്ത്യയുടെ യശസ്സിനെ താറടിക്കാൻ പാകിസ്ഥാൻ നടത്തുന്ന യത്നങ്ങൾ ഫലിക്കാതെ പോകുന്നതും ഇന്ത്യയുടെ ഈ സമീപന വ്യത്യാസത്താലാണ്.
അന്താരാഷ്ട്ര സംഘടനകളുടെ നിലപാടുകളിലും രീതികളിലും ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്ന വാദം ശക്തിപ്രാപിച്ചുവരുന്ന ഒരു കാലഘട്ടമാണിത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ പല നിലപാടുകളും പരക്കെ വിമർശനത്തിന് വിധേയമായിരുന്നു. ചൈനയോട് വിധേയത്വം പുലർത്തിക്കൊണ്ട് പല നിർണായക കാര്യങ്ങളിലും ഡബ്ളിയു.എച്ച്.ഒ ചാഞ്ചാട്ടം നടത്തി എന്ന വിമർശനത്തിന്റെ തീപ്പൊരികൾ ഇനിയും അടങ്ങിയിട്ടില്ല.
യു.എൻ. സമാധാന സേനയുടെ ദൗത്യങ്ങൾ കൂടുതൽ സുതാര്യമാകണം എന്ന് ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യങ്ങളിൽ നിർണായക ഇടപെടലുകൾ നടത്താനുള്ള അവസരം കൂടിയാണ് രക്ഷാസമിതിയിലെ താത്‌കാലിക അംഗത്വം.
സൂപ്പർ ശക്തികളുടെ താത്‌പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളിൽ ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് ലോകം ഇനി കൂടുതൽ ഉറ്റുനോക്കും. കൊവിഡ് പകർച്ചവ്യാധി ലോകക്രമം തന്നെ ഉടച്ചുവാർക്കുന്ന രീതിയിൽ മുന്നേറുന്ന ഈ സന്ദർഭത്തിൽ ബഹുസ്വരതയ്ക്ക് ഊന്നൽ നൽകുന്ന സമീപനമാവും ഇന്ത്യ സ്വീകരിക്കുകയെന്ന് നയതന്ത്രവൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. സത്യധർമ്മങ്ങളിൽ അധിഷ്ഠിതമായ ഒരു പുതിയ ലോകക്രമത്തിന്റെ സൃഷ്ടിക്ക് വഴികാട്ടിയും വെളിച്ചവുമാകാൻ ഇന്ത്യയ്ക്ക് കഴിയുമെന്നതിൽ സംശയിക്കേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |