സിനിമയിൽ തനിക്കൊരു മേൽവിലാസമുണ്ടാക്കിത്തന്ന സച്ചിയെന്ന കൂട്ടുകാരനെ തിരക്കഥാകൃത്ത് സേതു ഓർക്കുന്നു.
'സച്ചിയെ പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ ഒരിക്കലും സിനിമയുടെ ചുറ്റുവട്ടത്ത് ഇന്ന് നിൽക്കുന്നത് പോലെ ഞാൻ നിൽക്കില്ലായിരുന്നു. എന്നെ തിരിച്ചറിയാൻ പോലും സച്ചി-സേതുവിലെ സേതു എന്ന ഐഡന്റിറ്റി ഉണ്ടാക്കിത്തന്ന സൗഹൃദം. ഒരു നിയോഗം പോലെയാണ് സച്ചി എന്റെ ജീവിതത്തിലേക്ക് വരുന്നത്. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുമ്പോഴാണ് സച്ചിയെ പരിചയപ്പെടുന്നത്. പ്രാക്ടീസ് ചെയ്യാൻ ഒരു ഓഫീസ് തുടങ്ങാൻ വാടകയ്ക്ക് സ്ഥലം അന്വേഷിക്കുകയായിരുന്നു സച്ചി. എന്റെ മറ്റൊരു വക്കീൽ സുഹൃത്ത് പറഞ്ഞറിഞ്ഞപ്പോൾ എന്റെ ഓഫീസ് കെട്ടിടത്തിന്റെ ഒരുഭാഗം സച്ചിക്കായി നൽകി. കോടതി സമയം കഴിഞ്ഞുള്ള വേളകളിൽ ഞങ്ങൾക്കിടയിലെ പ്രധാന സംസാരവിഷയം സിനിമയായിരുന്നു. രണ്ടുപേർക്കും ഏറ്റവും ഇഷ്ടമുള്ള വിഷയം സിനിമയായതിനാൽ സൗഹൃദം ദൃഢമായി. അങ്ങനെയിരിക്കെ ഒരിക്കൽ സച്ചി തന്നെയാണ് ചോദിച്ചത് 'നമുക്ക് ഒരുമിച്ച് ഒരു സിനിമാക്കഥ എഴുതി ശ്രമിച്ചു നോക്കിയാലോ' എന്ന്. അങ്ങനെ റോബിൻഹുഡിന്റെ കഥ ഞങ്ങളെഴുതി പൂർത്തിയാക്കി. അന്ന് സിനിമയ്ക്കുള്ളിൽ മറ്റ് സൗഹൃദങ്ങളൊന്നുമില്ല. എങ്കിലും പല സംവിധായകരെയും ഞങ്ങൾ ഈ കഥ പോയി കേൾപ്പിച്ചെങ്കിലും ഒന്നും നടന്നില്ല. അങ്ങനെ ഞങ്ങൾ തന്നെ ആ സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചു. വക്കീൽ സുഹൃത്തുക്കൾ നിർമ്മിക്കാമെന്നേറ്റു. കൊച്ചിയിൽ പൂജ നടന്നെങ്കിലും അന്ന് ആ സിനിമ നടന്നില്ല. അങ്ങനെ രണ്ടുവർഷം പോയെങ്കിലും സിനിമയെന്ന സ്വപ്നം കൈവിട്ടില്ല. പിന്നീടാണ് ഷാഫിയെ പരിചയപ്പെടുന്നതും ചോക്ളേറ്റ് എന്ന ചിത്രം സംഭവിക്കുന്നതും. ഞാനെപ്പോഴും കൊമേഴ്സ്യൽ സിനിമ ഒരുക്കാൻ താല്പര്യപ്പെടുമ്പോൾ ലോജിക്ക് കൈവിട്ട് സിനിമാക്കഥ പറയാൻ സച്ചി തയ്യാറായിരുന്നില്ല. ഞങ്ങളുടെ സീനിയേഴ്സ് എന്ന സിനിമ വിജയിച്ചു നിൽക്കുന്ന അവസരത്തിലാണ് രണ്ടുപേരും രണ്ട് സ്വതന്ത്ര എഴുത്തുകാരാവാൻ തീരുമാനിക്കുന്നത്.
എഴുത്തിൽ സച്ചിക്കൊപ്പമാകുമ്പോൾ എനിക്ക് ഭയങ്കര ധൈര്യമായിരുന്നു. എഴുത്തുകാരെന്ന നിലയ്ക്ക് വേർപിരിഞ്ഞെങ്കിലും പരസ്പര ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. സ്വന്തം തിരക്കഥകൾ പരസ്പരം ചർച്ച ചെയ്യാറുണ്ട്. എന്നെങ്കിലും വീണ്ടും ഇരുവരും ചേർന്ന് സിനിമയൊരുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിന് തയ്യാറായി നിർമ്മാതാക്കളുമെത്തിയിരുന്നു. പക്ഷേ ഒരിക്കലും നടക്കാത്ത സ്വപ്നമായി ആ സിനിമ അവശേഷിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |