കൊമ്രേഡ് ഇൻ അമേരിക്കയിൽ ദുൽഖറിനെ തേച്ചിട്ട് കടന്നുകളഞ്ഞ, ആ പെൺകുട്ടി പിന്നെ പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടി ചിത്രം അങ്കിളിൽ. പക്ഷേ, പണ്ട് ദുൽഖറിനെ തേച്ച കാര്യം ചോദിച്ചാൽ കാർത്തികയ്ക്ക് സങ്കടം വരും. അത് സിനിമയിലല്ലേ. ജീവിതത്തിൽ ദുൽഖറിനെ വേണ്ടെന്ന് വയ്ക്കാൻ ഏതെങ്കിലും പെൺകുട്ടി തയ്യാറാകുമോ. ഞാൻ സിനിമയിൽ എത്തു മുമ്പേ ഡി ക്യു ഫാനാ... പി.കെ, ത്രീ ഇഡിയറ്റ്സ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി ഛായാഗ്രാഹകൻ സി.കെ. മുരളീധരന്റെ മകളാണ് കാർത്തിക. അച്ഛന്റെ പാതപിന്തുടർന്നെത്തിയ കാർത്തികയുടെ മനസുനിറയെ സിനിമ മാത്രമാണ്...
രണ്ടാമത്തെ സിനിമ തന്നെ സീനിയേഴ്സിനൊപ്പമായിരുന്നല്ലോ?
. വളരെ നല്ല അനുഭവമായിരുന്നു. ഷൂട്ടിംഗ് സമയത്ത് മമ്മൂക്കയ്ക്കും ജോയി മാത്യു സാറിനും അതിൽ മാത്രമാണ് ശ്രദ്ധ. അല്ലാത്തപ്പോൾ ഭയങ്കര ജോളിയാണ്. ഒപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചു എന്നതിലപ്പുറം മറ്റ് പല വിഷയങ്ങളും അവരോട് സംസാരിക്കാൻ കഴിഞ്ഞു. എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് അല്പമൊക്കെ ധാരണയുള്ളതുകൊണ്ട് ആ രീതിയിലായിരുന്നു ഞങ്ങളുടെ ചർച്ചകൾ.
എങ്ങനെയാണ് സി.ഐ.എയും അങ്കിളും കാർത്തികയിലേക്ക് എത്തിയത്?
അച്ഛന്റെ കൂടെ ചില ലൊക്കേേഷനുകളിൽ പോയിട്ടുണ്ടെന്നല്ലാതെ സിനിമയുമായി മറ്റു ബന്ധമൊന്നും ഇല്ലായിരുന്നു. സിനിമാ സെറ്റിലെ കാഴ്ചകൾ ആകർഷിച്ചിരുന്നു. ഒരുപാട് കലാരൂപങ്ങൾ ഒന്നിക്കുന്ന ഇടം എന്ന നിലയിലുള്ളൊരു സ്നേഹം. ഡിഗ്രിക്ക് ഫസ്റ്റ് ഇയർ പഠിക്കുമ്പോഴാണ്, ഒരു മലയാളം സിനിമയിൽ നായികയെ ആവശ്യമുണ്ട് നിന്റെ കുറച്ച് ഫോട്ടോസ് അയച്ചു കൊടുക്കൂയെന്ന് അച്ഛൻ പറയുന്നത്. ആദ്യം ഒഴിഞ്ഞു മാറാൻ നോക്കി.വീണ്ടും നിർബന്ധിച്ചപ്പോൾ ഫോട്ടോസ് അയച്ചു. പിന്നെയാണത് ദുൽഖർ - അമൽ നീരദ് സിനിമയാണെന്ന് അറിയുന്നത്. അതോടെ ഞാൻ ഫ്ളാറ്റായി.
സി.ഐ.എയിലെ സാറയെ ജോയ് മാത്യു സാറിന് ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ അങ്കിളിന്റെ ഒഡിഷനിൽ പങ്കെടുത്തു. അതിന് മുമ്പ് ജോയ് സാർ എന്റെ അച്ഛനോട് സംസാരിച്ചിരുന്നു. അച്ഛന് തിരക്കഥ ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. ദുൽഖറിന്റെ സിനിമ കഴിഞ്ഞ ഉടൻ മമ്മൂക്കയുടെ സിനിമയിൽ നായികയായാൽ ശരിയാകുമോ എന്നൊരു സംശയം എല്ലാവർക്കുമുണ്ടായിരുന്നു.
ആദ്യ സിനിമയിൽ ദുൽഖർ , രണ്ടാമത്തേതിൽ മമ്മൂട്ടി. എല്ലാവർക്കും കിട്ടാത്ത ഭാഗ്യമാണല്ലോ?
തീർച്ചയായും അതൊരു ഭാഗ്യം തന്നെയാണ്. ഇക്കയും കുഞ്ഞിക്കയും തമ്മിൽ അച്ഛനും മകനും എന്ന രീതിയിലുള്ള എല്ലാ വ്യത്യാസവുമുണ്ട്. ഡി ക്യു ഭയങ്കര ഫ്രണ്ട്ലിയാണ്. യാത്ര ചെയ്ത സ്ഥലങ്ങളെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമൊക്കെ നന്നായി സംസാരിക്കും. ഹിപ്പ്ഹോപ്പ് പാട്ടുകളൊക്കെയാണ് ഡി ക്യുവിന് താത്പര്യം.
അതേ സമയം ആദ്യ കുറച്ച് ദിവസം ഇക്കയോട് ബഹുമാനം കലർന്ന പേടിയായിരുന്നു. സംസാരിക്കാനുള്ള അവസരം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. ഇങ്ങനെയായാൽ നീ എങ്ങനെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമെന്നു പറഞ്ഞ് ജോയ് സാർ സംസാരിക്കാൻ നിർബന്ധിക്കും. പിന്നെ ഞങ്ങൾ നല്ല കൂട്ടായി. ഒരു അച്ഛനെ പോലെയാണ് ഇക്ക കെയർ ചെയ്തിരുന്നത്. ഞാൻ ഭക്ഷണം കഴിച്ചോ എവിടെയാ പോകുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ തിരക്കും.
അച്ഛൻ ബോളിവുഡിലെ പ്രശസ്ത കാമറാമാൻ. ഹിന്ദി സിനിമ സ്വപ്നം കണ്ടില്ലേ?
മുംബയിൽ വളർന്നെങ്കിലും മലയാള സിനിമയോടായിരുന്നു ഇഷ്ടം. എനിക്ക് മാത്രമല്ല പുറത്തൊക്കെ വളരുന്ന മിക്ക കുട്ടികൾക്കും അങ്ങനെയായിരിക്കും. ഞങ്ങളുടെ സിനിമ വെറും കെട്ടുകാഴ്ചയല്ലെന്നും കാമ്പുള്ള സിനിമകളാണ് അവിടെയുണ്ടാകുന്നതെന്നും കൂട്ടുകാരോട് അഭിമാനത്തോടെ പറയാറുണ്ട്. ബോളിവുഡിൽ അഭിനയിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. അവസരം വന്നാൽ അപ്പോൾ നോക്കാം. ഞാൻ വർത്തമാന കാലത്തിൽ ജീവിക്കുന്നയാളാണ്. ഭാവിയെ കുറിച്ച് ആലോചിച്ച് ടെൻഷനാവാറില്ല. 21 വയസായിട്ടേയുള്ളൂ. ഒട്ടും ധൃതിയില്ല.
കേരളത്തിൽ താമസിക്കാൻ ഇഷ്ടമാണോ?
ഇവിടുത്തെ രീതികളുമായി പൊരുത്തപ്പെട്ട് വരുന്നുണ്ട്. കേരളത്തിലെ പ്രേക്ഷകർ എന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചു. പണ്ട് വെക്കേഷന് മുംബയിൽ നിന്ന് വരുമ്പോൾ മമ്മിയുടെ കോട്ടയത്തുള്ള വീട്ടിലാണ് താമസിക്കുക. പോകുന്നതു വരെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങില്ല. സിനിമയിൽ എത്തിയ ശേഷമാണ് കേരളത്തിലൂടെ ഇത്രയും യാത്ര ചെയ്യുന്നത്. ഒരുപാട് പച്ചപ്പുമുള്ള മനോഹരമായ സ്ഥലമാണ്.
അഭിനയം തന്നെയാകുമോ കരിയർ?
അഭിനയവുമായി മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ തീരുമാനം. ഞാനെപ്പോഴും സിനിമയുടെയും നാടകത്തിന്റെയും നടുവിലാണ്. രണ്ടും ഇഷ്ടമാണ്. ഇൻഡസ്ട്രിയിൽ തുടരാൻ അവസരം ലഭിച്ചാൽ വലിയ സന്തോഷം. മലയാളത്തിൽ നാല് വർഷത്തിനപ്പുറം ഒരു നായികയ്ക്ക് നിലനിൽക്കാൻ പ്രയാസമാണെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ നോക്കിയാൽ ഇപ്പോൾ തന്നെ എന്റെ രണ്ട് വർഷം കഴിഞ്ഞു. എല്ലാ സിനിമയിലും പുതുമുഖ നായിക എന്നതാണ് ഇപ്പോഴത്തെ രീതി. നായകന്മാർ നിലനിൽക്കുന്നു, നായികമാർ മാറി വരുന്നു. അത് നല്ല പ്രവണതയല്ല. എങ്കിലും ഉറച്ചു നിൽക്കാൻ ശ്രമിക്കും.
മലയാളത്തിൽ ഇറങ്ങുന്ന സിനിമകളൊക്കെ കാണാറുണ്ടോ?
മലയാളം സിനിമകൾ കാണാൻ ഇഷ്ടമാണ്. പക്ഷേ, ബാംഗ്ളൂരിലെ ഒരു ഉൾപ്രദേശത്താണ് ഞാൻ പഠിക്കുന്നത്. വീട്ടിൽ പോകുന്നത് പോലും വല്ലപ്പോഴുമാണ്. അതുകൊണ്ട് റിലീസ് സിനിമകൾ കാണാൻ കഴിയില്ല. യൂട്യൂബിൽ പഴയ മലയാള പടങ്ങൾ കാണുന്നതാണ് ഇപ്പോഴത്തെ ഹോബി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |