ലോകമെങ്ങും ബ്ളാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങൾ നടക്കുമ്പോൾ മുഖം രക്ഷിക്കാനൊരുങ്ങി 'ഫെയർനസ് ക്രീം കമ്പനികൾ". ലോകമെങ്ങും കറുപ്പിന്റെ രാഷ്ടീയം അലയടിക്കുമ്പോൾ 'വെളുപ്പ്' എന്ന് പരസ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞ യൂണിലിവറിന്റെ ഇന്ത്യൻ കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ 'ഫെയർ ആൻഡ് ലവ്ലി' ഉത്പന്നങ്ങളിലെ 'ഫെയർ' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് അറിയിച്ചു. വെളുപ്പിന് മാത്രമല്ല, കറുപ്പിനും സ്വത്വമുണ്ടെന്ന് ഇപ്പോഴാണ് കമ്പനിക്ക് വെളിപാടുണ്ടായതത്രേ. അമേരിക്കയിൽ വെളുത്ത പൊലീസുകാരന്റെ വർണവെറിക്കിരയായ കറുത്ത വർഗക്കാരൻ ജോർജ് ഫ്ളോയിഡിന്റെ പേരിൽ ആരംഭിച്ച'ബ്ളാക്ക് ലൈവ്സ് മാറ്റർ' പ്രതിഷേധത്തിന്റെ രണ്ടാംഘട്ടത്തിൽ തൊലി നിറം വെളുപ്പിക്കാൻ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന കോസ്മെറ്റിക് ഉത്പന്നങ്ങൾക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുനരാലോചന. കമ്പനിയുടെ ഫെയർനെസ് ഉത്പന്നങ്ങൾക്ക് ദക്ഷിണേഷ്യയിലാണ് കൂടുതലും ഉപഭോക്താക്കളുള്ളത്.വാക്കുകളുടെ ഉപയോഗത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് കമ്പനി ആലോചിക്കുന്നത്. സ്കിൻ ലൈറ്റനിംഗ്, സ്കിൻ വൈറ്റ്നിംഗ് എന്നീ വാക്കുകൾക്ക് പകരം സ്കിൻ റജുവിനേഷൻ, സ്കിൻ വൈറ്റാലിറ്റി എന്ന വാക്കുകൾ ഉത്പന്നത്തിന്റെ ഗുണഗണങ്ങളിൽ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് കമ്പനി. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ തൊലിനിറത്തെക്കുറിച്ച് പരാമർശിക്കുന്ന ഉത്പന്നങ്ങൾക്കെതിരേ നേരത്തെ ജനരോഷം ഉയർന്നിരുന്നു. അന്നത് കമ്പനി വേണ്ടത്ര മൈൻഡ് ചെയ്തില്ല. എന്നാൽ അടുത്ത കാലത്തായി അമേരിക്കയിൽ കറുത്ത വർഗക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പും മറ്റും 'ഫെയർ' വിഷയം വീണ്ടും സജീവമാക്കി. ഇനി പിടിച്ചുനിൽക്കാനാവില്ലെന്ന് തോന്നിയതിനാലാവണം യൂണിലിവറും ചുവടുമാറ്റിയത്. നേരത്തെ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയും കറുപ്പിന്റെ അഴക് സമ്മതിച്ചിരുന്നു. തൊലിവെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകളുടെ വിൽപ്പന ഈ മാസത്തോടെ നിറുത്തുമെന്നാണ് ജോൺസൺ കമ്പനിയും അറിയിച്ചിച്ചത്. പ്രമുഖ കോസ്മെറ്റിക്സ് ഉത്പാദകരായ ലോറിയൽ കമ്പനിയും വെളുപ്പ് എന്ന വാക്ക് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. തൊലിനിറം കൊണ്ടുള്ള വിവേചനം അടുത്ത തലമുറയെ അൽപമെങ്കിലും ബാധിക്കാതിരിക്കാൻ ഈ ചുവടുവയ്പുകൾ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |