ചാത്തന്നൂർ: വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 340 ഗ്രാം സ്വർണം കൈമാറുന്നതിനിടെ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘത്തിലെ രണ്ടുപേരുൾപ്പെടെ മൂന്നുപേരെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വെളുപ്പിന് നാലോടെ ആദിച്ചനല്ലൂരിലായിരുന്നു സംഭവം. സ്വർണം കൊണ്ടുപോകാനെത്തിയ കോഴിക്കോട് കൊടുവള്ളി മൂലയിൽ ഹൗസിൽ ഷമീർ (35), കൊടുവള്ളി കണ്ണാടി പോയിൽ മുഹമ്മദ് (40), സ്വർണം കടത്തിക്കൊണ്ടുവന്ന കാരംകോട് ജെ.എസ്.എം ആശുപത്രിക്ക് സമീപം വിസ്മയയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം മുണ്ടയ്ക്കൽ വെസ്റ്റ് വില്ലേജിൽ ജോസ്ദാസ് (40) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 1 ഓടെ ദുബായിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിലിറങ്ങിയ ജോസ്ദാസ് ആദിച്ചനല്ലൂർ അടിമുക്കിലുള്ള കൂട്ടുകാരന്റെ വീട്ടിലാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. ജോസ് ദാസ് വിളിച്ചതനുസരിച്ച് കൊടുവള്ളി സ്വദേശികളായ പ്രതികൾ കാറിലെത്തി. തുടർന്ന് വീട്ടിൽ വച്ച് സ്വർണം കൈമാറി. ഇവരെ യാത്രയാക്കാൻ ജോസ് ദാസ് റോഡിലേക്കിറങ്ങിയപ്പോൾ കോഴിക്കോട് രജിസ്ട്രേഷൻ കാർ കണ്ട് നൈറ്റ് പട്രോളിംഗ് നടത്തിയ ചാത്തന്നൂർ പൊലീസ് ജീപ്പ് നിറുത്തി. ചോദ്യം ചെയ്യുന്നതിനിടെ ഡ്യൂട്ടി കഴിഞ്ഞ് അതുവഴിയെത്തിയ കണ്ണനല്ലൂർ സി.ഐ വിപിൻ കുമാറും സ്ഥലത്തെത്തി. സംശയം ബലപ്പെട്ടതോടെ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ കടത്തിക്കൊണ്ട് വന്ന സ്വർണമാണെന്ന് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി ജോസ്ദാസിനെ ക്വാറന്റൈനിലാക്കുകയും കൊടുവള്ളി സ്വദേശികളെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു. കണ്ണനല്ലൂർ സി.ഐ വിപിൻ കുമാർ, ചാത്തന്നൂർ എസ്.ഐ റിനോഡസ്, എ.എസ്.ഐ രാമചന്ദ്രൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |