ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഡൽഹിയിൽ കൊവിഡ് പിടിച്ചു നിറുത്താൻ പരാജയപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏറ്റെടുക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അതേസമയം സംസ്ഥാന സർക്കാരുമായി ഏകോപനവുമുണ്ട്. ഇന്നലെ ഛത്തർപൂരിൽ തയ്യാറാക്കിയ കൊവിഡ് ആശുപത്രി ഷായും കേജ്‌രിവാളും ഒന്നിച്ചാണ് സന്ദർശിച്ചത്.
കൊവിഡ് വ്യാപന തോത് വർദ്ധിക്കുന്നത് മനസിലാക്കി അമിത് ഷാ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി ശേഷം തയ്യാറാക്കിയ നടപടികളാണ് ഡൽഹിയിൽ ഇപ്പോൾ പുരോഗമിക്കുന്നത്. പരിശോധന വർദ്ധിപ്പിക്കാനുള്ള തീരുമാനവും രോഗവ്യാപന തോത് മനസിലാക്കാനുള്ള സീറം പരിശോധന, ആന്റിജെൻ റാപ്പിഡ് ടെസ്‌റ്റ് തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു.
പരിശോധന വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.സി.എം.ആർ കൂടുതൽ ആർ.ടി പി.സി.ആർ, ആന്റിബോഡി കിറ്റുകൾ സൗജന്യമായി എത്തിച്ചിട്ടുണ്ട്. ഡൽഹിയിൽ പരിശോധനാ സൗകര്യമുള്ള 12 ലാബുകൾക്കായി 4.7ലക്ഷം ടെസ്‌റ്റുകൾ നടത്താനുള്ള ആർ.ടി. പി.സിആർ കിറ്റുകളാണ് നൽകിയത്.
രോഗപ്രതിരോധ നടപടികളിൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) ആവശ്യമായ മാർഗനിർദ്ദേശങ്ങളും സാങ്കേതിക സഹായവും നൽകുന്നുണ്ട്. ക്വാറന്റൈൻ സൗകര്യങ്ങൾ, കൊവിഡ് കെയർ കേന്ദ്രങ്ങൾ എന്നിവിടങ്ങളുടെ നടത്തിപ്പ്, ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം, രോഗികളുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടിക തയ്യാറാക്കൽ, പകർച്ച തടയൽ, ലാബ് ജീവനക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയ്‌ക്കുള്ള പരിശീലനം തുടങ്ങിയവയ്‌ക്കും നേതൃത്വം നൽകും.
എൻ.സി.ഡി.സിയിൽ നിന്നുള്ള വിദഗ‌്ദ്ധർ ഒാരോ ദിവസത്തെയും രോഗവ്യാപനം വിശകലനം ചെയ്‌ത് ജില്ലാ തലത്തിൽ ആവശ്യമായ നടപടികൾക്ക് ശുപാർശ നൽകുന്നു. ഡൽഹിയിൽ രോഗ വ്യാപന തോത് മനസിലാക്കാൻ എൻ.സി.ഡി.സിയുടെ നേതൃത്വത്തിൽ 20,000 ആളുകളിൽ നടത്തുന്ന സീറം പരിശോധനയ്‌ക്ക് ഇന്നലെ തുടക്കം കുറിച്ചു. പരിശോധന ജൂലായ് 10വരെ നീണ്ടു നിൽക്കും.
രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം
ഛത്തർപൂരിൽ രാധാ സ്വാമി സത്‌സംഗുകാർ വിട്ടു നൽകിയ സ്ഥലത്ത് തയ്യാറാക്കിയ 10,000 കിടക്കകളുള്ള സർദാർ പട്ടേൽ കൊവിഡ് കെയർ കേന്ദ്രം ഡൽഹിക്ക് ആശ്വാസമാകും. രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് കെയർ കേന്ദ്രമാണിത്. 22 ഫുട്ബാൾ മൈതാനങ്ങളുടെ അത്ര വലിപ്പം വരുന്ന 12.5ലക്ഷം ചതുരശ്ര അടി സ്ഥലത്ത് 50 കിടക്കകൾ വീതമുള്ള 200 വാർഡുകളുണ്ട്. ഇന്നലെ അമിത് ഷായും മുഖ്യമന്ത്രി കേജ്‌രിവാളും ഒന്നിച്ചെത്തി ഇവിടുത്തെ സൗകര്യങ്ങൾ വിലയിരുത്തി. ഉപയോഗശേഷം ഉപേക്ഷിക്കാവുന്ന തരത്തിൽ കാർഡ്ബോർഡ് കൊണ്ടാണ് ഇവിടുത്തെ കിടക്കകൾ നിർമ്മിച്ചിരിക്കുന്നത്. ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സ് സൈനികരും ഡൽഹി ആരോഗ്യ പ്രവർത്തകരുമാണ് ഈ കേന്ദ്രം തയ്യാറാക്കിയത്. 2000 ത്തോളം സൈനികരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.
ലോക്ക്ഡൗൺ ഇളവുകൾ മൂലം കൊവിഡ് വ്യാപനം പ്രതീക്ഷിച്ചതിലും കൂടുതലായി.
രോഗവ്യാപനം തടയാൻ ഒന്നുകിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തണമായിരുന്നു. അല്ലെങ്കിൽ വൈറസിനെതിരെ പോരാടണം. ഇതിൽ സർക്കാർ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്.
രോഗവ്യാപന തോത് മനസിലാക്കാൻ എല്ലാവരിലും സീറം പരിശോധന തുടങ്ങി.
- മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |