തിരുവനന്തപുരം: വിദേശത്തു നിന്ന് കൂടുൽ പേരെത്തുന്നതും മഴക്കാല രോഗങ്ങളും കാരണം ആഗസ്റ്റ് ആദ്യവാരം സംസ്ഥാനത്ത് കൊവിഡിന്റെയും മറ്റു തരത്തിലുള്ള പനികളുടെയും വ്യാപനം മൂർദ്ധന്യാവസ്ഥയിലെത്താമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തെരുവു യോഗങ്ങൾ പരമാവധി നിയന്ത്രിക്കാൻ സി.പി.ഐ തീരുമാനം. കേന്ദ്രസർക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾ സാമൂഹ്യാകലം കർശനമായി പാലിച്ചാകണമെന്നും ഒരു വേദിയിൽ അഞ്ച് പേരിൽ കൂടരുതെന്നും കീഴ്ഘടകങ്ങൾക്ക് സി.പി.ഐ സംസ്ഥാനനേതൃത്വം സർക്കുലറയച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനപ്രകാരമാണിത്.
പാർട്ടി കമ്മിറ്റികൾ മുൻകൈയെടുത്ത് നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനത്തിലും മറ്റും പ്രവർത്തകർ കൂട്ടമായെത്തുന്ന സാഹചര്യത്തിലാണ് വിഷയം കഴിഞ്ഞ ദിവസം എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്തത്. പാർട്ടി മുഖപത്രത്തിൽ ഇത്തരം ചടങ്ങുകളുടെ ചിത്രങ്ങളും മറ്റും നൽകുന്നതും പരമാവധി ഒഴിവാക്കും. ആൾക്കൂട്ട ചടങ്ങുകളെ നിരുത്സാഹപ്പെടുത്താനാണിത്.
പൊതുയോഗങ്ങൾക്കും സമരങ്ങൾക്കും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കെ, ഭരണകക്ഷിയിൽ നിന്ന് തന്നെ അതിന്റെ ലംഘനമുണ്ടാകുന്നത് സർക്കാരിനും ഇടതുമുന്നണിക്കും ദോഷമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിലേക്കുള്ള സി.പി.ഐ നോമിനികളെ നിശ്ചയിക്കുന്നതിനായി ചേർന്ന പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ കൈയാങ്കളിയുടെ വക്കോളമെത്തിയ തർക്കത്തിന്റെ പേരിൽ ജില്ലാ നേതാക്കളായ പി.എസ്. സുപാലിനോടും ആർ. രാജേന്ദ്രനോടും സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു. ഒറ്റവരി വിശദീകരണം മാത്രം നൽകിയ സുപാലിനോട് കൃത്യമായ വിശദീകരണം നൽകാൻ സംസ്ഥാന എക്സിക്യൂട്ടീവ് നിർദ്ദേശിച്ചു. രാജേന്ദ്രന്റെ വിശദീകരണം അംഗീകരിച്ചു. അടുത്ത എക്സിക്യൂട്ടീവ് വിഷയം ചർച്ച ചെയ്യും.
കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് സി.പി.എമ്മും സമരപരിപാടികൾ നടത്തുന്നത്. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സി.പി.എം നടത്തിയ കഴിഞ്ഞ രണ്ട് പ്രക്ഷോഭങ്ങളിലും ഇത് നല്ല നിലയിൽ പാലിക്കപ്പെട്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |