നടനായി എത്തിയ അജു വർഗീസ് ഇപ്പോൾ
നിർമാതാവിന്റെയും തിരക്കഥാകൃത്തിന്റെയും വേഷത്തിൽ
വിജയ വഴിയിൽ ആരുടെയൊക്കെ പിന്തുണയുണ്ടായിരുന്നു?
ഒമ്പത് വർഷത്തെ യാത്രയ്ക്കിടെ അനവധിപേരുടെ പിന്തുണയും സ്നേഹവും കരുതലുമൊക്കെ ഉണ്ടായിട്ടുണ്ട്.
ഞാൻ അഭിനയിച്ച സിനിമകൾ വിജയിച്ചാലും പരാജയപ്പെട്ടാലും ഒരു നടൻ എന്ന നിലയിൽ എനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. കാരണം ഓരോ സിനിമയും ഓരോ പാഠങ്ങളാണ്. ബോക്സോഫീസിന്റെ കണക്കിലാണ് എപ്പോഴും വിജയവും പരാജയവും തട്ടിച്ചു നോക്കുന്നത്.
ഞാൻ അഭിനയിച്ച ഓരോ സിനിമയുടെയും സംവിധായകർ , തിരക്കഥാകൃത്തുക്കൾ, അഭിനേതാക്കൾ തുടങ്ങി എല്ലാവരും എനിക്ക് വലിയ പിന്തുണയാണ് നൽകിയിട്ടുള്ളത്. അവരോടൊക്കെ അന്നും ഇന്നും എന്നും എനിക്ക് സ്നേഹവും ബഹുമാനവും മാത്രമേയുള്ളൂ.
അഞ്ച് മിനിട്ട് മാത്രമുള്ള ധാരാളം കഥാപാത്രങ്ങൾ
അഭിനയിച്ചിട്ടുണ്ടല്ലോ. അത് അജുവിനു ഗുണകരമായിരുന്നോ?
തീർച്ചയായും .എന്നെ വിളിച്ച എല്ലാ സംവിധായകരുടെയും സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. സീനിന്റെ വലിപ്പം നോക്കി ഇതുവരെയും ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. എന്നെ ആവശ്യമുള്ളവർ തീർച്ചയായും വിളിക്കും. ഞാൻ അഭിനയിച്ച സിനിമകൾ വിജയത്തിന്റെ മധുരവും പരാജയത്തിന്റെ കയ്പ്പും അറിഞ്ഞിട്ടുള്ളവയാണ്.
അഭിനേതാവ് എന്ന നിലയിൽ സ്വയം വിലയിരുത്തുന്നത് എങ്ങനെയാണ്?
ഞാൻ തുടങ്ങിയിട്ടല്ലേയുള്ളൂ. അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തുകയാണെങ്കിൽ ഒരു സാധാരണ അഭിനേതാവ് എന്ന് മാത്രമേ പറയാൻ കഴിയൂ. അഭിനയത്തിൽ ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്. ഞാൻ ഇഷ്ടപ്പെടുന്ന ഒരുപാട് സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ചിത്രത്തിൽ ഇനിയും അഭിനയിച്ചിട്ടില്ല. മികച്ച വേഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് പറയാം.
അജുവിനു കിട്ടുന്നതെല്ലാം കോമഡി വേഷങ്ങളാണല്ലോ.
വർഷത്തിൽ ഒന്ന് രണ്ടു സിനിമയിലെങ്കിലും ട്രാക്ക്
മാറ്റി പിടിക്കണമെന്ന് തോന്നിയിട്ടുണ്ടോ?
കോമഡി കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത് ഒരു കുറവായി കണ്ടിട്ടില്ല. ഒരു നടന് അഭിനയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് കോമഡി വേഷങ്ങളാണ്. അതിലൂടെയാണ് ഞാൻ പ്രേക്ഷക പ്രീതി നേടിയത്. വർഷത്തിൽ കുറച്ച് കോമഡി വേഷങ്ങളും കുറച്ച് സീരിയസ് വേഷങ്ങളും എന്ന ഒരു പ്രത്യേക പ്ളാനിൽ ഞാൻ പോയിട്ടില്ല. എന്നാൽ എന്റെ ഉള്ളിലെ പ്രതിഭയുടെ മേച്ചിൽപുറങ്ങൾ തേടുന്ന വൈവിദ്ധ്യമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത്തരം മേച്ചിൽപുറങ്ങളിൽ ഒരു പശുവിനെ പോലെ മേയാൻ എനിക്ക് ഒരുപാടിഷ്ടമാണ്.
നായകനാകാൻ മോഹമില്ലേ ?
സത്യസന്ധമായി പറഞ്ഞാൽ നായകനാവാൻ മോഹിച്ചിട്ടില്ല. ഞാൻ ചെയ്യുന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. രഞ്ജിത്ശങ്കർ സാറിന്റെ കമലയിൽ നായകനായി അഭിനയിച്ചു. നായകൻ എന്ന് പറയുന്നതിനെക്കാളും കമലയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നു കരുതാനാണ്
ഇഷ്ടം.
മലയാള സിനിമയിലെ പ്രമുഖ താരമായി . ഇപ്പോൾ നിർമ്മാതാവുംതിരക്കഥാകൃത്തും? ഈ വളർച്ച സ്വപ്നം കണ്ടിരുന്നോ?
ഒരിക്കലും സിനിമ സ്വപ്നം കണ്ടിരുന്നില്ല. യാദൃച്ഛികമായിട്ടാണ് സിനിമയിലേക്ക് വന്നത്. ഇപ്പോൾ സിനിമാ നിർമ്മാതാവ് ,തിരക്കഥാകൃത്ത് എന്ന നിലയിൽ വരെ എത്തിനിൽക്കുന്നു. എല്ലാം എങ്ങനെയൊക്കെയോ അങ്ങ് സംഭവിക്കുന്നുയെന്ന് പറയാനേ കഴിയൂ. ഇനിയും എന്തൊക്കെയോ സംഭവിക്കാൻ ഇരിക്കുന്നു.എല്ലാം നന്നായി പോകുന്നതിൽ സന്തോഷം.
ജേക്കബിന്റെ സ്വർഗരാജ്യത്തിൽ സഹസംവിധായകനായി? ഭാവിയിൽ സംവിധാനം പ്രതീക്ഷിക്കാമോ?
ഭാവിയിൽ എന്തൊക്കെ സംഭവിക്കുമെന്ന് പറയാൻ കഴിയില്ല. സഹസംവിധായകൻ ശ്രമകരമായ ജോലിയാണെന്ന് അറിയുന്നത് ജേക്കബിന്റെ സ്വർഗരാജ്യത്തിൽ പ്രവർത്തിച്ചതിന് ശേഷമാണ്. ശരീരംകൊണ്ടും മനസുകൊണ്ടും അത്രയേറെ പണിയെടുക്കേണ്ട ഒരു ജോലിയാണ് സംവിധാനം. വളരെയധികം കഠിനാദ്ധ്വാനവും ആത്മാർപ്പണവും ഉണ്ടെങ്കിലേ ഒരു മികച്ച സംവിധായകനായി നിലനിൽക്കാൻ കഴിയൂ.
നിർമ്മാണത്തിൽ സജീവമാകാനാണോ തീരുമാനം?
അങ്ങനെയൊന്നും ഇതു വരെ തിരുമാനിച്ചിട്ടില്ല . ഫൺ ടാസ്റ്റിക് സിനിമ എന്ന ബാനറിലാണ് ഞങ്ങൾ ലൗ ആക് ഷൻ ഡ്രാമ നിർമ്മിച്ചത്. നല്ല എന്റർടെയ്നിംഗ് ആയിട്ടുള്ള സബ്ജക്ട് കിട്ടിയാൽ ഭാവിയിലും സിനിമകൾ നിർമ്മിക്കും.
റിയലിസ്റ്റിക് അഭിനയം ഇപ്പോൾ ഒരു ട്രെൻഡ് ആണല്ലോ?
അതിൽ ഞാൻ ഉൾപ്പെടുമെന്ന് തോന്നുന്നില്ല. ഞാൻ അല്പം അതിഭാവുകത്വം കലർത്തി ഓവർ ആക്ട് ചെയ്യുന്നൊരു നടനാണ്. ഒന്ന് നല്ലതും മറ്റൊന്ന് മോശവുമാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ എനിക്ക് റിയലിസ്റ്റിക് രീതിയിൽ അഭിനയിക്കാൻ അറിയില്ല.നാട്ടുകാർ പലപ്പോഴും പറയുന്നയൊന്നാണ് നിനക്ക് സിനിമാക്കാരുടെ സ്വഭാവമാണെന്ന്.സിനിമാക്കാർക്ക് മാത്രമായി അങ്ങനെയൊരു സ്വഭാവമുണ്ടോ?സിനിമാക്കാർക്ക് മാത്രമായുള്ള പ്രത്യേക സ്വഭാവം എന്താണെന്ന് എനിക്ക് അറിയില്ല. പിന്നെ അങ്ങനെയൊരു സ്വഭാവം ഉണ്ടോ എന്ന് സിനിമാക്കാരനായ എനിക്ക് പറയാൻ കഴിയില്ലല്ലോ.
സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള യാത്ര ബോറടിപ്പിക്കാറുണ്ടോ?
ഒരിക്കലും ബോറടിപ്പിക്കാറില്ല. ഒരു സെറ്റിൽ നിന്ന് അടുത്ത സെറ്റിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന ഒരു തരം കൗതുകമുണ്ട്. എല്ലാ സെറ്റിലും മുൻപരിചയമുള്ള ഏതെങ്കിലും ചേട്ടന്മാർ ആയിരിക്കും നമ്മുടെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്. യാത്രകളിൽ ഇഷ്ടമുള്ള പാട്ടുകൾ കേൾക്കാറാണ് പതിവ്. പാട്ടും കേട്ട് കാഴ്ചകളും കണ്ടുള്ള പകൽ യാത്ര ശരിക്കും
ആസ്വാദിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |