നേട്ടങ്ങൾ ഏറ്റവും അവസാനം എത്തിച്ചേരുകയും കോട്ടങ്ങൾ ഏറ്റവും ആദ്യം ബാധിക്കുകയും ചെയ്യുന്ന ജനവിഭാഗമാണ് പാർശ്വവത്കരിക്കപ്പെട്ടവർ. ദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ പാർശ്വവത്കൃത ജനതയുടെ പരിച്ഛേദമാണ്. കോവിഡ് 19 സൃഷ്ടിച്ച സാമൂഹ്യ സാമ്പത്തിക അനിശ്ചിതത്വത്തിൽ
ദിവസക്കൂലിയെ ആശ്രയിച്ചുമാത്രം ജീവിക്കുന്നവരും സ്വന്തമായി ഭൂമിയും മൂലധനവുമില്ലാത്തവരും സമ്പന്നരെയും ഭൂവുടമകളെയും ആശ്രയിച്ചു ജീവിക്കുന്നവരുമായ തൊഴിലാളി വർഗത്തിന്റെ വരുമാന മാർഗം നിലച്ചത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലോക്ഡൗൺ കാരണമുള്ള വരുമാന നഷ്ടം ഏറ്റവും കൂടുതൽ ബാധിച്ചത് അസംഘടിത മേഖലയിലും താഴ്ന്ന തൊഴിൽ മേഖലകളിലും പണിയെടുക്കുന്ന പാർശ്വവത്കൃത ജനതയിലെ ബഹുഭൂരിപക്ഷത്തെയാണ്. അതിനാൽ അവർക്ക് പ്രത്യേക പരിഗണന അനിവാര്യമാണ്.
വിവേചനം കൊവിഡ് കാലത്തും
ഇൗ പകർച്ചവ്യാധിയുടെ കാലത്തും പാർശ്വവത്കൃതർ അവഗണനയും വിവേചനവും അടിച്ചമർത്തലുകളും അനുഭവിക്കേണ്ടിവന്നു. ഭക്ഷണമോ വെള്ളമോ കിടപ്പാടമോ ഇല്ലാതെ നൂറുകണക്കിന് കിലോമീറ്റർ കുട്ടികളും രോഗികളുമടക്കം കാൽനടയാത്ര നടത്തുന്ന ചിത്രങ്ങൾ ഇന്ത്യയിൽ വലിയൊരു വിഭാഗം ആഭ്യന്തര അഭയാർത്ഥികളായതിന്റെ നേർക്കാഴ്ചകളാണ്. ഗാർഹിക കുടിവെള്ള വിതരണത്തിനുള്ള കേന്ദ്ര പദ്ധതിയായ ജലജീവൻ മിഷനിൽ നിന്നും പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരെ ഒഴിവാക്കിയ ഗുജറാത്ത് സർക്കാരിന്റെ നടപടി വാർത്തയായിരുന്നു.
സംഘപരിവാറിന്റെ വർഗീയരാഷ്ട്രീയത്തിന് ബദലായി ഇന്ത്യയിൽ ഉയരുന്ന തൊഴിലാളിവർഗ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനും ഫെഡറലിസത്തെതന്നെ ചോദ്യം ചെയ്യാനുമുള്ള തീരുമാനങ്ങളാണ് കോവിഡിന്റെ മറവിൽ നടക്കുന്നത്. നിലവിലുള്ള മുപ്പത്തിയഞ്ചിലധികം തൊഴിൽ നിയമങ്ങൾ മൂന്നുവർഷത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ട് ഒാർഡിനൻസ് പുറപ്പെടുവിക്കാൻ ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ കൈക്കൊണ്ട തീരുമാനം ഉദാഹരണമാണ്. എട്ടുമണിക്കൂർ ജോലി, മിനിമം കൂലി തുടങ്ങി തൊഴിലാളിവർഗം ഐതിഹാസിക പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളാണ് പ്രതിഷേധിക്കാൻ പോലും അവസരം ലഭിക്കാത്ത പകർച്ചവ്യാധിക്കാലം മുതലെടുത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. വ്യവസായ ലോബികൾക്കുവേണ്ടി ചുരുങ്ങിയ ചെലവിൽ നിർബന്ധിത തൊഴിലാളികളെ സംഭാവന ചെയ്യാനാണിത്. സാമൂഹ്യനീതി നിഷേധവും ഭരണഘടനാമൂല്യങ്ങളുടെ ലംഘനവുമായ ഇൗ നടപടികൾ വരാനിരിക്കുന്ന മറ്റു തൊഴിലാളിവിരുദ്ധ നടപടികളുടെ സൂചനയാണ്.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാനെന്നോണം കേന്ദ്ര സർക്കാർ 'ആത്മനിർഭർ ഭാരത് അഭിയാൻ" എന്ന പേരിൽ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് മേയ് 13 മുതൽ 17 വരെ തീയതികളിൽ പ്രഖ്യാപിച്ചു. അഞ്ചുഭാഗങ്ങളിലായി നടത്തിയ പ്രഖ്യാപനങ്ങളിലൊന്നും പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പൊതുനിലപാട് സ്വീകരിച്ചതായി കാണുന്നില്ല. ജനസംഖ്യാനുപാതികമായി പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അർഹതപ്പെട്ട തുകപോലും മാറ്റിവയിക്കുന്നില്ല.
പട്ടിണിപ്പാവങ്ങളെ പ്രത്യേകമായി പരിഗണിക്കാതെ എല്ലാവർക്കുമൊപ്പം കാണുന്ന കേന്ദ്രനയം കൂടുതൽ അവഗണനയ്ക്കേ ഇടയാക്കൂ. ഇവരിൽ ബഹുഭൂരിപക്ഷവും സാമ്പത്തിക പാക്കേജിന് വെളിയിലുമാണ്. കോർപ്പറേറ്റുകൾക്ക് നേരിട്ട് സഹായം ലഭിക്കുന്നു എന്നല്ലാതെ സാധാരണ ജനങ്ങൾക്ക് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഒരു സഹായവും ലഭിക്കുന്നില്ല.
ചെറിയ കരാർ ജോലികൾ, വീട്ടുജോലികൾ, കൂലിപ്പണി, ശുചീകരണത്തൊഴിൽ മേഖലകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവരെ പാക്കേജിൽനിന്നും പൂർണമായി ഒഴിവാക്കി. പ്രധാനമന്ത്രി ഇ - വിദ്യ പ്രോഗ്രാം പോലെയുള്ള ഒാൺലൈൻ പഠനസങ്കേതങ്ങൾ വ്യാപിക്കുമ്പോൾ സാങ്കേതികവിദ്യ അന്യമായ പിന്നാക്ക ദളിത് ജനവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ പഠനം കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ അനിശ്ചിതത്വത്തിലാകുന്നു. ബദൽ സംവിധാനങ്ങളൊരുക്കി ഇക്കാര്യത്തിലും കേരളം വ്യത്യസ്തത പുലർത്തി.
ലോകമെമ്പാടും പാർശ്വവത്കരിക്കപ്പെട്ടവർക്ക് ഒരേ മുഖമാണ്. പാർശ്വവത്കരിക്കപ്പെട്ടവന്റെ ദുഃഖം, സഹനം എന്നിവ ശ്രദ്ധിക്കാൻ ലോകം മടിക്കുന്നു. അവരുടെ സംഭാവന വിലയിരുത്താൻ വിമുഖതയാണ്. ഇൗ മഹാമാരിയിലും അവരുടെ ദുഃഖത്തിന് നേരെ കണ്ണടയ്ക്കുന്നതിന്റെ നേർസാക്ഷ്യമാണ് അമേരിക്കയിൽ ജോർജ് ഫ്ളോയിഡ് എന്ന യുവാവിനെ വർണവെറിയനായ ഡെറക്ഷോവ് എന്ന പൊലീസുകാരൻ കാൽമുട്ടുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്നത്. ജോർജിയൻ തലസ്ഥാനമായ അറ്റ്ലാന്റയിൽ മകളുടെ പിറന്നാളാഘോഷം കഴിഞ്ഞ് കാറിൽ കിടന്നുറങ്ങിയ റെയ്ഷാർഡ് ബ്രൂക്സ് എന്ന കറുത്ത വർഗക്കാരനെ ഗാരെറ്റ് റോൾഫ് എന്ന വെള്ളക്കാരനായ പൊലീസ് വെടിവച്ചു കൊന്നതും ലോകം ഞെട്ടലോടെയാണ് കണ്ടത്.
മനുഷ്യനെ മനുഷ്യനായി കാണുന്ന സാമൂഹ്യ വ്യവസ്ഥയുടെ പ്രസക്തി മഹാമാരിയുടെ കാലത്ത് ലോകത്തിന് കൂടുതൽ ബോദ്ധ്യപ്പെട്ടെന്ന് കാണാം. കോവിഡ് 19 നെ ചെറുക്കാൻ സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ കാട്ടിയ അസാമാന്യ മികവുതന്നെ ഉദാഹരണം. ഇതേ പാതയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരും സ്വീകരിക്കുന്നത്. കേരള സർക്കാർ സ്വീകരിച്ച നടപടികൾ ലോകത്തിനുതന്നെ മാതൃകയാണെന്ന് വിലയിരുത്തപ്പെട്ടു. ഇതാണ് നാം മുന്നോട്ടുവയ്ക്കുന്ന ബദൽ. വിവേചനങ്ങളില്ലാത്ത കോവിഡാനന്തര ലോകത്തിനായി നമുക്ക് ഒന്നിക്കാം .
( ലേഖകൻ ദളിത് ശോഷൻ മുക്തിമഞ്ചിന്റെ (ഡി.എസ്.എം.എം) ദേശീയ പ്രസിഡന്റാണ്. )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |