കൊവിഡ് പശ്ചാത്തലത്തിൽ മറ്റിടങ്ങളിലെന്ന പോലെ കേരളത്തിലെ തൊഴിൽ മേഖലയിലും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയുണ്ടായി. നിർമ്മാണ മേഖലയെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. സേവന മേഖലകൾ ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ പടിപടിയായി കരകയറാൻ തുടങ്ങിയിട്ടുണ്ടെങ്കിലും നിർമ്മാണ മേഖല കടുത്ത വെല്ലുവിളിയിൽത്തന്നെയാണ്. മഹാമാരിക്കു മുൻപു തന്നെ ഈ മേഖല നിലനിന്നിരുന്നത് അന്യദേശ തൊഴിലാളികളെ ആശ്രയിച്ചാണ്. നിർമ്മാണ മേഖലയിൽ മാത്രമല്ല സകല തൊഴിൽ മേഖലകളിലും അവരുടെ സാന്നിദ്ധ്യം വളരെ പ്രകടമായിരുന്നു. സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് ഉയർന്ന തോതിലാണെങ്കിലും തൊഴിലെടുക്കാൻ സ്വദേശികൾ മുന്നോട്ടു വരാത്തത് മുൻപും ഇപ്പോഴും വലിയൊരു സാമൂഹ്യ യാഥാർത്ഥ്യമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂട്ടമായി തൊഴിലാളികൾ എത്തിയതും അവരുടെയെല്ലാം മോഹിപ്പിക്കുന്ന തൊഴിലിടമായി കേരളം മാറിയതും ഈ പശ്ചാത്തലത്തിലാണ്. നിർമ്മാണ കേന്ദ്രങ്ങളിൽ മാത്രമല്ല, പാടത്തും പുരയിടങ്ങളിലും തോട്ടങ്ങളിലും എന്നു വേണ്ട വീടുകളിലെ അടുക്കളകളിൽ പോലും കുറഞ്ഞ നാളുകൾ കൊണ്ട് അവർ അനിവാര്യരായി മാറി. മഹാമാരി ഓർക്കാപ്പുറത്തു കടന്നെത്തിയതോടെ എല്ലാം കീഴ്‌മേൽ മറിഞ്ഞ സ്ഥിതിയിലായി. കൊവിഡ് ഭീതിയിൽ പ്രവാസി തൊഴിലാളികൾ കൂട്ടത്തോടെ ജന്മനാടുകളിലേക്കു മടങ്ങിയത് സംസ്ഥാനത്തെ തൊഴിൽ രംഗത്ത് വലിയ ശൂന്യത സൃഷ്ടിച്ചിട്ടുണ്ടെന്നാണു സൂചനകൾ.
പതിനായിരക്കണക്കിനു മറുനാടൻ തൊഴിലാളികൾ പണിയെടുത്തിരുന്ന നിർമ്മാണ മേഖലയെയാണ് തൊഴിലാളികളുടെ കുറവ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. നിർമ്മാണ കരാർ ഏറ്റെടുത്തിരുന്ന കമ്പനികൾ പണി നീണ്ടുപോകുന്തോറും വേവലാതിയോടെ തൊഴിലാളികളെ സംഘടിപ്പിക്കാൻ ഓടിനടക്കുകയാണ്. തൊഴിലുണ്ടായിട്ടും തൊഴിലെടുക്കാൻ തയ്യാറാകാത്ത മലയാളിയുടെ അപകർഷബോധത്തിന്റെ ദർപ്പണം കൂടിയാണിത്. കഠിന ജോലികളിലേർപ്പെടാൻ അവർ തയ്യാറല്ല. ആയാസമില്ലാത്ത ഏതു പണിക്കും അവർ തയ്യാറാണുതാനും. ഏറ്റവുമധികം തൊഴിലാളികളെ ഉൾക്കൊള്ളുന്ന നിർമ്മാണ മേഖലയിൽ നിന്ന് സ്വദേശി തൊഴിലാളികൾ ഏതാണ്ട് ഒഴിഞ്ഞുകഴിഞ്ഞു. അവിടങ്ങളിലെല്ലാം അന്യദേശക്കാരാണ് ഇപ്പോൾ. ഭവന നിർമ്മാണം പോലുള്ള മേഖലകളിലേ നാട്ടുകാരായ തൊഴിലാളികളെ കാണാൻ കിട്ടൂ.
കൊവിഡിനെത്തുടർന്ന് ഉണ്ടായിരിക്കുന്ന തൊഴിലാളി ക്ഷേമത്തിന് പരിഹാരം കാണാൻ ഒരു പ്രയാസവുമില്ല. ഈ രംഗത്തേക്കു കടന്നുവരാൻ നാട്ടിലെ തൊഴിലാളികൾ തയ്യാറായാൽ മതി. മെയ്യനങ്ങാത്ത വെള്ളക്കോളർ ജോലി സ്വപ്നം കണ്ടു കഴിയുന്ന ലക്ഷക്കണക്കിനു പേർ ഇവിടെ ഉണ്ട്. ഉപരിപ്ളവമായ അഭിമാനബോധമാണ് ഇവരിലധികം പേരെയും തൊഴിലിടങ്ങളിൽ നിന്ന് അകറ്റിനിറുത്തുന്നത്. തൊഴിലിന്റെ മഹത്വം തിരിച്ചറിയാൻ മടിക്കുന്ന അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അദ്ധ്വാനം ഒട്ടും വേണ്ടാത്ത എത്ര ചെറുതെങ്കിലുമായ ഒരു ഓഫീസ് ജോലിയാണ് എല്ലാവരുടെയും ആഗ്രഹം. പതിറ്റാണ്ടുകളായി സമൂഹം മാന്യത കല്പിച്ചുപോരുന്നതും അതിനാണ്. കാലം മാറുകയും തൊഴിലില്ലായ്മ അതിഭീകരമായ സാമൂഹ്യവിപത്തായി മാറുകയും ചെയ്തിട്ടും ഈ മിഥ്യാബോധത്തിൽ നിന്നു പുറത്തുകടക്കാൻ കഴിയാത്തതാണ് സംസ്ഥാനം നേരിടുന്ന തൊഴിൽ പ്രതിസന്ധി എന്നു പറയാം.
തൊഴിലിന് ഏറ്റവുമധികം വേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. നിർമ്മാണ തൊഴിലാളിക്ക് വൈദഗ്ദ്ധ്യമനുസരിച്ച് ആയിരം രൂപ മുതലാണ് ദിവസ വേതനം. സഹായിക്കു പോലുമുണ്ട് എണ്ണൂറു മുതൽ തൊള്ളായിരം രൂപ വരെ പ്രതിഫലം. കരാർ തൊഴിലിടങ്ങളിൽ ഇത്രയൊന്നും ലഭിച്ചില്ലെങ്കിലും എല്ലാ ദിവസവും ജോലിയുള്ളതിനാൽ ആകർഷകമായ വരുമാനം ഉറപ്പാക്കാനാകും. ഇരുപതിനായിരമോ ഇരുപത്തയ്യായിരമോ പ്രതിമാസ വരുമാനം തരപ്പെടുമെങ്കിൽ സംസ്ഥാനത്തെ ആയിരക്കണക്കിനു കുടുംബങ്ങളുടെ ഉന്നമനത്തിന് എന്തുകൊണ്ട് അതു പ്രയോജനപ്പെടുത്തിക്കൂടാ? ഇവിടത്തെ തൊഴിൽരഹിതർ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി പാടുപെടുന്ന സർക്കാരിനു തന്നെ ഇതിനു വേണ്ടുന്ന സഹായ പദ്ധതികൾ ആവിഷ്കരിക്കാവുന്നതാണ്. തൊഴിൽ ആഗ്രഹിക്കുന്നവരെ ഉൾപ്പെടുത്തി ആപ്പുകൾ സജ്ജമാക്കിയാൽ തൊഴിലാളികളെ ആവശ്യമുള്ളവർക്ക് എളുപ്പത്തിൽ സേവനം നൽകാനാകും. വിദേശത്തു നിന്നു മടങ്ങുന്ന പ്രവാ സികൾക്കായി ഇതുപോലുള്ള സഹായ പോർട്ടലുകൾ ഒരുക്കാൻ ശ്രമം നടന്നതോർക്കുന്നു. സംസ്ഥാനം ഇപ്പോൾ നേരിടുന്ന രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടാനും ഇതുപോലുള്ള പുതു സംരംഭങ്ങളുമായി മുന്നോട്ടുവരണം. ഒരു തൊഴിലുമെടുക്കാതെ അലസതയിൽ കഴിയുന്ന യുവജനങ്ങൾ മണ്ണിലിറങ്ങി കഠിനമായി പണിയെടുക്കാൻ തയ്യാറായാൽ നാടിന്റെ മുഖച്ഛായ തന്നെ മാറും. സംസ്ഥാനത്ത് തൊഴിൽരഹിതരായി നിൽക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിനും എന്തെങ്കിലുമൊരു തൊഴിൽ നൽകാനുള്ള സാഹചര്യം ഇവിടെയുണ്ട്. ഏതു തൊഴിലിനും മാന്യതയുണ്ടെന്നു ബോദ്ധ്യപ്പെടണമെന്നു മാത്രം. അന്യദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികൾ സംസ്ഥാനത്തെ തൊഴിൽ മേഖല കൈയടക്കുന്നതിനു മുമ്പുള്ള കാലത്തും ഇവിടെ നിർമ്മാണം ഉൾപ്പെടെയുള്ള ജോലികൾ സുഗമമമായി നടന്നിരുന്നു. നാട്ടുകാർ തന്നെയാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. മറുനാടൻ തൊഴിലാളികൾ ഇപ്പോൾ മടങ്ങിയതിനെത്തുടർന്ന് പ്രതിസന്ധിയിലായ തൊഴിൽ മേഖലയ്ക്കു കരുത്തു പകരാൻ മലയാളികൾക്കു സാധിക്കും. അതിനു പാകപ്പെടുത്തിയ മനസ്സുണ്ടായിരുന്നാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |