മൂന്ന് മാസങ്ങൾക്ക് ശേഷം മഹാരാഷ്ട്രാ സർക്കാർ സലൂണുകൾക്കും ബ്യൂട്ടിപാർലറുകൾക്കും തുറക്കാനുള്ള അനുമതി നൽകിയിരിക്കുകയാണ്. ആ സന്തോഷം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ഒരു ബാർബർ. ഇടവേളയ്ക്ക് ശേഷം സലൂൺ തുറന്നപ്പോൾ ആദ്യമായെത്തിയ കസ്റ്റമറുടെ മുടിവെട്ടാൻ സ്വർണ്ണം കൊണ്ടുള്ള കത്രികയാണ് 52കാരനായ രംഭാവു സങ്ക്പാൽ ഉപയോഗിച്ചത്. മഹാരാഷ്ട്രയിലെ കോലാപുരിലാണ് സംഭവം.
കൊവിഡ് രൂക്ഷമായി വ്യാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലുള്ള സംസ്ഥാനം ജൂൺ 28 മുതൽ സലൂണുകൾക്കും പാർലറുകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാകാണം പ്രവർത്തനം എന്നാണ് നിർദേശം. മാർച്ച് അവസാനത്തോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ ചെറുകിട വ്യാപാരികൾക്കും, ബാർബർ ഷോപ്പ് ഉടമകള്‍ക്കും അടക്കം ആശ്വാസം പകരുന്നതായിരുന്നു പുതിയ തീരുമാനം. ഈ സന്തോഷം പ്രകടിപ്പിക്കാനാണ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മുടിവെട്ടിന് രംഭാവു സ്വർണ്ണകത്രിക തന്നെ തെരഞ്ഞെടുത്തത്.
ലോക്ക് ഡൗണിനെ തുടർന്ന് ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടത് ബാർബർമാരായിരുന്നു. ഇതിനെ മറികടക്കാനാകാതെ ചിലർ ജീവനൊടുക്കിയിരുന്നുവെന്നുമാണ് ഇയാൾ പറയുന്നത്. രംഭാവുവും മകനും ചേർന്നാണ് സലൂൺ നടത്തുന്നത്. പ്രതിസന്ധി ഘട്ടത്തെ ഒരുവിധത്തിൽ അതിജീവിച്ചുവെന്നും, ഇപ്പോൾ സർക്കാർ സലൂണുകൾക്ക് പ്രവർത്തനാനുമതി നൽകിയത് വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്നും ഇയാൾ പറയുന്നു.
സന്തോഷം പ്രകടിപ്പിക്കാനാണ് ഇത്തരത്തിൽ വ്യത്യസ്തമായ മാർഗം തെരഞ്ഞെടുത്തതെന്ന് രംഭാവു സങ്ക്പാൽ വ്യക്തമാക്കി. കഴിഞ്ഞ കുറേ വർഷത്തെ സമ്പാദ്യം മിച്ചം പിടിച്ചാണ് സ്വർണ്ണം കൊണ്ടുള്ള കത്രിക വാങ്ങിയത്. നവജാത ശിശുക്കളുടെ മുടി കളയൽ ചടങ്ങുകളിൽ സ്വർണ്ണ കത്രികയ്ക്ക് വലിയ ഡിമാൻഡാണെന്ന കാര്യവും ഇയാൾ പറയുന്നു. സർക്കാർ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഷോപ്പ് തുറക്കുന്നതെന്നും ബാർബർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |