ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തങ്ങളുടെ പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിവേചനം ചൂണ്ടിക്കാണിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ വിദ്യുത് ജംവാൽ. തിയേറ്റർ റിലീസ് നീണ്ടു പോകുന്ന സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയാണ് സിനിമാ ലോകം. കഴിഞ്ഞ ദിവസം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഏഴ് സിനിമകളാണ് പ്രഖ്യാപിച്ചത്. സൂപ്പർ താരങ്ങളുടെ സിനിമകൾക്കിടയിൽ തന്റെ സിനിമയെ തഴഞ്ഞതിനെതിരെയാണ് വിദ്യുത് രംഗത്ത് എത്തിയത്.
ഏഴ് സിനിമകളായിരുന്നു ഡിസ്നി പ്ലസ് പ്രഖ്യാപിക്കാനിരുന്നത്. എന്നാൽ അഞ്ച് സിനിമകളെ മാത്രമേ പരസ്യത്തിൽ ഉൾപ്പെടുത്തിയുള്ളൂ. 'വലിയ അറിയിപ്പാണ്. ഏഴ് സിനിമകളാണ് റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരുന്നത്. പക്ഷെ അഞ്ചെണ്ണത്തിന് മാത്രമേ പ്രഖ്യാപനത്തിന് അർഹതയുള്ളൂ. രണ്ട് സിനിമകൾക്ക് അറിയിപ്പോ ക്ഷണവുമില്ല. ഈ സൈക്കിൾ തുടരുകയാണ്'- എന്നായിരുന്നു വിദ്യുതിന്റെ ട്വീറ്റ്.
വിദ്യുതിന്റെ ഖുദാ ഹാഫിസ്, കൂണാൽ കേമുവിന്റെ ലൂട്ട്‌കേസ് എന്നീ ചിത്രങ്ങളും റിലീസിനുണ്ടായിരുന്നു. എന്നാൽ ഈ ചിത്രങ്ങളെ പരസ്യത്തിൽ നിന്നും തഴഞ്ഞു, താരങ്ങളെ പ്രഖ്യാപനത്തിനായി ക്ഷണിക്കുകയും ചെയ്തു. അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ്, അജയ് ദേവ്ഗണിന്റെ ഭൂജ്, ആലിയ ഭട്ടിന്റെ സഡക്ക് 2, അഭിഷേക് ബച്ചന്റെ ബിഗ് ബുൾ എന്നീ ചിത്രങ്ങളാണ് പരസ്യത്തിലിടം നേടിയത്. ഇവരെ പ്രഖ്യാപന വീഡിയോയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ പരോക്ഷമായി പ്രതികരിച്ച് കുണാലും രംഗത്ത് എത്തി. ബഹുമാനവും സ്‌നേഹവും ചോദിച്ച് വാങ്ങുകയല്ല നേടുകയാണ് വേണ്ടത്. നൽകിയില്ലെങ്കിൽ പിടിച്ചു പറിക്കാനാകില്ല. പക്ഷെ കളിക്കാൻ മൈതാനം എല്ലാവർക്കും തുല്യമായി നൽകണം. ഞങ്ങളും ഉയർന്നു ചാടുമെന്നായിരുന്നു കുണാലിന്റെ ട്വീറ്റ്. സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ വിവേചനം ഏറെ ചർച്ചയായിരുന്നു. എന്നാൾ ഇപ്പോഴും മാറാതെ ചിലതുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് പുതിയ വിവാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |